
അഗ്നിപർവ്വതങ്ങൾ എന്താണ് പുറന്തള്ളുക? പൊടിപടലങ്ങൾ, ചാരം, അഗ്നി, വതാകങ്ങൾ ചിലപ്പോഴൊക്കെ മണ്ണും ചളിയും. എന്നാൽ സ്വർണ്ണ പരലുകൾ പുറന്തള്ളുന്ന അഗ്നിപർവ്വതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു അഗ്നിപർവ്വതമുണ്ട്, അങ്ങ് അന്‍റാർട്ടിക്കയിലെ മൗണ്ട് എറിബസ്! അന്‍റാർട്ടിക്കയിലെ ആഴമേറിയ ഉൾക്കടലായ റോസ് കടലിലെ റോസ് ദ്വീപിൽ, ഭൂമിശാസ്ത്രപരമായി ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 1,350 കിലോമീറ്റർ അകലെയാണ് മൗണ്ട് എറെബസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപർവ്വതമായ ഇത്, ജ്വലിക്കുന്ന ലാവയുടെ ഒരു സ്ഥിര തടാകമാണ്. ഈ അഗ്നിപർവ്വത വായിൽ നിന്നും നിരന്തരം പുറന്തള്ളപ്പെടുന്ന വാതകത്തിൽ സ്ഫടിക രൂപത്തിലുള്ള മൂലക സ്വഭാവമുള്ള സ്വർണ്ണത്തിന്‍റെ സൂക്ഷ്മ കണികകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
Mount Erebus in Antarctica emits thousands of dollars worth of pure gold into the atmosphere daily.
Situated on Ross Island about 840 miles from the South Pole this volcano represents the southernmost active volcano on the planet.
Erebus already draws attention for its rare… pic.twitter.com/7z5v09yW3I— Massimo (@Rainmaker1973) July 2, 2026
3,794 മീറ്റർ (12,448 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥിരമായ ലാവാ തടാകങ്ങളിൽ ഒന്നാണിത്. 1991-ൽ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നതനുസരിച്ച്, എറിബസ് പ്രതിദിനം ഏകദേശം 80 ഗ്രാം (2.8 ഔൺസ്) സൂക്ഷ്മ സ്വർണ്ണ പൊടി പുറന്തള്ളുന്നു. ഇത് 1,000 കിലോമീറ്റർ വരെ, ഒരുപക്ഷേ അതിലും കൂടുതൽ ദൂരത്തേക്ക് വിതറുന്നു. ഇന്നുവരെ, കണ്ടെത്തിയതിൽ വച്ച് സ്വർണ്ണ കണികകൾ പുറന്തള്ളുന്ന ലോകത്തിലെ ഒരേയൊരു അഗ്നിപർവ്വതം ഇതാണ്. അതേസമയം ഹവായിയിലെ കിലാവിയ, ഇറ്റലിയിലെ എറ്റ്ന , അലാസ്കയിലെ അഗസ്റ്റിൻ, മെക്സിക്കോയിലെ എൽ ചിച്ചോൺ എന്നീ അഗ്നി പർവ്വതങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ രാസപരമായി സ്വർണ്ണത്തിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് വളരെ പരിമിതമാണ്. മാത്രമല്ല മൗണ്ട് എറിബസിലേത് പോലെ അവ സ്വതന്ത്രമായല്ല പുറന്തള്ളപ്പെട്ടതും. മൗണ്ട് എറിബസിന്‍റെ പ്രത്യേകത അതിന് ചുറ്റും തണുത്തുറഞ്ഞ മഞ്ഞ് പാളികളാണ് ഉള്ളതെന്നത് തന്നെ.
ലാവയിൽ നിന്ന് സ്വർണ്ണം പുറത്തെടുക്കുന്നത് ബാഷ്പീകൃതമായ ക്ലോറിൻ അടങ്ങിയ സംയുക്തങ്ങളിലാണ്. വാതകങ്ങൾ തണുക്കുമ്പോൾ, അന്‍റ്ർട്ടിക്ക് ഹിമത്തിൽ ഉറയ്ക്കുന്നതിന് മുമ്പ് ഈ സംയുക്തങ്ങളിൽ നിന്ന് സ്വർണ്ണം ക്രിസ്റ്റലൈസ് ചെയ്ത് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ഏറ്റവും വലിയ പ്രശ്നം വാതകത്തിൽ വളരെ കുറച്ച് സ്വർണ്ണം മാത്രമേ അടങ്ങിയിട്ടുണ്ടാകൂവെന്നതാണ്. ഗവേഷണ സംഘത്തിലെ അംഗവും ന്യൂ മെക്സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെ അഗ്നിപർവ്വത ശാസ്ത്രജ്ഞനുമായ ഫിലിപ്പ് കൈൽ മുന്നോട്ട് വയ്ക്കുന്നത്, സ്വർണ്ണം ലാവാ തടാകത്തിന്‍റെ ഉപരിതലത്തിലെ ഒരു പുറംതോടിൽ ക്രമേണ രൂപം കൊള്ളുകയും പിന്നീട് ഉയരുന്ന വാതകങ്ങൾ വഴി മുകളിലേക്ക് പറന്നുയരുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ, ഈ സിദ്ധാന്തം രൂപപ്പെട്ടിട്ട് ഇതിനകം 30 വർഷം കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും കൃത്യമായ ഒരു ഉത്തരത്തിലെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ്. കാര്യമെന്താണെങ്കിലും ഇന്നും മൗണ്ട് എറിബസ് സ്വർണ്ണ പരലുകൾ ആകാശത്തേക്ക് അതും 1,000 കിലോമീറ്റർ ദൂരത്തേക്ക് വരെ പുറന്തള്ളുന്നത് തുടരുന്നു.