കൊവിഡ് കാലത്തെ ഹീറോ, ഓക്സിജൻ സിലിണ്ടറും മരുന്നുകളുമായി യുവാവ് സഞ്ചരിക്കുന്നത് കിലോമീറ്ററുകൾ

By Web TeamFirst Published Jan 16, 2022, 7:00 AM IST
Highlights

കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന് കൊവിഡ് വന്നുവെങ്കിലും സുഖപ്പെട്ട ഉടനെ അദ്ദേഹം തിരികെ തന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് വന്നു. 

കൊവിഡ്(COVID) കാലം നമുക്ക് പല നല്ല മനുഷ്യരേയും കാട്ടിത്തന്ന കാലമാണ്. അതിലൊരാളാണ് സുന്ദര്‍ബനിൽ(Sundarbans) നിന്നുള്ള സൗമിത്ര മണ്ഡലും(Soumitra Mandal). പശ്ചിമ ബംഗാളിലെ ഗോസബ ബ്ലോക്കിലെ വിദൂരദ്വീപുകളിൽ ഈ 29 -കാരന്‍ ഒരു രക്ഷകനും നായകനുമാണ്. 2020 -ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ, അദ്ദേഹം ഒരു ഒറ്റയാൾ സൈന്യമായി പ്രവര്‍ത്തിക്കുകയാണ്. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരിടത്തേക്ക് സൈക്കിളിൽ സഞ്ചരിച്ചു കൊണ്ട് ആളുകൾക്ക് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും നൽകുന്നു അദ്ദേഹം.

“ഗോസബ ബ്ലോക്കിലെ ഒമ്പത് ദ്വീപുകൾക്കും കൂടി ഒരു ആശുപത്രി മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ അടിയന്തര ഘട്ടങ്ങളിൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ ആളുകൾ കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ പാടുപെടുന്നത് ഞാൻ കണ്ടു. അങ്ങനെ ഞാൻ എൻജിഒകൾ വഴി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, മരുന്നുകൾ എന്നിവ ക്രമീകരിക്കാനും ആവശ്യമുള്ള ആളുകൾക്ക് സഹായം നൽകാനും തുടങ്ങി” സൗമിത്ര ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.

നിരവധി എൻജിഒകളും സാമൂഹ്യക്ഷേമ സംഘടനകളും തനിക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും മരുന്നുകളും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “മുക്തി, കിശാലയ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ എനിക്ക് രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി. ചില സാമൂഹിക പ്രവർത്തകർ എനിക്ക് കുറച്ച് ഓക്സിജൻ സിലിണ്ടറുകൾ തന്നു. സിലിണ്ടറുകൾ ഭാരമുള്ളതിനാൽ എന്റെ സൈക്കിളിൽ കൊണ്ടുപോകാൻ പ്രയാസമാണ്. ഞാൻ ദിവസവും ദീർഘദൂരം സവാരി ചെയ്യാറുണ്ട്, ദ്വീപുകൾ താണ്ടി വിദൂര ഗ്രാമങ്ങളിലെത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കും” സൗമിത്ര പറയുന്നു.

പ്രമേഹരോഗിയായിരുന്നിട്ടും, സൗമിത്ര തന്റെ ആരോഗ്യം അപകടത്തിലാക്കിക്കൊണ്ട് കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിൽ പോലും ആളുകളെ സഹായിക്കാൻ പുറപ്പെട്ടു. രോഗികളുടെ അവസ്ഥ മനസിലാക്കിയതിന് ശേഷമാണ് താൻ മരുന്നുകൾ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു, 'രോഗികൾക്ക് മരുന്നുകൾ നൽകുന്നതിന് മുമ്പ് ഞാൻ എല്ലായ്പ്പോഴും ഫോണിൽ ഡോക്ടറെ വിളിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഞാൻ പ്രവർത്തിക്കുകയുള്ളൂ.'

എൻജിഒ -കളിൽ നിന്ന് സഹായം ലഭിക്കുന്നതിന് പുറമെ, പ്രാദേശിക ഭരണകൂടവും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. "ഗോസബ ബ്ലോക്ക് ഉദ്യോഗസ്ഥർ എന്റെ ജോലിയിൽ എന്നെ സഹായിക്കുന്നു, കൂടാതെ ദ്വീപുകളിലുടനീളം എന്റെ യാത്ര സൗജന്യമാക്കുന്നതിന് സാമ്പത്തിക സഹായം പോലും നൽകി" അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന് കൊവിഡ് വന്നുവെങ്കിലും സുഖപ്പെട്ട ഉടനെ അദ്ദേഹം തിരികെ തന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് വന്നു. ദാരിദ്ര്യം കൊണ്ട് കുട്ടിക്കാലത്ത് വീട്ടില്‍ നിന്നിറങ്ങേണ്ടി വരികയും ബന്ധുക്കളുടെ വീട്ടില്‍ നിന്ന് പഠിക്കേണ്ടി വരികയും ചെയ്ത ആളാണ് സൗമിത്ര. പിന്നീട്, ബിരുദവും ബിഎഡ്ഡും പൂര്‍ത്തിയാക്കി. 

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഗോസബയിലെയും ജന്മഗ്രാമത്തിലെയും ദ്വീപായ ബാലിയിലേക്ക് മടങ്ങി, പ്രാദേശിക സർക്കാർ സ്കൂളിൽ ഭൂമിശാസ്ത്രത്തിൽ പാർട്ട് ടൈം അധ്യാപകനായി ജോലി ചെയ്തു. “അധ്യാപനം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അത് എപ്പോഴും എന്റെ അഭിനിവേശമാണ്, എന്റെ സ്വന്തം ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു” അദ്ദേഹം പറയുന്നു. അതേ വര്‍ഷം തന്നെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളെ കോളേജിലും സ്കൂളിലും പ്രവേശനം നേടാനും വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടാനും സഹായിച്ചു. 

2019 -ൽ സർക്കാർ ആ ഒഴിവിലേക്ക് സ്ഥിരനിയമനം നൽകിയപ്പോള്‍ സൗമിത്രയ്ക്ക് ജോലി നഷ്ടപ്പെട്ടു. “എനിക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഞാൻ അൽപ്പം നിരാശനായിരുന്നു. പക്ഷേ, അത് എന്നെ പഠിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. ഞാൻ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്നത് തുടർന്നു” സൗമിത്ര കൂട്ടിച്ചേർക്കുന്നു.

കൊവിഡ് വന്നപ്പോഴാണ് ഓക്സിജനുമായി യാത്ര തുടങ്ങിയത്. രാജ എന്നാണ് അവിടെ എല്ലാവരും അദ്ദേഹത്തെ അറിയുന്നത്. എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ അവര്‍ അദ്ദേഹത്തെ വിളിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാന്‍ എന്താണ് പ്രേരണയായത് എന്ന് ചോദിച്ചപ്പോള്‍ സ്വന്തം സ്ഥലം സ്കൂള്‍ പണിയാനായി വിട്ടുകൊടുത്ത മുത്തച്ഛനും മറ്റുള്ളവരെ സഹായിക്കാനായി തയ്യാറാവാറുള്ള അച്ഛനും എന്നാണ് ഉത്തരം. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!