
ശ്രീലങ്കയിൽ നിന്നുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റർ(Sapphire cluster) ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ(Guinness Book of World Records) ഇടം നേടി. "സെറൻഡിപിറ്റി സഫയർ" എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രനീലക്കല്ലിന് 300 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. 2021 ജൂലൈയിലാണ് ഇത് കണ്ടെത്തിയത്.
സ്വിറ്റ്‌സർലൻഡിലെ ഗുബെലിൻ ജെം ലാബ് ഇതിനെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ക്ലസ്റ്ററായി സാക്ഷ്യപ്പെടുത്തി. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 100 കിലോമീറ്റർ തെക്കുകിഴക്കായി രത്നങ്ങളാൽ സമ്പന്നമായ രത്നപുര പ്രദേശത്തെ ഒരു രത്നവ്യാപാരിയുടെ വീട്ടിൽ കിണർ കുഴിക്കുന്ന തൊഴിലാളികളാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. 2021 ഡിസംബറിൽ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു കൂട്ടം ബുദ്ധ സന്യാസിമാർ രത്നത്തിന് അനുഗ്രഹം നൽകിയിരുന്നു.
രത്നങ്ങളാൽ സമ്പന്നമായ പ്രദേശമാണ് രത്നപുര, അവിടെ താമസക്കാർ മുമ്പ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചില രത്നങ്ങൾ ആകസ്മികമായി കണ്ടെത്തിയിരുന്നു. ഈ പ്രദേശം ശ്രീലങ്കയുടെ രത്നതലസ്ഥാനം എന്നും അറിയപ്പെടുന്നു, കൂടാതെ ഇന്ദ്രനീലക്കല്ലിന്റെയും മറ്റ് വിലയേറിയ രത്നങ്ങളുടെയും കയറ്റുമതിയും ഇവിടെ നടക്കുന്നു.
അഞ്ച് മാസം മുമ്പ് ഇത് കണ്ടെത്തിയതുമുതൽ, പല അന്താരാഷ്ട്ര ഏജൻസികളും ഇത് സർക്കാരിൽ നിന്ന് വാങ്ങാൻ താൽപ്പര്യം കാണിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്ലൂ സഫയർ ക്ലസ്റ്ററിനായി 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത ദുബായ് ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ച നടത്തുകയാണെന്ന് ശ്രീലങ്കൻ സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു.
ഉയർന്ന വിലയ്ക്ക് ലേലം ചെയ്യാൻ സർക്കാർ ആഗ്രഹിച്ചതിനാൽ അവർ ധാരണയിലെത്തിയില്ല. നിലവിൽ സ്വിറ്റ്‌സർലൻഡിലുള്ള ക്ലസ്റ്റർ ലേലത്തിനായി ഇത് ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഈ ആഗോളതലത്തിലുള്ള അംഗീകാരം അതിന് കൂടുതൽ തിളക്കവും വിലയും നൽകുമെന്ന് ഉറപ്പാണ്.