
ഇന്ത്യക്കാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യൂണിക് ഐഡന്‍റിഫിക്കേഷന്‍ നമ്പറാണ് ആധാര്‍ (Aadhaar). എന്നാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മനുഷ്യരുടെതല്ലാത്ത ആധാര്‍ കാര്‍ഡുകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഗ്വാളിയോറിലെ ദാബ്ര പട്ടണത്തിൽ നിന്നും ഒരു നായയുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് കണ്ടെത്തി. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസം നിറഞ്ഞു.
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആധാർ കാർഡിൽ നായയുടെ പേര്, പിതാവിന്റെ പേര്, ജനനത്തീയതി എന്നിവയുണ്ടായിരുന്നു. ടോമി ജയ്‌സ്വാൾ എന്നാണ് നായയുടെ പേര്. കൈലാഷ് ജയ്‌സ്വാളിന്‍റെ മകനാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. 2010 ഡിസംബർ 25 -നാണ് ജനിച്ചത്. മാത്രമല്ല നായയുടെ വിലാസമായി നാഗർ പാലികയിലെ വാർഡ് നമ്പർ 1, സിമാരിയ താൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡിൽ ടോമി ജയ്സ്വാളിന്‍റെ ആധാര്‍ നമ്പര്‍ 070001051580 എന്നാണെന്നും വ്യക്തമാക്കിയിരിക്കുന്നു.
ഏറെ വിചിത്രമായ ഈ ആധാർ കാർഡ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ തോതിൽ ചർച്ചയാവുകയും ചെയ്തതോടെ ബന്ധപ്പെട്ട അധികൃതർ ആധാർ കാർഡിന്‍റെ യാഥാർത്ഥ്യത്തെക്കുറിച്ച് അന്വേഷണം നടത്തി. തുടർന്ന് നായയുടെ ചിത്രത്തോട് കൂടി പ്രചരിക്കുന്ന 'ആധാർ കാർഡ്' വ്യാജമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കളക്ടർ രുചിക ചൗഹാന്‍റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പോർട്ടൽ പരിശോധിച്ചപ്പോൾ അത്തരമൊരു ആധാർ രേഖ നിലവിലില്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആധാർ കാർഡ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നവരെ കുറിച്ച് അന്വേഷിക്കാനും ഇത്തരം കേസുകളില്‍ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാനും കളക്ടർ രുചിക ചൗഹാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വ്യാജ ആധാർ കാർഡ് നിർമ്മിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പിന്നിൽ പ്രവർത്തിച്ചവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും കളക്ടർ രുചിക ചൗഹാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.