നിർഭയ കേസ് പ്രതികൾ തിഹാർ ജയിലിൽ ജോലിചെയ്‍ത് സമ്പാദിച്ചത് ഒന്നേകാൽ ലക്ഷത്തിലധികം രൂപ

By Web TeamFirst Published Jan 16, 2020, 9:43 AM IST
Highlights

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത, നിർഭയ കേസിലെ നാല് പ്രതികൾ തടവുപുള്ളികളായി തിഹാർ ജയിലിൽ കഴിച്ചുകൂട്ടിയ കഴിഞ്ഞ ഏഴുവർഷം കൊണ്ട് സമ്പാദിച്ച പണത്തിന്റെ കണക്കുകളാണ്. എൻഡിടിവി റിപ്പോർട്ടുകൾ പ്രകാരം, നാലുപേരും കൂടി, മുകേഷ്, പവൻ, വിനയ്, അക്ഷയ് എന്നിവർ ചേർന്ന്, കഴിഞ്ഞ ഏഴുവർഷത്തിനിടെ സമ്പാദിച്ചത് ഒന്നേകാൽ ലക്ഷത്തിനു മുകളിലാണ്. കൃത്യമായി പറഞ്ഞാൽ, 1,37,000 രൂപ. 

2012 -ലെ കുപ്രസിദ്ധമായ നിർഭയ ബലാത്സംഗ-കൊലപാതകക്കേസ്. ദില്ലിയിലെ പട്യാല കോടതി ജനുവരി ഏഴാം തീയതി നാലുപ്രതികളുടെയും മരണവാറണ്ട് പുറപ്പെടുവിച്ചു. ജനുവരി 22 എന്ന് തൂക്കിലേറ്റാനുള്ള തീയതിയും നിശ്ചയിച്ചു. സുപ്രീം കോടതി അതിനിടെ ക്യൂറേറ്റിവ് പെറ്റീഷൻ തള്ളി. എന്നാൽ, മുൻനിശ്ചയിച്ച പോലെ 22 -ന് തൂക്കിലിടാൻ സാധിച്ചേക്കില്ലെന്ന് ദില്ലി ഗവൺമെണ്ടും ആഭ്യന്തരമന്ത്രാലയവും കോടതിയെ അറിയിച്ചു കഴിഞ്ഞു. കാരണമോ? മുകേഷ് എന്ന പ്രതി രാഷ്ട്രപതിയുടെ സമക്ഷത്തിൽ സമർപ്പിച്ച ദയാഹർജിയുടെ തീരുമാനം ഇനിയും വന്നിട്ടില്ല എന്നതുതന്നെ. തിഹാർ ജയിൽ ചട്ടങ്ങൾ പ്രകാരം ദയാഹർജി നല്കിക്കഴിഞ്ഞാൽ അത് വധശിക്ഷാ തീയതിക്കുമേൽ സ്വയമേവ സ്റ്റേ ആയി മാറും. ഏതെങ്കിലും ഒരു പ്രതി ദയാഹർജി സമർപ്പിച്ചാൽ പോലും അത് മറ്റുള്ളവരുടെ വധശിക്ഷ പോലും നീട്ടിവെക്കപ്പെടാൻ കാരണമാകും.  ജനുവരി 22 അല്ലെങ്കിൽ രാഷ്‌ട്രപതി ദയാഹർജിയുടെ കാര്യത്തിൽ ഒരു തീരുമാനം അറിയിച്ചശേഷം അടുത്ത ഒരു തീയതി. എന്തായാലും, രാഷ്‌ട്രപതി ഇക്കാര്യത്തിൽ പ്രതികൾക്ക് അനുകൂലമായ ഒരു തീരുമാനം എടുക്കാനുള്ള സാധ്യത കുറവാണ്. വധശിക്ഷ നടപ്പിലാക്കുന്നത് അധികം നീളാനും.

നിർഭയ കേസിൽ തൂക്കുകയർ കാത്തുകിടക്കുന്ന നാലുപ്രതികളെയും പാർപ്പിച്ചിരിക്കുന്നത് തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടങ്കൽപാളയമായ തിഹാർ ജയിലിൽ ആണ്. തിഹാർ 'ആശ്രമം' എന്നും ഈ ജയിൽ അറിയപ്പെടുന്നു. ന്യൂഡൽഹിയ്ക്ക് പടിഞ്ഞാറ് മാറിയാണ് ഈ ജയിൽ. പഞ്ചാബ് സംസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന തിഹാർ ജയിൽ 1966 -ലാണ് ഡൽഹിയുടെ നിയന്ത്രണത്തിലേക്ക് പ്രവർത്തനം മാറ്റിയത്. കിരൺബേദി ഐപിഎസ് എന്ന പൊലീസ് ഓഫീസർ തിഹാർ ജയിലിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആയിരിക്കുമ്പോഴാണ് ഈ ജയിൽ സമൂലമായ മാറ്റങ്ങൾക്ക് വിധേയമായത്. നിരവിധി പരിഷ്‌കാരങ്ങൾ ബേദി ഈ ജയിലിൽ കൊണ്ടുവന്നിരുന്നു അന്ന്. പണ്ട് അക്രമത്തിനും പീഡനങ്ങൾക്കും മാത്രം കുപ്രസിദ്ധമായിരുന്ന തിഹാർ ജയിൽ ഇന്ന് കാണുന്ന രീതിയിലേക്ക് വളർന്നുവന്നതിനു പിന്നിൽ കിരൺ ബേദിയാണ്. രാജ്യത്തിന് ഒരു ഐപിഎസ് ഓഫീസറെ സംഭാവന ചെയ്തിട്ടുള്ള ഏക ജയിലും തിഹാറാണ്.

ഒരു തിരുത്തൽ സ്ഥാപനം എന്ന നിലയിലാണ് തിഹാർ ജയിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. പലകുറ്റങ്ങളുടെയും പേരിൽ ശിക്ഷിക്കപ്പെട്ട് ഇവിടെ കാലം കഴിക്കേണ്ടി വരുന്ന അന്തേവാസികളെ അവരുടെ ഭാവിജീവിതത്തെ പ്രയോജനപ്പെട്ടേക്കാവുന്ന പല സാങ്കേതിക തൊഴിലുകളും ഇവിടെ അഭ്യസിപ്പിക്കാറുണ്ട്. ആ പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞാൽ, ജയിലിനുള്ളിൽ തന്നെ അവർക്ക് അതാത് തൊഴിലുകൾ ചെയ്യാനും, പുറത്തിറങ്ങുമ്പോൾ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ചെയ്യുന്ന ജോലിക്ക് നിശ്ചിതമായ ഒരു വരുമാനം ആർജ്ജിക്കാനുമുള്ള സംവിധാനം തിഹാറിൽ ഉണ്ട്. തിഹാർ ജയിലിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ നിർമിക്കപ്പെടുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത് ടിജെ'സ് (Tihar Jail's) എന്ന പേരിലാണ്. ഇവിടെ ഇപ്പോൾ ആകെയുള്ളത് 12000 -ൽ പരം പുള്ളികളാണ്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത, നിർഭയ കേസിലെ നാല് പ്രതികൾ തടവുപുള്ളികളായി തിഹാർ ജയിലിൽ കഴിച്ചുകൂട്ടിയ കഴിഞ്ഞ ഏഴുവർഷം കൊണ്ട് സമ്പാദിച്ച പണത്തിന്റെ കണക്കുകളാണ്. എൻഡിടിവി റിപ്പോർട്ടുകൾ പ്രകാരം, നാലുപേരും കൂടി, മുകേഷ്, പവൻ, വിനയ്, അക്ഷയ് എന്നിവർ ചേർന്ന്, കഴിഞ്ഞ ഏഴുവർഷത്തിനിടെ സമ്പാദിച്ചത് ഒന്നേകാൽ ലക്ഷത്തിനു മുകളിലാണ്. കൃത്യമായി പറഞ്ഞാൽ, 1,37,000 രൂപ. ഇക്കൂട്ടത്തിൽ മുകേഷ് ജയിലിൽ കൂലിപ്പണി ഒന്നും എടുക്കില്ല എന്ന വാശിയിൽ ആയിരുന്നു. ഇയാൾ തന്നെയാണ് ഇപ്പോൾ ദയാഹർജിയും സമർപ്പിച്ചിട്ടുള്ളത്. മറ്റു മൂന്നുപേരും ഇവിടെ കഴിച്ചുകൂട്ടിയ ഏഴുവർഷവും കിട്ടിയ അവസരം മുതലെടുത്ത് ജോലികളിൽ ഏർപ്പെട്ടിരുന്നു. അക്ഷയ് സമ്പാദിച്ചത് 69,000 രൂപയാണ്. വിനയ് 39,000 രൂപയും, പവൻ 29,000 രൂപയും സമ്പാദിച്ചു.

2019 -ൽ പവൻ പത്താംക്ലാസിൽ വെച്ച് മുടങ്ങിപ്പോയ പഠനം തുടരാൻ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും കൊല്ലപ്പരീക്ഷ കടന്നുകൂടാൻ പറ്റിയില്ല. പ്ലസ്ടു കഴിഞ്ഞിട്ടുള്ള വിനയ് തന്റെ ബിരുദപഠനവും തുടങ്ങിവെച്ചിരുന്നു എങ്കിലും അയാൾക്കും പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ല.

നാലു തടവുപുള്ളികളും ചേർന്ന് ജയിലിനുള്ളിൽ നിയമങ്ങളും പലകുറി ലംഘിച്ചിട്ടുണ്ട്. ആകെ നിയമലംഘനങ്ങൾ 23 എണ്ണം. വിനയ് ആണ് ലംഘനങ്ങളിൽ മുന്നിൽ 11 തവണ. എട്ടു ലംഘനങ്ങളുമായി പവൻ രണ്ടാമതെത്തി. മൂന്നുവട്ടം ലംഘിച്ചതിന് മുകേഷിനും, ഒരു പ്രാവശ്യം ലംഘിച്ചതിന് അക്ഷയിനും ജയിൽ അധികൃതർ ശിക്ഷ നൽകിയിട്ടുണ്ട്.

എന്തായാലും, രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ എന്ന് നടപ്പിലാക്കും എന്ന കാര്യത്തിൽ ഒരു തീരുമാനമുണ്ടാകൂ. 

click me!