Oldest person ever : ചൈനയില്‍ 135 -കാരി മരിച്ചു, ഈ ലോകത്തേറ്റവും കാലം ജീവിച്ച സ്ത്രീ?

Published : Dec 23, 2021, 01:09 PM IST
Oldest person ever : ചൈനയില്‍ 135 -കാരി മരിച്ചു, ഈ ലോകത്തേറ്റവും കാലം ജീവിച്ച സ്ത്രീ?

Synopsis

സ്ത്രീക്ക് 135 വയസ്സുണ്ടെന്ന് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നുവെങ്കിലും അവരുടെ പ്രായം അന്താരാഷ്ട്രതലത്തിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു. ലോകത്തിലെ തന്നെ ഇതുവരെ ജീവിച്ചിരുന്നവരിലേറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവരെന്ന് കരുതുന്നു. 135 വയസായിരുന്നു ഇവര്‍ക്ക്. എന്നാല്‍, ഔദ്യോഗികരേഖകള്‍ പ്രകാരം ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി സ്ഥിരീകരിച്ചിട്ടില്ല. 

വടക്ക്-പടിഞ്ഞാറൻ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിലെ ഷൂലെ കൗണ്ടിയിലെ കൊമുക്സെറിക്കി(Komuxerik)ൽ നിന്നുള്ള അലിമിഹാൻ സെയ്തി(Alimihan Seyiti)യാണ് ഡിസംബർ 16 -ന് മരിച്ചത്. കൗണ്ടിയിലെ പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് വിവരം അനുസരിച്ച്, 1886 ജൂൺ 25 -ന് ക്വിംഗ് രാജവംശത്തിന്റെ കാലത്താണ് സെയ്തി ജനിച്ചത്. ഇത് ശരിയാണെങ്കില്‍ അന്തര്‍ദേശീയതലത്തില്‍ അംഗീകരിച്ചിട്ടില്ലെങ്കിലും അവരാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന് കണക്കാക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

17 വയസ്സുള്ളപ്പോൾ 1903 -ലാണ് അവര്‍ വിവാഹിതയായത്. പിന്നീട് ഭർത്താവിനൊപ്പം ഒരു മകനെയും മകളെയും ദത്തെടുത്തു, തുടർന്ന് 43 പേരക്കുട്ടികളും കൊച്ചുമക്കളും ജനിച്ചു. 1976 -ൽ അവരുടെ ഭര്‍ത്താവ് അന്തരിച്ചു. ചൈനയിലെ ജെറന്റോളജി ആൻഡ് ജെറിയാട്രിക്‌സ് അസോസിയേഷൻ 2013 -ൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൗരനാണ് ഇവരെന്ന് റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ ആഴ്‌ച മരിക്കുന്നതുവരെ, ഇവര്‍ ലളിതമായ ജീവിതം നയിച്ചിരുന്നതായും എല്ലായ്‌പ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും തന്റെ കൊച്ചുമക്കളെ നോക്കാൻ സഹായിക്കുകയും തന്‍റെ പൂന്തോട്ടത്തിലിരുന്ന് സൂര്യപ്രകാശമേൽക്കുകയും ചെയ്‌തതായി പറയുന്നു. എന്നാല്‍, നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്ന പ്രദേശത്തെ ഒരേയൊരു വ്യക്തിയല്ല ഇവര്‍. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക നിവാസികൾ കൊമുക്സെറിക്കിനെ 'ദീർഘായുസ്സ് ഉള്ള നഗരം' എന്ന് വിളിക്കുന്നു. മിക്കവര്‍ക്കും ഇവിടെ 90 -ലധികം വയസ് പ്രായമുണ്ട്. 

പ്രാദേശിക ഗവൺമെന്റ് സൗജന്യ വാർഷിക പരിശോധനകളും ഹോം ഡോക്ടർ സേവനവും 60 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍ നൽകുന്നതുമെല്ലാം ഇവിടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കുകയും കൂടുതല്‍ കാലം ജീവിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുമെന്ന് കരുതുന്നു. 

സ്ത്രീക്ക് 135 വയസ്സുണ്ടെന്ന് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നുവെങ്കിലും അവരുടെ പ്രായം അന്താരാഷ്ട്രതലത്തിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനാല്‍ തന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇപ്പോഴും ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രായം ജീവിച്ചിരിക്കുന്ന വ്യക്തിയായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ഫ്രാന്‍സില്‍ നിന്നുള്ള ജീന്‍ കാള്‍മെന്‍റാണ്. 1997 -ല്‍ മരിക്കുമ്പോള്‍ അവര്‍ക്ക് 122 വയസായിരുന്നു. 

മകളെയും പേരക്കുട്ടിയെയുംകാള്‍ കൂടുതല്‍ അവര്‍ ജീവിച്ചിരുന്നുവെന്ന് സെൻസസ് വിവരങ്ങൾ കാണിക്കുന്നു. കൂടാതെ, അവളുടെ കുടുംബത്തിലെ മറ്റ് ആളുകൾ ശരാശരിക്ക് മുകളിൽ പ്രായമുള്ളവരായി അറിയപ്പെടുന്നു. അവളുടെ സഹോദരൻ 97 വയസ് വരെയും അവളുടെ പിതാവ് 93 വയസ് വരെയും അമ്മ 86 വയസ് വരെയും ജീവിച്ചിരുന്നു. 

ജപ്പാൻ സ്വദേശി കെയ്ൻ തനകയാണ് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്നാണ് സ്ഥിരീകരിച്ച വിവരം. ജനുവരി 2 -ന് 119 വയസ്സ് തികയുന്നു. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!