Tiananmen Square statue : ഹോങ്കോങ് സർവകലാശാലയിലിനി ടിയാനൻമെൻ സ്‌ക്വയർ ശിൽപമില്ല, മാറ്റിയത് രാത്രിയിൽ രഹസ്യമായി

By Web TeamFirst Published Dec 23, 2021, 10:33 AM IST
Highlights

ശിൽപം നീക്കം ചെയ്തത് 'ശരിക്കും ക്രൂരമാണ്' എന്ന് ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്ന ഡാനിഷ് ശിൽപി പറഞ്ഞു. 'ഇത് 89 -ൽ ബെയ്‍ജിംഗിൽ മരിച്ചവരെ കുറിച്ചുള്ള ഒരു ശിൽപമാണ്. അതിനാൽ നിങ്ങൾ ഇത് നശിപ്പിക്കുമ്പോൾ, അത് ഒരു ശ്മശാനത്തിൽ പോയി എല്ലാ ശവക്കുഴികളും നശിപ്പിക്കുന്നതിന് തുല്യമാണ്' എന്നും ശിൽപിയായ ജെൻസ് ഗാൽഷിയോറ്റ് പറഞ്ഞു. 

ടിയാനൻമെൻ സ്‌ക്വയർ (Tiananmen Square) കൂട്ടക്കൊലയെ അടയാളപ്പെടുത്തുന്ന ഹോങ്കോങ് സർവകലാശാല(University of Hong Kong)യിലെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തു. 1989 -ൽ ചൈനീസ് അധികാരികൾ കൊലപ്പെടുത്തിയ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ അനുസ്മരിക്കാന്‍ വേണ്ടിയാണ് ശിൽപം നിർമ്മിച്ചത്. അന്ന് കൊല്ലപ്പെട്ടവരെ ഈ ശിൽപത്തിൽ പ്രതിനിധീകരിക്കുന്നു. ചൈനയുടെ കൂട്ട അടിച്ചമര്‍ത്തലിനെ അനുസ്മരിച്ച് ഹോങ്കോങ്ങിൽ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളിൽ ഒന്നാണിത്. ഹോങ്കോങ്ങിലെ രാഷ്ട്രീയ വിയോജിപ്പുകളെ ബെയ്ജിംഗ് കൂടുതലായി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ഇത് നീക്കം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. 

പുറത്തുനിന്നുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലും അപകടസാധ്യത വിലയിരുത്തിയുമാണ് പഴക്കം ചെന്ന പ്രതിമ മാറ്റിയത് എന്നാണ് അധികൃതരുടെ വാദം. പഴക്കം ചെന്ന പ്രതിമയുണ്ടാക്കിയേക്കാവുന്ന സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും സര്‍വകലാശാല പറയുന്നു. ബുധനാഴ്ച രാത്രി സർവ്വകലാശാല അധികൃതർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയതോടെയാണ് പ്രതിമ താഴെയിടുന്നതിന്റെ ആദ്യ സൂചന ലഭിച്ചത്. നിർമ്മാണ തൊഴിലാളികൾ ഒറ്റരാത്രികൊണ്ട് 8 മീറ്റർ (26 അടി) വരുന്ന ചെമ്പ് പ്രതിമ മാറ്റുകയായിരുന്നു. സെക്യൂരിറ്റി ഗാർഡുകൾ മാധ്യമപ്രവർത്തകരെയും സംഭവം പകര്‍ത്തുന്നതിനെയും തടയാന്‍ ശ്രമിച്ചു. 

തകര്‍ക്കുന്നതിന്‍റെയും ഡ്രില്ലിംഗിന്റെയും ശബ്ദം ഉണ്ടായെന്നും എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും കാണാനാകുന്നില്ലായിരുന്നു എന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ബിബിസിയുടെ ഗ്രേസ് ത്സോയ് പറഞ്ഞു. 24 വർഷമായി സർവകലാശാല കാമ്പസിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രതിമ മാറ്റിയാലും സൂക്ഷിക്കുമെന്ന് സർവകലാശാല അറിയിച്ചു. 

ശിൽപം നീക്കം ചെയ്തത് 'ശരിക്കും ക്രൂരമാണ്' എന്ന് ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്ന ഡാനിഷ് ശിൽപി പറഞ്ഞു. 'ഇത് 89 -ൽ ബെയ്‍ജിംഗിൽ മരിച്ചവരെ കുറിച്ചുള്ള ഒരു ശിൽപമാണ്. അതിനാൽ നിങ്ങൾ ഇത് നശിപ്പിക്കുമ്പോൾ, അത് ഒരു ശ്മശാനത്തിൽ പോയി എല്ലാ ശവക്കുഴികളും നശിപ്പിക്കുന്നതിന് തുല്യമാണ്' എന്നും ശിൽപിയായ ജെൻസ് ഗാൽഷിയോറ്റ് പറഞ്ഞു. അധികൃതരെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

1989 -ലെ വേനൽക്കാലത്ത് ബെയ്ജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിന് പ്രകടനക്കാരെയാണ് ചൈനീസ് സൈന്യം വധിച്ചത്. ചൈനയില്‍ ജനാധിപത്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളടക്കം അന്ന് സമരം ചെയ്‍തത്. 

എന്നാല്‍, ചൈനയില്‍ ഈ സംഭവത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പോലും നിരോധിക്കപ്പെട്ട അവസ്ഥയാണ്. പൊതു അനുസ്മരണം അനുവദിച്ച ചൈനയിലെ വളരെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ഹോങ്കോങ്. എന്നിരുന്നാലും, 2020 -ൽ, കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഹോങ്കോങ് അധികൃതർ 30 വർഷത്തിനിടെ ആദ്യമായി അനുസ്മരണം നിരോധിച്ചു. ഇപ്പോൾ, ബെയ്ജിംഗിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രതിമ നീക്കം ചെയ്തത് എന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. 

click me!