
ഈ ആഴ്ച ആദ്യം പുറത്തുവിട്ട പ്രസ്താവന പ്രകാരം കോക്കകോളയും (Coca‑Cola) അവരുടെ ബോട്ടിലിംഗ് പങ്കാളിയായ കോക്കകോള സൗത്ത് വെസ്റ്റ് ബിവറേജസ് എൽഎൽസിയും (Coca‑Cola Southwest Beverages LLC) ചേർന്ന് 70,000-ത്തിലധികം കാൻ പാനീയങ്ങൾ ടെക്സാസിലെ കടകളിൽ നിന്ന് പിൻവലിച്ചു. ലോഹത്തിന്‍റെ അംശങ്ങൾ ഉൾപ്പെടെയുള്ള അന്യവസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് നടപടി.
തിരിച്ചു വിളിച്ചവയിൽ കോക്കകോള സീറോ ഷുഗർ, കോക്കകോള ക്ലാസിക്, സ്പ്രൈറ്റ് എന്നിവ ഉൾപ്പെടുന്നു. FEB0226MAA, JUN2926MAA തുടങ്ങിയ പ്രത്യേക ബാച്ച് കോഡുകളുള്ള ഇനങ്ങളെയാണ് ഈ നടപടി ബാധിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ ഈ കോഡുകൾ ശ്രദ്ധയോടെ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ ക്ലാസിഫിക്കേഷൻ അനുസരിച്ച് ഇതിനെ ക്ലാസ് II തിരിച്ചുവിളിക്കൽ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ മരണമോ ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നും ഏജൻസി പറയുന്നു.
ഈ ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ നിർദ്ദേശിച്ചിട്ടുള്ള നമ്പറുകൾ പാക്കേജിംഗിൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഉണ്ടെങ്കിൽ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ടെക്സാസിലെ റീട്ടെയിലർമാർക്ക് ഈ വിഭാഗത്തിൽ പെടുന്ന എല്ലാ സ്റ്റോക്കുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോക്കകോള സൗത്ത് വെസ്റ്റ് ബിവറേജസ് വിതരണക്കാരുമായും കടകളുമായും ചേർന്ന് ഈ പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
നിലവിൽ ഈ തിരിച്ചുവിളിക്കൽ ടെക്സാസിൽ മാത്രമാണ് ബാധകമാകുന്നത്. എന്നാൽ, കൂടുതൽ മാലിന്യം കണ്ടെത്തുകയാണെങ്കിൽ മറ്റ് യുഎസ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. തിരിച്ചുവിളിച്ച പാനീയങ്ങൾ ഉപയോഗിക്കുകയും അസുഖങ്ങൾ ഉണ്ടാകുകയും ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടാനും എഫ്ഡിഎയുടെ ഉപഭോക്തൃ പരാതി സംവിധാനം വഴി സംഭവം റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.