
ദീർഘദൂര യാത്രകൾ ചെയ്യുന്നവർ മറ്റുള്ളവരുടെ ശല്യം കാരണം യാത്ര ആസ്വദിക്കാൻ പറ്റിയില്ലെന്ന് പരാതി പറയുന്നത് ഒരു പുതുമയല്ല. എന്നാൽ, ഒരു കുട്ടിയുടെ നിർത്താതെയുള്ള സംസാരം കാരണം ഒരു ട്രെയിനിലെ കമ്പാർട്ട്മെന്‍റിലെ മുഴുവൻ ആളുകൾക്കും ഉറങ്ങാൻ കഴിഞ്ഞില്ലെന്ന യുവതിയുടെ പരാതി പക്ഷേ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർത്തിയത്. അതും രാവിലെ ആറരയ്ക്ക്!
കമ്പാർട്ടുമെന്‍റിലെ മറ്റുള്ളവർ ഉറങ്ങാൻ ശ്രമിക്കുമ്പോൾ ഒരു കൊച്ചുകുട്ടി ഉച്ചത്തിൽ സംസാരിക്കുകയായിരുന്നെന്നും ഇത് കാരണം ഉറക്കം നഷ്ടപ്പെട്ടെന്നും പരാതിപ്പെട്ട് രാധിക ബജാജ്, തന്‍റെ എക്സ് ഹാന്‍റിലിൽ കുറിപ്പെഴുതി. പിന്നാലെ പൊതുഗതാഗത സംവിധാനങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും കുട്ടികളുടെ ശബ്ദം പോലും അസ്വസ്ഥകരമായി തോന്നുന്ന യാത്രക്കാരെ കുറിച്ചും നിരവധി പേരാണ് എഴുതിയത്. "ട്രെയിനിൽ രാവിലെ 6.30 ആയി, മുഴുവൻ കമ്പാർട്ടുമെന്‍റും ഉറങ്ങാൻ ശ്രമിക്കുകയാണ്, അഞ്ച് വയസ്സുള്ള ഒരു കുട്ടി മണിക്കൂറുകളോളം ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവന്‍റെ അച്ഛനോട് ഇടപെടാൻ ആവശ്യപ്പെടേണ്ടി വന്നു. ചില മാതാപിതാക്കൾ പൊതുഗതാഗത മര്യാദകൾ ഇനിയും പഠിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല," രാധിക ബജാജ് തന്‍റെ എക്സിൽ എഴുതി.
It’s 6.30 AM on the train, the whole compartment is trying to sleep, and a 5-year-old has been solo-carrying a loud conversation for hours. Had to finally ask the dad to step in. I really don’t get why some parents don't teach public transport etiquette anymore.
— Radhika Bajaj (@radhika_bajaj) June 18, 2026
രാധികയുടെ കുറിപ്പ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ സമാനമായ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തി. ചിലർ രാധികയുടെ അഭിപ്രായത്തോട് യോജിക്കുകയും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മറ്റുള്ളവരോട് പരിഗണന ഉള്ളവരാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ദീർഘദൂര യാത്രകളിൽ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. കുട്ടികളെ എങ്ങനെ വളർത്തണമെന്നും പൊതു ഇടത്തിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറാണമെന്നും അച്ഛനമ്മമാർ പഠിപ്പിക്കണമെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് ചിലർ രാധികയുടെ കുറിപ്പിനെ പരിസഹിച്ച് കൊണ്ട് എഴുതി. "അതുകൊണ്ട് എനിക്ക് നോൺ എസി കോച്ചുകളാണ് ഇഷ്ടം. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ഉച്ചത്തിൽ സംസാരിക്കാം, എനിക്ക് അത് കേൾക്കാൻ കഴിയില്ല," ഒരു കാഴ്ചക്കാരൻ എഴുതി. അതേസമയം കുട്ടികളെ നിയന്ത്രിക്കുക എന്നത് ഏറെ പാടുള്ള ഒരു കാര്യമാണെന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു. അവരെ സ്വതന്ത്രരായി വളർത്താൻ നിങ്ങൾ ആദ്യം ആവശ്യപ്പെടും അവർ സ്വതന്ത്രരായി ശബ്ദമുണ്ടാക്കുമ്പോൾ നിങ്ങൾ അവരുടെ അച്ഛനമ്മമാരെ കുറ്റപ്പെടുത്തും. ഇത് മോശം പ്രവണതയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.