'പനി വരുമ്പോൾ അതിനെ രോഗമായി കണ്ട് നമ്മൾ സിക്ക് ലീവ് നൽകുന്നു. എന്നാൽ കഠിനമായ ആർത്തവവേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും ആ പരിഗണന ലഭിക്കാറില്ല' എന്നും പീയൂഷ് പറയുന്നു.
ഇന്ന് മിക്ക കമ്പനികളിലും സ്ത്രീകൾക്ക് ആർത്തവാവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ, അതിന് തയ്യാറാവാത്ത കമ്പനികളും ഉണ്ട്. അതുപോലെ, ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളായിരുന്നിട്ടും എന്തുകൊണ്ടാണ് തുടക്കത്തിൽ ആർത്തവാവധി നൽകാൻ താൻ വിസമ്മതിച്ചതെന്ന് തുറന്നുപറയുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്ഥാപകൻ. 'ഹൗസ് ഓഫ് ക്രിയേറ്റേഴ്‌സ്' എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ പീയൂഷ് ശർമ്മയാണ് ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ടീമിലെ 80 ശതമാനത്തോളം പേർ സ്ത്രീകളായിരുന്നിട്ടും 'ആർത്തവാവധി' എന്ന ആശയത്തോട് ഞാൻ ആദ്യം 'നോ' പറയുകയാണ് ചെയ്തത്' എന്ന് പീയൂഷ് ശർമ്മ കുറിച്ചു.
മൂന്ന് വർഷം മുമ്പ് ഗോവയിൽ വെച്ച് പീയൂഷ്, ജതിൻ, രാധിക എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. അക്കാലത്ത് ആർത്തവത്തിന്റെ സമയത്തുള്ള കഠിനമായ വേദന കാരണം രാധികയ്ക്ക് മാസത്തിൽ ഒന്നോ രണ്ടോ ദിവസം ജോലി ചെയ്യാനാവാതെ വന്നിരുന്നു. അതേസമയം പനി വരുമ്പോൾ ജതിൻ അവധിയെടുക്കുകയും ചെയ്തിരുന്നു.
'പനി വരുമ്പോൾ അതിനെ രോഗമായി കണ്ട് നമ്മൾ സിക്ക് ലീവ് നൽകുന്നു. എന്നാൽ കഠിനമായ ആർത്തവവേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും ആ പരിഗണന ലഭിക്കാറില്ല' എന്നും പീയൂഷ് പറയുന്നു. എന്നാൽ തുടക്കകാലത്ത് ഈ നയം നടപ്പിലാക്കുന്നത് കമ്പനിക്ക് സാമ്പത്തികമായും മറ്റും അധിക ബാധ്യതയാകുമെന്ന് തോന്നിയതിനാൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം അവർ ഈ ആശയം വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷം കമ്പനിയിലെ കൂടുതൽ സ്ത്രീകൾ ഈ വിഷയം ഉന്നയിക്കുകയും ഒരു ജീവനക്കാരി ഔദ്യോഗികമായി തന്നെ ഈ നയം നിർദ്ദേശിക്കുകയും ചെയ്തതോടെ കമ്പനി നിലപാട് മാറ്റി. നിലവിൽ വർഷത്തിൽ 4 ദിവസത്തെ ആർത്തവാവധിയാണ് കമ്പനി നൽകുന്നത്.
'ഈ നയത്തെക്കുറിച്ച് ഞാൻ അഭിമാനത്തോടെയല്ല സംസാരിക്കുന്നത്. കാരണം വർഷത്തിൽ നാല് അവധികൾ എന്നത് തീരെ പര്യാപ്തമല്ലെന്ന് ഞങ്ങൾക്കറിയാം' എന്നും പീയൂഷ് പറയുന്നുണ്ട്. കമ്പനിയിലെ ജീവനക്കാരുടെ പ്രതികരണങ്ങളും പീയൂഷ് പങ്കുവെച്ചു. PCOS ബുദ്ധിമുട്ടുകളുള്ള ഒരു ജീവനക്കാരി പറഞ്ഞത്, 'വർഷത്തിൽ നാല് ദിവസം എന്നത് വളരെ കുറവാണ്, എങ്കിലും ഇതിന് പിന്നിലെ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു' എന്നാണ്. മറ്റൊരു ജീവനക്കാരി എഴുതിയത്, 'സ്ത്രീ ശാക്തീകരണം എന്നത് കേവലം കണക്കുകളോ തുല്യവേതനമോ മാത്രമല്ല, മനുഷ്യരോട് എത്രത്തോളം കരുതൽ കാണിക്കുന്നു എന്നതിലുമാണ്' എന്നാണ്.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ വീഴ്ച തുറന്നു പറഞ്ഞതിന് പീയൂഷിനെ ആളുകൾ അഭിനന്ദിച്ചു. എന്നാൽ, അതേസമയം തന്നെ വർഷത്തിൽ 4 അവധി എന്നത് പോരാ എന്നും എല്ലാ മാസവും ആർത്തവാവധി നൽകണമെന്നും പലരും നിർദ്ദേശിച്ചു.
