
യുകെയിലെ ആളുകൾ കമ്മ്യൂണിറ്റി ഗാർഡനിൽ ചിതാഭസ്മം വിതറുന്നത് പതിവാക്കുന്നു. കാരണം എന്തുതന്നെയായാലും ഈ രീതി അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് പൂന്തോട്ട പരിപാലകർ. ഇംഗ്ലണ്ടിലെ കോൺവാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാർഡനിൽ ഒരു ആചാരം പോലെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത് പതിവാക്കിയിരിക്കുന്നത്.
ട്രൂറോ നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഒരു സ്ഥലത്തെ കാത്തു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കമ്മ്യൂണിറ്റി ഗാർഡൻ എന്ന ആശയം നടപ്പിലാക്കിയത്. ഫ്രണ്ട്‌സ് ഓഫ് സണ്ണി കോർണർ എന്ന ഗ്രൂപ്പാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 2016 മുതൽ പ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരികയാണ്. എന്നാൽ, ഇപ്പോൾ അപ്രതീക്ഷിതമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് ഇവിടുത്തെ തോട്ടക്കാർ. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പൂന്തോട്ടത്തിനുള്ളിൽ വിതറാൻ ആരംഭിച്ചതോടെയാണ് ഇവർ വെല്ലുവിളി നേരിട്ടു തുടങ്ങിയത്.
തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മനോഹരമായ ഒരു അന്ത്യവിശ്രമ സ്ഥലം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പ്രദേശവാസികൾ ഇവിടുത്തെ പൂന്തോട്ടത്തിൽ ചിതാഭസ്മം വിതറുന്നത്. എന്നാൽ, അത് പൂന്തോട്ട പരിപാലനത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് എന്നാണ് തോട്ടക്കാർ പറയുന്നത്. അതിനാല്‍ ദയവായി ആളുകൾ ഈ ശീലം അവസാനിപ്പിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. അനുവാദമില്ലാതെ ആളുകൾ പൂന്തോട്ടത്തിനുള്ളിൽ ചിതാഭസ്മം വിതറുന്നത് ഇവിടെ പതിവായിരിക്കുകയാണെന്നാണ് ഫ്രണ്ട്‌സ് ഓഫ് സണ്ണി കോർണർ ചെയർമാൻ പോൾ കരുവാന പറയുന്നു.
പൂന്തോട്ട പരിപാലനത്തിൽ സന്നദ്ധപ്രവർത്തകർക്ക് ഇത് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരിസ്ഥിതിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ, ഭൂവുടമയുടെ സമ്മതത്തോടെ യുകെയിൽ ചിതാഭസ്മം നിക്ഷേപിക്കുന്നത് നിയമപരമാണ്. എന്നാൽ, ഇവിടെ പൂന്തോട്ടം നടത്തിപ്പുകാരുടെ അനുമതിയില്ലാതെയാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.