ഇങ്ങനെയുമുണ്ടോ കള്ളന്മാർ? പാലത്തിനും ടവറിനും പിന്നാലെ ഇപ്പോൾ തടാകവും, ഇതാ ചില വിചിത്രമോഷണങ്ങൾ

Published : Jan 01, 2024, 03:37 PM IST
ഇങ്ങനെയുമുണ്ടോ കള്ളന്മാർ? പാലത്തിനും ടവറിനും പിന്നാലെ ഇപ്പോൾ തടാകവും, ഇതാ ചില വിചിത്രമോഷണങ്ങൾ

Synopsis

പൊലീസ് എത്തും മുമ്പ് തന്നെ കള്ളന്മാർ പണിയും തീർത്ത് സ്ഥലം കാലിയാക്കി. ബിഹാറിലെ ദർബം​ഗ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇപ്പോൾ അവിടെ ഒരു തടാകം ഉണ്ടായിരുന്നതിന്റെ യാതൊരു അടയാളങ്ങളും ശേഷിക്കാത്ത തരത്തിലേക്ക് സ്ഥലം മാറിയിട്ടുണ്ട്.

പാലം മോഷ്ടിച്ചു, ട്രെയിൻ എഞ്ചിൻ മോഷ്ടിച്ചു, മൊബൈൽ ടവർ മോഷ്ടിച്ചു, റോഡ് മോഷ്ടിച്ചു തുടങ്ങി കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന പല മോഷണങ്ങളും നമ്മൾ കണ്ട് കഴിഞ്ഞു. എന്നാൽ, ഇത്തവണ ബിഹാറിൽ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നത് ഒരു തടാകമാണ്. സംഭവത്തിന് പിന്നിൽ ഭൂമാഫിയയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. 

നാട്ടുകാർ മീൻ പിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഒക്കെയായി ഉപയോ​ഗിച്ചു കൊണ്ടിരുന്ന തടാകമാണിത്. എന്നാൽ, ഒറ്റരാത്രി കൊണ്ട് തടാകം ഇല്ലാതെയായി എന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല, വെള്ളം ഇല്ലാതാക്കി അവിടെ ഒരു കുടിലും കള്ളന്മാർ നിർമ്മിച്ചത്രെ. വിവിധ യന്ത്രങ്ങളും മറ്റുമായി ആളുകൾ എത്തിയതിന് പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് എത്തും മുമ്പ് തന്നെ കള്ളന്മാർ പണിയും തീർത്ത് സ്ഥലം കാലിയാക്കി. ബിഹാറിലെ ദർബം​ഗ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇപ്പോൾ അവിടെ ഒരു തടാകം ഉണ്ടായിരുന്നതിന്റെ യാതൊരു അടയാളങ്ങളും ശേഷിക്കാത്ത തരത്തിലേക്ക് സ്ഥലം മാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. 

ബിഹാറിൽ നടന്ന ചില വിചിത്രമോഷണങ്ങളാണ് ഇനി പറയാൻ പോകുന്നത്. 

റെയിൽ പാളം

സമസ്തിപൂർ ജില്ലയിലാണ് റെയിൽപാളം മോഷ്ടിച്ചത്. സമസ്തിപുർ റെയിൽവേ ഡിവിഷന് കീഴിലുള്ള പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ കടത്തിയത്. ഇവിടെ നേരത്തെ ഒരു മിൽ ഉണ്ടായിരുന്നു. അത് അടച്ചതോടെ ഈ ഭാ​ഗത്തേക്കുള്ള തീവണ്ടി ​ഗതാ​ഗതം നിലച്ചു. അതിനാൽ തന്നെ മോഷ്ടാക്കൾക്ക് റെയിൽപാളം മോഷ്ടിച്ച് എളുപ്പത്തിൽ രക്ഷപ്പെട്ടു. 

ഇരുമ്പുപാലം

റോഹ്താസ് ജില്ലയിലാണ് ഈ മോഷണം നടന്നത്. അമിയാവർ ഗ്രാമത്തിൽ അറ-സോണെ കനാലിനു മുകളിലൂടെയുള്ള പാലം 1972 -ൽ നിർമ്മിച്ച പാലമാണ് കടത്തിയത്. ജലസേചന വകുപ്പിലെ ഉദ്യോ​ഗസ്ഥരാണ് എന്ന വ്യാജേന എത്തിയായിരുന്നു അറുപതടി നീളവും 500 ടൺ ഭാരവുമുള്ള പാലം പൊളിച്ചു കടത്തിയത്. പട്ടാപ്പകലായിരുന്നു മോഷണം. 

മൊബൈൽ ടവർ 

പട്നയിലെ സബ്സിബാ​ഗിലായിരുന്നു മൊബൈൽ ടവർ മോഷണം നടന്നത്. എയർസെൽ 2006 -ൽ സ്ഥാപിച്ച ടവറാണ് മോഷണം പോയത്. ഷഹീൻ ഖയൂം എന്നയാളുടെ കെട്ടിടത്തിനു മുകളിലാണ് ടവർ സ്ഥാപിച്ചിരുന്നത്. 2017 -ൽ ഈ ടവർ ജിടിഎൽ കമ്പനിക്ക് വിറ്റു. ടവർ കുറച്ചുമാസങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു. അതിനാൽ തന്നെ ഷഹീൻ ഖയൂമിന് വാടകയും കിട്ടിയിരുന്നില്ല. ടവർ മാറ്റണം എന്ന് ഖയൂം ആവശ്യപ്പെട്ടിരുന്നു. അധികം കഴിയും മുമ്പ് കുറച്ചാളുകൾ വന്ന് ടവർ മാറ്റിസ്ഥാപിക്കുകയാണ് എന്നും പറഞ്ഞ് ടവറും കൊണ്ടുപോയി. വന്നത് മോഷ്ടാക്കളായിരുന്നു എന്ന് തിരിച്ചറിയുന്നത് 5ജി സർവീസ് ആരംഭിക്കാനായി ടെലികോം കമ്പനി ടെക്നീഷ്യൻമാർ സർവെ നടത്താൻ എത്തിയപ്പോഴാണ്. ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ‌ ഉൾപ്പടെ മോഷ്ടിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ