3.5 ലക്ഷം നൽകിയ യാത്ര, ഭക്ഷണത്തിന് യാചിക്കേണ്ടി വന്നു; ആഡംബര റിസോർട്ടിൽ ഇന്ത്യൻ കുടുംബത്തിന് വംശീയാധിക്ഷേപം

Published : Feb 23, 2026, 02:20 PM IST
five star hotel

Synopsis

പുതിയ ജോലി ലഭിച്ച സന്തോഷത്തിൽ മാതാപിതാക്കൾക്ക് സർപ്രൈസ് യാത്ര നൽകിയ ഇന്ത്യൻ യുവാവിന് മൗറീഷ്യസിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ വെച്ച് നേരിടേണ്ടി വന്നത് കടുത്ത വംശീയാധിക്ഷേപം. 3.5 ലക്ഷം രൂപ മുടക്കിയ യാത്രയിൽ, ഭക്ഷണത്തിന് യാചിക്കേണ്ടി വന്നെന്ന് യുവാവ്.

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൗറീഷ്യസിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ ഇന്ത്യൻ കുടുംബത്തിന് നേരിടേണ്ടി വന്നത് കടുത്ത വംശീയ വിവേചനമെന്ന് വെളിപ്പെടുത്തൽ. തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം ഒരു ഇന്ത്യൻ ടെക് റിവ്യൂവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്. പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ മാതാപിതാക്കൾക്ക് നൽകിയ സർപ്രൈസ് യാത്രയാണ് റിസോർട്ട് അധികൃതരുടെ പെരുമാറ്റം മൂലം കണ്ണീരിലായത്.

യാത്രയ്ക്കായി ഏകദേശം 3.5 ലക്ഷം രൂപയാണ് ഇദ്ദേഹം ചിലവാക്കിയത്. ഈസ്റ്റർ ദിനത്തിൽ ഉച്ചഭക്ഷണത്തിനായി ടേബിൾ ബുക്ക് ചെയ്യാൻ റിസപ്ഷനിൽ ബന്ധപ്പെട്ടെങ്കിലും തിരക്കാണെന്ന കാരണത്താൽ അധികൃതർ ഒഴിവുകഴിവുകൾ പറഞ്ഞു. ഏറെ നേരം കാത്തിരുന്നിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് റെസ്റ്റോറന്റിലെത്തിയ കുടുംബത്തെ ജീവനക്കാർ പൂർണ്ണമായും അവഗണിച്ചു. മറ്റ് വിദേശ അതിഥികൾക്കായി പ്രത്യേക ഈസ്റ്റർ ലഞ്ച് ഒരുക്കിയിട്ടുണ്ടെന്ന വിവരം ഹോട്ടൽ അധികൃതർ ബോധപൂർവ്വം ഈ ഇന്ത്യൻ കുടുംബത്തിൽ നിന്ന് മറച്ചുവെച്ചു. ഒടുവിൽ വിശന്നു വലഞ്ഞതിനെത്തുടർന്ന്, ഒരു ശുചീകരണ തൊഴിലാളിയോട് തങ്ങൾക്ക് ഭക്ഷണം നൽകണമെന്ന് അമ്മയ്ക്ക് യാചിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

ഹൗസ് കീപ്പിംഗ് ജീവനക്കാരിയുടെ സഹായത്തോടെ ആഘോഷം നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ ധാരാളം ഭക്ഷണവും ടേബിളുകളും ഉണ്ടായിരുന്നു. എന്നാൽ അവിടെയും വിവേചനം തുടർന്നു. ബഫെയിൽ ഫ്രഞ്ച് ഫ്രൈസ് തീർന്നപ്പോൾ അത് വീണ്ടും ആവശ്യപ്പെട്ട ഇദ്ദേഹത്തോട് വിഭവം തീർന്നുപോയെന്നും ബാക്കിയുള്ളത് കഴിച്ചാൽ മതിയെന്നും ഷെഫ് പരിഹാസത്തോടെ പറഞ്ഞു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വെളുത്ത വർഗക്കാരനായ ഒരു കുട്ടി ഇതേ വിഭവം ആവശ്യപ്പെട്ടപ്പോൾ ഷെഫ് ഉടൻ തന്നെ പുതിയ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി നൽകി.

 

 

ഈ വംശീയ വിവേചനത്തെക്കുറിച്ച് ഹോട്ടൽ മാനേജരോട് പരാതിപ്പെട്ടെങ്കിലും ഒരു മാപ്പ് പറയാൻ പോലും അധികൃതർ തയ്യാറായില്ല. "മറ്റ് അതിഥികളെപ്പോലെ അതേ തുക നൽകിയിട്ടും ഒരു മൂന്നാം ലോക രാജ്യത്ത് നിന്നുള്ള ആളായാണ് അവർ ഞങ്ങളോട് പെരുമാറിയത്" എന്ന് അദ്ദേഹം പറഞ്ഞു. വിദേശമണ്ണിൽ തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് അന്ന് ഈ വിവരം പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ ഈ കുറിപ്പിന് പിന്നാലെ നിരവധി ആളുകളാണ് വിനോദസഞ്ചാര മേഖലയിലെ ഇത്തരം വംശീയ വിവേചനങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

അയർലൻഡിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട നിര; സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം
പുഴ പോലെ ഒഴുകുന്ന മലയാള ഭാഷ; കോമ്പൊര മുതൽ വർക്ക് ഏരിയയും ചങ്കും വരെ, മലയാളിക്ക് വന്ന മാറ്റങ്ങൾ