
കേരളത്തിന്‍റെ തീരപ്രദേശത്ത് കടലില്‍ ചുവപ്പ് നിറം കാണപ്പെടുന്നതില്‍ ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് അറിയിച്ചു. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കാണപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽ തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കുഫോസ് കടൽ ജല സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ കടല്‍ ജലത്തില്‍ നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇത് സാധാരണയായി 'റെഡ് ടൈഡ്' (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണെന്നും കുഫോസ് അറിയിച്ചു. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവ ഉത്പാദിപ്പിക്കുന്ന വെളിച്ചം രാത്രി കാലങ്ങളിലാണ് കുടുതല്‍ വ്യക്തമായി കാണാനാകുക.
നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം ക്രമാധീതമായി വർധിക്കുകയും ഇതിനെ തുടര്‍ന്ന് കടലിന്‍റെ നിറം ചുവപ്പായി കാണപ്പെടാറുമുണ്ട്. പ്രദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണത്തില്‍ നോക്ടിലൂക പ്ലവഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി തിരിച്ചറിഞ്ഞു. പ്രാദേശികമായി ഈ പ്ലവഗങ്ങളെ 'പോള' എന്നാണ് വിളിക്കുന്നത്. ഇത്തരം പ്ലവഗങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധന നടക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സർവ്വീസുമായി (INCOIS) കൂടുതല്‍ ഡാറ്റയ്ക്ക് ബന്ധപ്പെട്ടെങ്കിലും മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമാണെന്ന് അറിയിച്ചെന്നും കുഫോസ് അറിയിച്ചു.