
ലോകത്തിലെ ഏറ്റവും അവസാനത്തേതെന്ന് കരുതുന്ന ടാസ്മാനിയൻ കടുവയുടെ കാണാതെ പോയ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ 85 വർഷമായി വിവിധ ഇടങ്ങളിൽ പരതിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന അവശിഷ്ടങ്ങളാണ് ഇപ്പോൾ ഒരു ഓസ്ട്രേലിയൻ മ്യൂസിയത്തിലെ അലമാരയിൽ നിന്നും കണ്ടെത്തിയത്.
1936 -ൽ ആണ് ഹോബാർട്ട് മൃഗശാലയിൽ താമസിച്ചിരുന്ന ഈ കടുവ ചാവുകയും അതിന്റെ ശരീരം ഒരു പ്രാദേശിക മ്യൂസിയത്തിന് നൽകുകയും ചെയ്തത്. എന്നാൽ പിന്നീട് അതിന്റെ അസ്ഥികൂടത്തിനും ചർമ്മത്തിനും എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു. നിരവധി ഇടങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചില്ല. അതോടെ അത് ഒരു നിഗൂഢതയായി അവശേഷിച്ചു.
ടാസ്മാനിയൻ മ്യൂസിയത്തിനും ആർട്ട് ഗാലറിക്കും അവശിഷ്ടങ്ങളുടെ ട്രാക്ക് നഷ്ടപ്പെട്ടതായിരുന്നു ഇതിൻറെ കാരണം. ആരെങ്കിലും എവിടെയെങ്കിലും ഇത് വലിച്ചെറിഞ്ഞിരിക്കാം എന്നാണ് ഇതുവരെയും കരുതിയിരുന്നത്. എന്നാൽ അവ മുഴുവൻ മ്യൂസിയത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ നശിച്ചു പോകാതിരിക്കാൻ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നില്ല എന്നുമാത്രം.
വർഷങ്ങളായി നിരവധി മ്യൂസിയം ക്യുറേറ്റർമാരും ഗവേഷകരും ഇതിൻറെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. സാധിക്കാവുന്ന ഇടങ്ങളിലെല്ലാം പരമാവധി തെരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ഇത് നഷ്ടപ്പെട്ടുപോയിരിക്കാം എന്ന അനുമാനത്തിൽ ഗവേഷകർ എത്തിയത്.
എന്നാൽ റോബർട്ട് പാഡിൽ എന്ന ഗവേഷകനും മ്യൂസിയം ക്യൂറേറ്റേർമാരും ചേർന്ന് ടാസ്മാനിയൻ മ്യൂസിയത്തിലെ ശേഖരങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഒരു കബോർഡിനുള്ളിൽ നിന്നും കടുവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 85 വർഷം തിരഞ്ഞിട്ടും കാണാതിരുന്ന ടാസ്മാനിയൻ കടുവയുടെ അവശിഷ്ടങ്ങൾ ആണെന്ന് കണ്ടെത്തിയത്. മ്യൂസിയത്തിലെ വിദ്യാഭ്യാസ വകുപ്പിലെ അലമാരയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്ന തൊലിയും അസ്ഥികൂടവും ഇപ്പോൾ ഹോബാർട്ടിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഉടനീളം ഉണ്ടായിരുന്ന ടാസ്മാനിയൻ കടുവകളുടെ എണ്ണം മനുഷ്യരുടെയും ഇടപെടൽ മൂലം കുറയുകയായിരുന്നു. ഒടുവിൽ ടാസ്മാനിയ ദ്വീപിൽ മാത്രമാണ് ഇവ അവശേഷിച്ചിരുന്നത്, അവിടെയും അത് ആത്യന്തികമായി വേട്ടയാടപ്പെട്ടു.