
വിവാഹം മാത്രമല്ല, വിവാഹ ക്ഷണക്കത്തുകളും ഇപ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ചിലർ വളരെ ലളിതമായ വിവാഹ ക്ഷണക്കത്തുകൾ തയ്യാറാക്കുമ്പോൾ മറ്റ് ചിലർ സ്വർണവും വെള്ളിയും കെട്ടിയ വിവാഹ ക്ഷണക്കത്തുകളുമായി കാഴ്ചക്കാരെ ഞെട്ടിക്കുന്നു. എന്നാൽ. ഡിസൈനിലോ മറ്റ് ആകർഷണങ്ങളിലോ കാര്യമാതൊന്നും ചെയ്യാതിരുന്നിട്ടും കാഴ്ചക്കാരെ ആകർഷിച്ചൊരു വിവാഹക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. വധൂവരന്മാരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തിന് നൽകിയ പ്രാധാന്യമായിരുന്നു ആ വിവാഹ ക്ഷണക്കത്തിനെ വൈറലാക്കിയത്.
ക്ഷണക്കത്ത് പ്രകാരം വരൻ പിയൂഷ് ബാജ്‌പായ് ഐഐടി ബോംബെയിൽ നിന്നും പഠിച്ചിറങ്ങിയ ആളാണ്. വധുവും ഒട്ടും മോശമല്ല. വധു മമത മിശ്ര ഐഐടി ദില്ലിയിൽ നിന്നുമാണ് ബിരുദം നേടിയത്. ക്ഷണക്കത്ത് യഥാർത്ഥ വിവാഹത്തിന്‍റെതാണോ അതോ ഒരു കൗതുകത്തിനോ തമാശയ്ക്കോ വേണ്ടി ഉണ്ടാക്കിയതാണോയെന്ന് വ്യക്തമല്ലെങ്കിലും സംഗതി സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവാഹാലോചനകളിൽ പോലും ഇന്ത്യക്കാർ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽക്കുന്നു. എന്നാലിവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അടുത്ത ലെവൽ ഫ്ലെക്സിംങ്ങെന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ക്ഷണക്കത്ത് പങ്കുവച്ചത്.
വിവാഹക്ഷണക്കത്ത് വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. വധൂവരന്മാരുടെ മുഴുവൻ ഐഡന്‍റിറ്റിയും ഐഐടിയെക്കുറിച്ച് തന്നെയാണെങ്കിൽ അത് പരാജയമാണെന്ന് കരുതുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഐഐടിക്കാരല്ലാത്തവർ വിമർശിക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ഇതിന് പിന്നാലെ ട്രംപിനെ വിമർശിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ആകേണ്ടതുണ്ടോയെന്ന് ഒരു കാഴ്ചക്കാരൻ പ്രതികരിച്ചു. ഇതൊരു റെസ്യൂമെയാണോ അതോ വിവാഹ കാർഡാണോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം.