'ദേശീയ സുരക്ഷയൊന്നും ചോർന്നില്ല'; ഹെലികോപ്റ്ററിന് മുന്നിലെ വിവാഹാഭ്യർത്ഥന, ആർമി ക്യാപ്റ്റന് പിന്തുണയുമായി മുൻ ലഫ്റ്റനന്‍റ് ജനറൽ

Published : Jun 05, 2026, 05:28 PM IST
Captain Bharat Bhardwaj's proposing

Synopsis

പാസിംഗ് ഔട്ട് പരേഡിന് ശേഷം സൈനിക ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ സൈനികന്റെ നടപടി വിവാദമായി. സൈനിക അച്ചടക്കത്തെച്ചൊല്ലി ചർച്ചകൾ മുറുകുന്നതിനിടെ, യുവ ഓഫീസർക്ക് പിന്തുണയുമായി ഒരു റിട്ടയേർഡ് ലഫ്റ്റനന്‍റ് ജനറൽ രംഗത്തെത്തി. 

 

പാസിംഗ് ഔട്ട് പരേഡിന് ശേഷം സൈനിക ഹെലികോപ്റ്ററിന് മുന്നിൽ മുട്ടുകുത്തി നിന്ന് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവ സൈനിക ഓഫീസറുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ നിരവധി പേർ യുവ ഓഫീസറോട് കാരണം തേടമമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇത് വിവാദമായി. സൈനിക അച്ചടക്കത്തെയും മര്യാദകളെയും ചൊല്ലി ഇന്‍റർനെറ്റിൽ വാദപ്രതിവാദങ്ങൾ മുറുകുന്നതിനിടെ, വിവാദത്തിലായ ക്യാപ്റ്റൻ ഭരത് ഭരദ്വാജിനും പ്രതിശ്രുത വധുവിനും പൂർണ്ണയ്ക്കും പിന്തുണയുമായി റിട്ടയേർഡ് ലഫ്റ്റനന്‍റ് ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ രംഗത്തെത്തി.

'പുകയ്ക്കുള്ള തീപ്പൊരി പോലുമില്ല'

വിഷയവുമായി ബന്ധപ്പെട്ട് എക്സിൽ പ്രചരിച്ച ഒരു പോസ്റ്റിന് മറുപടിയായാണ് മുൻ ലഫ്റ്റനന്‍റ് ജനറൽ പാണ്ഡെ തന്‍റെ നിലപാട് വ്യക്തമാക്കിയത്. "ഒരു ആർമി ക്യാപ്റ്റൻ തന്‍റെ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർത്ഥന നടത്തി. ഇതിൽ പുകയാൻ മാത്രമുള്ള തീപ്പൊരിയൊന്നും ഞാൻ കാണുന്നില്ല. യുദ്ധരംഗത്ത് ധീരമായ ചുവടുകൾ വെക്കുന്നവർ ചിലപ്പോൾ അതിർവരമ്പുകൾ ലംഘിക്കാറുണ്ടെന്ന് ഓർക്കുക," അദ്ദേഹം കുറിച്ചു.

നാസിക്കിനടുത്തുള്ള കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിലെ റൺവേയിൽ വെച്ചായിരുന്നു സംഭവം. ഓഫീസറെ പിന്തുണയ്ക്കാൻ വ്യക്തമായ കാരണങ്ങളും ഈ മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു:

  1. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ല: അതുകൊണ്ട് രാജ്യത്തിന്‍റെ സുരക്ഷയ്ക്കോ ഔദ്യോഗിക രഹസ്യങ്ങൾക്കോ യാതൊരു കോട്ടവും തട്ടിയിട്ടില്ല.
  2. പരേഡ് കഴിഞ്ഞുള്ള സമയം: ഇത് ചായ കുടിക്കുന്ന സമയത്തായിരുന്നു, പരേഡ് നടക്കുന്നതിനിടയിലല്ല. പരേഡ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. ആ സമയത്ത് എല്ലാവർക്കും ചിത്രങ്ങൾ എടുക്കാൻ അനുവാദമുണ്ടായിരുന്നു.
  3. ഗംഭീരമായ കാഴ്ച: ഔദ്യോഗിക യൂണിഫോമിലുള്ള ഓഫീസർ സ്മാർട്ടായി കാണപ്പെടുന്നു, ആ യുവതിയും അതീവ സുന്ദരിയായി വസ്ത്രം ധരിച്ചിരിക്കുന്നു. അതിൽ തെറ്റായി ഒന്നുമില്ല.

 

 

റൊമാന്‍റിക് ആയ ഒരാൾക്ക് എല്ലാവരോടും സ്നേഹമുണ്ടാകും

അദ്ദേഹം ഒരുപക്ഷേ പരിധി ലംഘിച്ചിട്ടുണ്ടാകാം. അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യവുമുണ്ട്. ഒരു നല്ല സൈനികനെന്ന നിലയിൽ അദ്ദേഹം അത് നേരിട്ടുകൊള്ളുമെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ ആർമി ഔദ്യോഗികമായി യുവ ഓഫീസറോട് സംഭവത്തെ കുറിച്ച് വിശദീകരണം തേടിയേക്കുമെന്നാണ് വിവരങ്ങൾ. സൈനികനെ വിമർശിക്കുന്നവരോട് ഇതിലും പ്രധാനപ്പെട്ട മറ്റ് രാജ്യസുരക്ഷാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലഫ്റ്റനന്‍റ് ജനറൽ പാണ്ഡെ ഉപദേശിച്ചു. "അവൻ റിസ്ക് എടുക്കാനും ധീരമായ ചുവടുകൾ വെക്കാനും അതിർവരമ്പുകൾ ഭേദിക്കാനും തയ്യാറായില്ലെങ്കിൽ പിന്നെ ആരാണ്, എപ്പോഴാണ് അത് ചെയ്യുക? ഒരു റൊമാന്‍റിക് ആയ വ്യക്തിക്ക് തന്‍റെ രാജ്യത്തോടും ഭാര്യയോടും അമ്മയോടും സഹോദരിയോടും സുഹൃത്തുക്കളോടും സ്നേഹമുണ്ടാകും, അത് അവൻ പ്രകടിപ്പിക്കുകയും ചെയ്യും. ക്യാപ്റ്റൻ ഭരദ്വാജ്, നിങ്ങളുടെ വിവാഹം നടക്കട്ടെ, സാഹസികതയും സംതൃപ്തിയും നിറഞ്ഞ മികച്ചൊരു ജീവിതം ആശംസിക്കുന്നു. ഒപ്പം ഭാരതത്തെയും സൈന്യത്തെയും എപ്പോഴും സ്നേഹിക്കുക," എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്.

'ഇതിനായി ഇതിലും മികച്ച മറ്റേത് ദിവസം?'

വിവാദങ്ങളെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് തന്‍റെ ഭാഗം വ്യക്തമാക്കിയിരുന്നു. പങ്കാളിയെ തനിക്ക് അഞ്ച് വർഷമായി അറിയാമെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പിനായി ഇതിലും മികച്ചൊരു നിമിഷമില്ലെന്ന് കരുതിയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളെല്ലാവരും ഇന്ന് ഔദ്യോഗികമായി പൈലറ്റുമാരും ഇൻസ്ട്രക്ടർമാരുമായി മാറിയ ദിവസമാണ്. ഞങ്ങളുടെ കഠിനാധ്വാനം ഫലം കണ്ട വലിയൊരു സുദിനം. ഞങ്ങൾ രണ്ടുപേരും കഴിഞ്ഞ അഞ്ച് വർഷമായി പരസ്പരം അറിയുന്നവരാണ്. അവളോട് വിവാഹാഭ്യർത്ഥന നടത്താൻ ഇതിലും നല്ലൊരു ദിവസം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഇത് എന്‍റെ കുടുംബത്തിനും വലിയൊരു ദിവസമാണ്. ഈ ദിവസം എന്‍റെ പ്രതിശ്രുത വധുവിന് എന്നും ഓർമ്മിക്കത്തക്കതാക്കി മാറ്റണമെന്നുണ്ടായിരുന്നു. ആ ഒരൊറ്റ ചിന്ത മാത്രമാണ് എനിക്കുണ്ടായിരുന്നത്," ക്യാപ്റ്റൻ ഭരദ്വാജ് വ്യക്തമാക്കി.

വിവാദ വീഡിയോ

 

 

 

PREV
Read more Articles on
click me!

Recommended Stories

കാടുകാത്ത് സമ്പന്നരായ കോസ്റ്റാറിക്ക; ലോകം പഠിക്കേണ്ട പരിസ്ഥിതി അത്ഭുതം!
പുല്ലിൽ ഇരിക്കരുത്, കുട്ടികൾ പൊതുസ്ഥലത്ത് കളിക്കരുത്; ഹൗസിംഗ് സൊസൈറ്റിയുടെ ഓരോരോ നിയമങ്ങള്‍!