
വിനോദയാത്രയ്ക്കായി ദക്ഷിണ കൊറിയയിലെത്തിയ പ്രമുഖ ഇന്ത്യൻ യൂട്യൂബർ സച്ചിൻ അവസ്തിക്കും ഭാര്യയ്ക്കും നേരിടേണ്ടി വന്നത് ദുരനുഭവങ്ങൾ. ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലും ചൈനയിലുമായി ഏകദേശം 38 മണിക്കൂറോളം തടങ്കലിൽ കഴിയേണ്ടി വന്നതായും അധികൃതർ തങ്ങളെ കുറ്റവാളികളെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും സച്ചിൻ ആരോപിച്ചു. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ സച്ചിൻ അവസ്തി, തന്റെ കോമഡി വീഡിയോകളിലൂടെയും ട്രാവൽ വ്ലോഗുകളിലൂടെയും നിരവധിക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറാണ്. അടുത്തിടെ ഭാര്യയോടൊപ്പം ദക്ഷിണ കൊറിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജേജു ദ്വീപിലേക്ക് നടത്തിയ യാത്രയിലാണ് ദുരനുഭവമുണ്ടായത്.
ജേജു ദ്വീപിലെത്തിയ ഉടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടയുകയും ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സൂര്യപ്രകാശം പോലും കടക്കാത്ത, ജയിലിന് സമാനമായ മുറിയിലാണ് തങ്ങളെ പാർപ്പിച്ചത് എന്നാണ് സച്ചിൻ അവസ്തി പറയുന്നത്. കുറ്റവാളികളെപ്പോലെയാണ് അധികൃതർ തങ്ങളോട് പെരുമാറിയതെന്ന് സച്ചിൻ ആരോപിച്ചു. ശുചിമുറിയിൽ പോകുമ്പോൾ പോലും ബോഡി ക്യാമറ ധരിച്ച പോലീസ് ഉദ്യോഗസ്ഥർ കൂടെ വന്നിരുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തിരികെ നാട്ടിലേക്ക് പോകാൻ സാധാരണ ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി തുക നൽകി പുതിയ ടിക്കറ്റ് എടുക്കാൻ അധികൃതർ തങ്ങളെ നിർബന്ധിച്ചതായും ബ്ലാക്ക്‌മെയിലിംഗ് നടന്നതായും അദ്ദേഹം ആരോപിക്കുന്നു. മടക്കയാത്രയിൽ ചൈനയിൽ വെച്ചും സമാനമായ കടുത്ത നിയന്ത്രണങ്ങൾ നേരിട്ടു എന്നാണ് ഇദ്ദേഹം പറയുന്നത്. ഫോൺ ഉപയോഗിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ല.
ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് ജേജു ദ്വീപിലേക്ക് വിസയില്ലാതെ പ്രവേശിക്കാമെങ്കിലും അതിൽ ചില പ്രധാന നിബന്ധനകളുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ജേജു ദ്വീപിൽ ഇറങ്ങുന്നവർക്ക് മാത്രമേ വിസ ഇളവ് ലഭിക്കൂ. ദക്ഷിണ കൊറിയയുടെ പ്രധാന നഗരങ്ങളായ സോൾ അല്ലെങ്കിൽ ബുസാൻ വഴി വിമാനം മാറി ജേജുവിലേക്ക് വരികയാണെങ്കിൽ നിർബന്ധമായും മുൻകൂട്ടി വിസ എടുത്തിരിക്കണം. വിസ നിയമങ്ങൾ പാലിച്ചാലും, ഒരാളുടെ യാത്രാ ഉദ്ദേശ്യത്തിൽ സംശയം തോന്നിയാൽ പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഓഫീസർക്ക് അധികാരമുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ സംഭവത്തെക്കുറിച്ച് വിസ വിദഗ്ധർ പറയുന്നത്, വിദേശ രാജ്യങ്ങളിൽ നിങ്ങളുടെ സെലിബ്രിറ്റി പദവിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 'സ്പെഷ്യൽ വിസ സോണുകളിലേക്ക്' യാത്ര ചെയ്യുമ്പോൾ എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യ റിസ്കുകൾ ഒഴിവാക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സച്ചിനും ഭാര്യയും സോൾ വഴിയാണ് ജേജുവിലേക്ക് പോകാൻ ശ്രമിച്ചത്.