കുട്ടികളുടെ ഭക്ഷ്യപാക്കറ്റുകളിൽ ഗുരുതര പിഴവ്, ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് 'ദി സിന്നമൺ കിച്ചൻ'

Published : Oct 19, 2026, 01:57 PM IST
cookie nutrition labels

Synopsis

പ്രമുഖ ബേക്കറി ബ്രാൻഡായ 'ദി സിന്നമൺ കിച്ചൻ' തങ്ങളുടെ കുക്കി പാക്കറ്റുകളിൽ തെറ്റായ പോഷകാഹാര വിവരങ്ങൾ നൽകിയതായി സമ്മതിച്ചു. ഇൻസ്റ്റാഗ്രാം കണ്ടന്‍റ് ക്രിയേറ്റർ പ്രതിമാ ദീക്ഷിത് നടത്തിയ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ബ്രാൻഡ് മാപ്പ് പറഞ്ഞത്. പാക്കറ്റുകളിലെ വിവരങ്ങൾ അടിയന്തരമായി തിരുത്തുമെന്ന് കമ്പനി അറിയിച്ചു.

പ്രമുഖ പ്ലാന്‍റ് അധിഷ്ഠിത, ഗ്ലൂട്ടൻ ഫ്രീ ബേക്കറി ബ്രാൻഡായ 'ദി സിന്നമൺ കിച്ചൻ' തങ്ങളുടെ കുക്കി പാക്കറ്റുകളിൽ തെറ്റായ പോഷകാഹാര വിവരങ്ങൾ നൽകിയതായി സമ്മതിച്ചു. സംഭവത്തിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ ബ്രാൻഡ്, തെറ്റുകൾ ഉടൻ തിരുത്തുമെന്ന് ഉറപ്പ് നൽകി. ആരോഗ്യ - പോഷകാഹാര ലേബലുകൾ പരിശോധിക്കുകയും ലളിതമായി വിശദീകരിക്കുകയും ചെയ്യുന്ന ഇൻസ്റ്റാഗ്രാം കണ്ടന്‍റ് ക്രിയേറ്റർ പ്രതിമാ ദീക്ഷിത് നടത്തിയ കണ്ടെത്തലുകളാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

തെറ്റ് ചൂണ്ടിക്കാട്ടിയത് ഉള്ളടക്ക സൃഷ്ടാവ്

'ദി സിന്നമൺ കിച്ചന്‍റെ' ആൽമണ്ട് ഫ്ലോർ, കക്കാവോ (almond flour and cacao) കുക്കികളുടെ ലേബൽ വിശകലനം ചെയ്ത ശേഷമാണ് പ്രതിമാ ദീക്ഷിത് വിവരങ്ങൾ പുറത്തുവിട്ടത്. 'ഷാർക്ക് ടാങ്ക് ഇന്ത്യ' സീസൺ 3-ലൂടെ ശ്രദ്ധേയമായ ഈ ബ്രാൻഡിൽ 'ബോട്ട്' ഉടമ അമൻ ഗുപ്ത 60 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. രണ്ട് കുക്കികൾ അടങ്ങിയ ഒരു പാക്കറ്റിന് 199 രൂപയാണ് വില (ഒരു കുക്കിക്ക് ഏകദേശം 100 രൂപ). ഇത്രയും ഉയർന്ന വില ഈടാക്കുന്ന പ്രീമിയം ഉൽപ്പന്നമായിട്ടും ലേബലിൽ അടിസ്ഥാനപരമായ പല വിവരങ്ങളും തെറ്റായാണ് നൽകിയിരിക്കുന്നതെന്ന് പ്രതിമാ ദീക്ഷിത് ചൂണ്ടിക്കാട്ടി.

പ്രധാന വീഴ്ചകൾ

പൂരിത കൊഴുപ്പ് (Saturated Fat) പൂജ്യമെന്ന അവകാശവാദം: 100 ഗ്രാം കുക്കിയിൽ 40.9 ഗ്രാം കൊഴുപ്പുണ്ടെന്നും, സ്വാഭാവികമായി കൊഴുപ്പടങ്ങിയ ആൽമണ്ട് ബട്ടർ, കക്കാവോ ബട്ടർ എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറയുമ്പോഴും പൂരിത കൊഴുപ്പ് '0.0 ഗ്രാം' എന്നാണ് ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പഞ്ചസാരയുടെ അളവിൽ വ്യക്തതയില്ലായ്മ: ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയുടെ നിയമപ്രകാരം ആകെ പഞ്ചസാരയും പുറമെ നിന്നും ചേർക്കുന്ന പഞ്ചസാരയും വെവ്വേറെ കാണിക്കണം. എന്നാൽ, ലേബലിൽ 'കരിമ്പ് പഞ്ചസാര' കൂടി അടങ്ങിയിട്ടുണ്ടെങ്കിലും തേങ്ങാ പഞ്ചസാരയെക്കുറിച്ച് മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്.

പിസിഒഎസ് സൗഹൃദമെന്ന വാദം: പിസിഒഎസ് രോഗികൾക്ക് അനുയോജ്യമാണെന്ന വലിയ അവകാശവാദത്തിന് ശാസ്ത്രീയമായ തെളിവുകളോ പഠനങ്ങളോ ബ്രാൻഡിന്‍റെ പക്കലില്ലെന്നും പ്രതിമാ ദീക്ഷിത് ചൂണ്ടിക്കാണിച്ചു.

പ്രതികരണവുമായി ബ്രാൻഡ്

പ്രതിമാ ദീക്ഷിതിന്‍റെ പോസ്റ്റിന് മറുപടിയായി 'ദി സിന്നമൺ കിച്ചൻ' തങ്ങളുടെ തെറ്റ് പരസ്യമായി സമ്മതിച്ചു. "ഞങ്ങളുടെ കുക്കി പാക്കേജിംഗിലെ വിവരങ്ങളിലുണ്ടായ പിഴവിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. യാതൊരു ഒഴിവുകഴിവുകളും പറയാതെ ഇതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നു. 58 ശതമാനം ആൽമണ്ട് ബട്ടറും 70 ശതമാനം വീഗൻ ഡാർക്ക് ചോക്ലേറ്റും അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള ചേരുവകളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ, ലേബലിലെ വിവരങ്ങൾ കൃത്യമായിരിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു," എന്ന് ബ്രാൻഡ് വ്യക്തമാക്കി. പാക്കറ്റുകളിലെ വിവരങ്ങൾ അടിയന്തരമായി തിരുത്തുമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വേണമൊരു മനസ്! വെറും 10 ദിവസം കൊണ്ട് മുഖം മാറി ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരം, ക്രെഡിറ്റ് ഏറ്റെടുക്കാതെ കനേഡിയൻ യുവാവ്
കുട്ടികളുടെ ഭക്ഷണത്തിൽ വിഷപ്പെയിന്‍റ്! 200 -ലേറെ കുട്ടികൾക്ക് ലെഡ് വിഷബാധ; നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്!