
നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്ന 42 -കാരന്‍റെ കണ്ണിനുള്ളിൽ നിന്ന് മുളച്ച വിത്ത് കണ്ടെത്തി. വിത്തിന്‍റെ വേരുകൾ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുന്നെന്ന് റിപ്പോർട്ടുകൾ. റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്‌സിം സ്ലെപ്‌സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടിയത്. കണ്ണിൽ തുടർച്ചയായി വീക്കവും കാഴ്ചശക്തി കുറഞ്ഞുവരുന്നതുമായിരുന്നു മാക്‌സിയെ ആശുപത്രിയിലെത്തിച്ച പ്രശ്നങ്ങൾ.
സൈബീരിയയിലെ വിദൂരപ്രദേശമായ അബിയിസ്കി ജില്ലയിലേക്ക് മാക്‌സിം യാത്ര പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തിനെ സന്ദർശിക്കുന്നതിനും മീൻപിടിക്കാനും കാട്ടുപഴങ്ങൾ ശേഖരിക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. യാത്രയ്ക്കിടെ ഒരു മരക്കൊമ്പ് കണ്ണിൽ തട്ടിയതായി അദ്ദേഹം പറയുന്നു. തുടർന്ന് വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകിയ മാക്‌സിം, കണ്ണിനുള്ളിൽ നിന്നും ചെറിയൊരു മരത്തൊലി കഷണം പുറത്തെടുത്തു. പ്രശ്നം പരിഹരിച്ചുവെന്നായിരുന്നു അദ്ദേഹം കരുതിയത്. അതിനാൽ തന്നെ പരിക്കിനെ കാര്യമായെടുത്തില്ല. എന്നാൽ, ആ അപകടത്തിൽ ഒരു ചെറിയ വിത്ത് അദ്ദേഹത്തിന്‍റെ കണ്ണിനുള്ളിൽ അവശേഷിച്ചെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു.
A tree bud sprouted in a Russian man's eye after the seed had been there for four months.
Maxim Sleptsov, 42, from Yakutia, sought help for eye pain, migraines, and glaucoma.
The seed was removed, and his eye is no longer at risk. https://t.co/z1rrIlDMrb
— MOSCOW NEWS 🇷🇺 (@MOSCOW_EN) October 29, 2026
ആദ്യ അവഗണിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ വഷളായി. വിട്ടുമാറാത്ത തലവേദന, കണ്ണിൽ വീക്കം, വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട് എന്നിവ അദ്ദേഹത്തെ അലട്ടി. റഷ്യൻ പത്രമായ കൊംസോമോൾസ്കായ പ്രാവ്ദയുടെ റിപ്പോർട്ട് പ്രകാരം, വിദൂരപ്രദേശത്ത് താമസിച്ചിരുന്നതിനാൽ വിദഗ്ധ ചികിത്സ തേടുന്നതും അദ്ദേഹത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടായി. ഒടുവിൽ യാകുത്സ്കിലെത്തിയ മാക്‌സിം അടിയന്തര നേത്രചികിത്സാ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയനായി. ഈ പരിശോധനയിലാണ് കണ്ണിനുള്ളിൽ കുടുങ്ങിയ വിത്ത് മുളച്ച് തുടങ്ങിയതായി ഡോക്ടർമാർ കണ്ടെത്തിയത്. വിത്തിന്‍റെ വേരുകൾ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്‍റെ വെള്ളഭാഗത്തെ പൊതിഞ്ഞുനിൽക്കുന്ന നേർത്ത പാളിയായ കൺജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു! ചികിത്സയ്ക്ക് ശേഷം മാക്‌സിമിന് തലവേദനയിൽ ഉടൻ ആശ്വാസം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.