ബലാത്സം​ഗം ചെയ്‍തയാളെ വിവാഹം കഴിക്കേണ്ടിവന്നു, ആ​ദ്യരാത്രിയിലും ​ഗർ‌ഭിണിയായിരിക്കുമ്പോഴും ഉപദ്രവം, ഒടുവിൽ...

Published : May 11, 2022, 04:43 PM ISTUpdated : May 11, 2022, 04:50 PM IST
ബലാത്സം​ഗം ചെയ്‍തയാളെ വിവാഹം കഴിക്കേണ്ടിവന്നു, ആ​ദ്യരാത്രിയിലും ​ഗർ‌ഭിണിയായിരിക്കുമ്പോഴും ഉപദ്രവം, ഒടുവിൽ...

Synopsis

പലതവണ അവള്‍ വീട്ടില്‍ നിന്നുമിറങ്ങിപ്പോയി. അപ്പോഴെല്ലാം പലതരത്തില്‍ അയാള്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പേടിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചു. അതില്‍ കത്തിയുമായി നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. 

2018 ഫെബ്രുവരിയിലാണ് സഹപ്രവര്‍ത്തകനായ മിഹായ് സവേസ്ക്യു (Mihai Savescu) എന്ന മുപ്പത്തിനാലുകാരന്‍ അവളെ ബലാത്സംഗം (rape) ചെയ്യുന്നത്. അന്ന് അമാന്‍ഡ വാക്കറിന് പ്രായം 24. അവളെ പീഡിപ്പിച്ചയാളെ തന്നെ പിന്നീടവള്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍, ഒരു വര്‍ഷവും ഒമ്പതുമാസവും കഴിഞ്ഞപ്പോള്‍ അവള്‍ അയാള്‍ക്കെതിരെ കേസ് കൊടുത്തു. അയാള്‍ ജയിലിലുമായി. അത്രയേറെ ദുരിതമായിരുന്നു അവളുടെ ജീവിതം. 

ഒരു കെയര്‍ ഹോമിലെ കെയര്‍ കോര്‍ഡിനേറ്ററായിരുന്നു അന്ന് അമാന്‍ഡ. മിഹായ് അവിടെ പുതുതായി എത്തിയ കെയററും. അയാള്‍ വളരെ സൗഹൃദത്തോടെ ഇടപഴകുന്ന ഒരാളായിരുന്നു. റൊമാനിയയില്‍ നിന്നുമെത്തിയ അയാള്‍ക്ക് നേരത്തെയുണ്ടായിരുന്ന ബന്ധത്തില്‍ ഒരു മകനുമുണ്ടായിരുന്നു. അമാന്‍ഡയ്ക്ക് അവിടെ ആരും സുഹൃത്തുക്കളുണ്ടായിരുന്നില്ല. അതുവരെ ഒരു ബോയ്ഫ്രണ്ടും ഇല്ലായിരുന്നു. അവള്‍ക്ക് വിഷാദമുണ്ടായിരുന്നു. അവള്‍ ആള്‍ക്കാരോട് മിണ്ടാന്‍ മടിയുള്ളവളും ആത്മവിശ്വാസക്കുറവുള്ളവളും ആയിരുന്നു. അങ്ങനെ മിഹായിയും അവളും സുഹൃത്തുക്കളായി. അവള്‍ തന്‍റെ വിഷമങ്ങളും മറ്റും അയാളോട് പങ്കുവയ്ക്കാറുമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം അയാള്‍ അമാന്‍ഡയെ വീട്ടിലാക്കാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി. അത് ചെന്നുനിന്നത് ഒരു ഹോട്ടലിലാണ്. അമാന്‍ഡ ആകെ പരിഭ്രമത്തിലായിരുന്നു. എന്നാല്‍, ഒന്നും ഭയക്കേണ്ടതില്ല എന്നും പറഞ്ഞ് ഹോട്ടല്‍മുറിയിലെത്തിച്ച അവളെ അയാള്‍ ബലാത്സംഗം ചെയ്‍തു. 

അവള്‍ തന്നെ ഒന്നും ചെയ്യരുത് എന്ന് അയാളോട് യാചിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അയാളതൊന്നും കേട്ടില്ല. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ശരിയല്ലെന്ന് കരുതുന്ന 'യഹോവയുടെ സാക്ഷികളി'ല്‍ വിശ്വസിക്കുന്നവളായിരുന്നു അമാന്‍ഡ. അതും അവളെ തളര്‍ത്തി. എന്നാല്‍, എല്ലാം കഴിഞ്ഞ ശേഷം പൊട്ടിക്കരയുന്ന അമാന്‍ഡയോട് മിഹായ് ഇത് ആരോടും പറയരുത് എന്ന് യാചിച്ചു. തനിക്കൊരു മകനുണ്ട് എന്നും ഇതാരെങ്കിലും അറിഞ്ഞാല്‍ അവനെ നഷ്ടപ്പെടുമെന്നും അയാള്‍ അവളോട് കെഞ്ചിപ്പറഞ്ഞു. ആ കുഞ്ഞിനെ ഓര്‍ത്ത് അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. അയാള്‍ ജോലി സ്ഥലത്ത് ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി. അവളും അങ്ങനെ പെരുമാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

എന്നാല്‍, രണ്ടുമാസത്തിന് ശേഷം അവളാ സത്യം മനസിലാക്കി. താന്‍ ഗര്‍ഭിണിയാണ്. അമ്മയുടെ കൂടെയായിരുന്നു അമാന്‍ഡ താമസിച്ചിരുന്നത്. അവളെല്ലാം അമ്മയോട് തുറന്ന് പറഞ്ഞു. അമ്മ അവളോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. പകരം അവളെ പിന്തുണയ്ക്കാമെന്ന് വാഗ്ദ്ധാനവും നല്‍കി. അമാന്‍ഡ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഒരു കുഞ്ഞുണ്ടാവേണ്ടത് പ്രണയത്തില്‍ നിന്നാണ് അല്ലാതെ ബലാത്സംഗത്തില്‍ നിന്നുമല്ല എന്നാണ് അവള്‍ വിശ്വസിച്ചിരുന്നത്. അധികം വൈകാതെ തന്നെ താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അവള്‍ മിഹായ്‍യോടും പറഞ്ഞു. ഒപ്പം തന്‍റെ മതത്തിലെ മുതിര്‍ന്നവരോടും. അവര്‍ പറഞ്ഞത് ഒന്നുകില്‍ അവള്‍ മിഹായ്‍ക്കെതിരെ കേസ് കൊടുക്കണം അല്ലെങ്കില്‍ അയാള്‍ക്കൊപ്പം ജീവിക്കണം എന്നായിരുന്നു. ആ സമയത്ത് അവള്‍ 12 ആഴ്ച ഗര്‍ഭിണിയായിരുന്നു. വേറെ വഴിയൊന്നും കാണാതെ അവള്‍ മിഹായ്‍യെ തന്നെ വിളിച്ചു. അയാള്‍, അവളെ ഒപ്പം താമസിക്കാന്‍ ക്ഷണിച്ചു. അപമാനം കൊണ്ട് വേവുമ്പോഴും മറ്റ് വഴിയൊന്നും കാണാതെ അവള്‍ അയാള്‍ക്കൊപ്പം പോയി. അയാള്‍, തന്നെ നന്നായി നോക്കുമെന്നായിരുന്നു അവളുടെ പ്രതീക്ഷ. എന്നാല്‍, അയാള്‍ അവളെ വീണ്ടും ബലാത്സംഗം ചെയ്‍തു. 

പിറ്റേമാസമായിരുന്നു അവളുടെ ആദ്യത്തെ പ്രഗ്നന്‍സി സ്കാന്‍. അവള്‍ തന്‍റെ കുഞ്ഞിന് വേണ്ടി ജീവിതത്തെ സ്നേഹിക്കണം എന്ന് കരുതി. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും മിഹായ്‍യുടെ പെരുമാറ്റം കൂടുതല്‍ മോശമായി. അവളുടെ വയറ്റില്‍ വളരുന്നത് പെണ്‍കുഞ്ഞാണ് എന്നതും അയാളുടെ ഉപദ്രവം വര്‍ധിക്കാന്‍ കാരണമായി. 2018 നവംബറില്‍ അവള്‍ തന്‍റെ കുഞ്ഞിന് ജന്മം നല്‍കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മിഹായ് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മകള്‍ക്ക് വേണ്ടി അവളതിന് സമ്മതിച്ചു. പിറ്റേമാസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. അവള്‍ എല്ലാം മറച്ച് എല്ലാവരുടെയും മുന്നില്‍ ചിരിച്ചുകൊണ്ട് നിന്നു. എന്നാല്‍, അന്ന് രാത്രി തന്നെ അയാള്‍ അവളെ തനിച്ചാക്കി മദ്യപിക്കാന്‍ പോയി. തിരികെയെത്തിയ അയാള്‍ അവളെ വീണ്ടും ബലാത്സംഗം ചെയ്‍തു. 

പലതവണ അവള്‍ വീട്ടില്‍ നിന്നുമിറങ്ങിപ്പോയി. അപ്പോഴെല്ലാം പലതരത്തില്‍ അയാള്‍ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പേടിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചു. അതില്‍ കത്തിയുമായി നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. തിരികെ വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു ഭീഷണി. അങ്ങനെ അവള്‍ തിരികെ ചെന്നു. എന്നാല്‍, 2019 നവംബറില്‍ കിടപ്പുമുറിയില്‍ മകള്‍ കട്ടിലില്‍ ഉറങ്ങിക്കിടക്കെ അയാള്‍ അവളെ നിലത്തേക്ക് വീഴ്ത്തി വീണ്ടും ഉപദ്രവിച്ചു. കുഞ്ഞ് കിടക്കയില്‍ കിടന്നു കരയുന്നുണ്ടായിരുന്നു. ഇതിനുമുമ്പും അയാള്‍ അവളെ അങ്ങനെ ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ അവള്‍ തീരുമാനിച്ചു. ഇനിയും ഇത് ഇങ്ങനെ പോയാല്‍ പറ്റില്ല. തന്‍റെ മകള്‍ കുറച്ച് കൂടി നല്ല ജീവിതം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ, അമാന്‍ഡ തന്‍റെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട്, പൊലീസിലും വിവരമറിയിച്ചു. 2021 ഒക്ടോബറില്‍ മിഹായ് അറസ്റ്റ് ചെയ്യപ്പെട്ടു. 

17 വര്‍ഷത്തേക്ക് അയാളെ ജയിലിലടച്ചു. ശിക്ഷ കഴിഞ്ഞാല്‍ അയാളെ നാടുകടത്തും. പീഡിപ്പിച്ചതിനും അതിജീവിതയുടെ അവസ്ഥയും നല്ല മനസും ചൂഷണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നെങ്കിലും ഒരുദിവസം തന്‍റെ മകളോട് ഇതെല്ലാം തുറന്ന് പറയുമെന്ന് അമാന്‍ഡ പറയുന്നു. അവള്‍ തനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് എന്നും തന്‍റെ ജീവനും ജീവിതവുമാണ് എന്നും അമാന്‍ഡ പറയുന്നു. ഒപ്പം അമാന്‍ഡ ഓര്‍മ്മിപ്പിക്കുന്നു, 'തന്‍റേത് പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ഏതെങ്കിലും സ്ത്രീകളുണ്ട് എങ്കില്‍ പുറത്ത് കടക്കണം. ഇനിയും വൈകിയിട്ടില്ല...'

 

(ആദ്യചിത്രത്തിൽ മിഹായ്, മറ്റ് ചിത്രങ്ങൾ പ്രതീകാത്മകം)
 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!