
തിങ്കളാഴ്ച വൈകുന്നേരത്തോടെ ചൈനയിലെ തുറമുഖ നഗരമായ (Chinese port-city) ഷൗഷാനി(Zhoushan)ൽ ആകാശം രക്തവർണമായി മാറി (sky turns blood red). എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിവാസികൾ ആകെ പരിഭ്രാന്തരായി. സിന്ദൂരച്ചുവപ്പ് കലർന്ന ആകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പലരും പല വിശദീകരണങ്ങളുമായി വന്നു. ചിലർ എവിടെയോ നടക്കുന്ന വൻതീപിടിത്തത്തിന്റെ ഫലമാകാം ഇതെന്ന് കരുതി. മറ്റ് ചിലർ ലോകാവസാനമാണെന്ന് ഭയന്നു. ഒടുവിൽ കിഴക്കൻ ചൈനയിലെ ഷൗഷാനിലെ കാലാവസ്ഥാ നിരീക്ഷകർ ഭയാനകമായ ഈ കടുംചുവപ്പിന് ശാസ്ത്രീയമായ ഒരു വിശദീകരണം നൽകി. അപ്പോഴാണ് ആളുകൾക്ക് ആശ്വാസമായത്.
കാലാവസ്ഥ നല്ലതായിരിക്കുമ്പോൾ, അന്തരീക്ഷത്തിലെ കൂടുതൽ ജലം മൂടൽമഞ്ഞിന്റെ കട്ടിയുള്ള പാളികളായി മാറുന്നു. കടലിലെ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് വ്യതിചലിക്കുന്ന ലൈറ്റുകൾ ഈ പാളികളിൽ തട്ടുകയും, ചിതറുകയും ചെയ്യുമ്പോൾ ആകാശം ചുവക്കുന്നതാണ് എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു. പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ അപവർത്തനമാണ് ആകാശത്തെ സിന്ദൂരമയമാക്കുന്നതെന്ന് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ സിസിടിവി ഒരു പ്രാദേശിക മത്സ്യബന്ധന കമ്പനിയുമായി ബന്ധപ്പെട്ടു. വെളിച്ചം അവരുടെ ബോട്ടുകളിലൊന്നിന്റെതാണെന്നും അപവർത്തനം മൂലം മൂടൽമഞ്ഞിന്റെ കട്ടിയുള്ള പാളികൾ ചുവപ്പായി മാറിയതാണെന്നും സ്ഥിരീകരിച്ചു.
21-ാം നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനമായി കണക്കാക്കുന്ന 2022 -ലെ ടോംഗ അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള കണികകളും ഈ പ്രകാശ അപവർത്തനത്തിന് കാരണമായിരിക്കാമെന്ന് പറയപ്പെടുന്നു. കിഴക്കൻ ചൈനയിലെ ഈ പ്രതിഭാസത്തിന് പിന്നിലുള്ള കാരണം വ്യക്തമായെങ്കിലും, ഇപ്പോഴും ഈ അപൂർവ്വ പ്രതിഭാസത്തിന്റെ നിരവധി വീഡിയോകളും ഫോട്ടോഗ്രാഫുകളും ഓൺലൈനിൽ പ്രചരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ചൈനീസ് സോഷ്യൽ മീഡിയയിലുടനീളം 150 ദശലക്ഷം ആളുകളാണ് വീഡിയോകളും ഫോട്ടോകളും കണ്ടത്. ഇത്രയും ഭയാനകമായ ഒന്ന് ഇതിന് മുൻപ് തങ്ങൾ കണ്ടിട്ടില്ലെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു: "ഇതുപോലൊന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല. ആകാശത്തിന് ഇത്ര ചുവപ്പ് നിറമുണ്ടാകാമെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു" എന്നാണ് ഇയാൾ പറഞ്ഞത്.
എന്നാൽ, അവിടെ ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള 1770 കാലഘട്ടത്തിലെ ചരിത്രരേഖകൾ അടുത്തിടെ ഗവേഷകർ കണ്ടെത്തുകയുണ്ടായി. അതിൽ ആകാശം ഭയാനകമായ ചുവപ്പായി മാറുന്നതിന്റെ ദൃക്‌സാക്ഷി വിവരണമുണ്ട്.