പെട്ടന്നൊരു ദിവസം ജോലിയിൽ നിന്നും പിരിച്ചുവിട്ടു, നാട്ടിൽ സൂപ്പർ മാർക്കറ്റ് തുടങ്ങി വൻതുക നേടി സോഫ്‍റ്റ്‍വെയർ എഞ്ചിനീയർ

Published : Jun 26, 2026, 12:24 PM IST
 Samitha Sulakkana

Synopsis

ജോലിയിൽ നിന്നും പിരിച്ചുവിട്ടു,  നാട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നല്ല തുക തന്നെ സമ്പാദിച്ച് സോഫ്‍റ്റ്‍വെയർ എഞ്ചിനീയര്‍. ശ്രീലങ്കയില്‍ നിന്നുള്ള സമിത സുലക്കണ എന്ന യുവാവാണ് തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. 

പല മേഖലകളിലും ഇന്ന് ലേ ഓഫ് വ്യാപകമാണ്. വലിയ വലിയ കമ്പനികളിൽ നിന്നും നിരവധി ഐടി പ്രൊഫഷണലുകളെയാണ് പിരിച്ചുവിടുന്നത്. നമ്മുടെ ജോലിയും വരുമാന മാർ​ഗവും ഇല്ലാതെയാകുമ്പോൾ നാം തളർന്നുപോകുന്നതും നിരാശരാകുന്നതും സ്വാഭാവികമാണ്. എന്നാൽ, അവിടെ നിന്നും പിടിച്ചുകയറി തികച്ചും വ്യത്യസ്തമായൊരു വഴിയിലൂടെ വലിയ തുക സമ്പാദിക്കുന്നൊരു യുവാവിന്റെ അനുഭവമാണ് ഇത്. ശ്രീലങ്കയിൽ നിന്നുള്ള ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഗ്രാമത്തിൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് ആരംഭിക്കുകയാണ് ചെയ്തത്. ജോലി പോയപ്പോൾ പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആയിരുന്നെങ്കിലും ഇന്ന് നാട്ടിലെ ഒരു വലിയ ബിസിനസ്സായി ഇത് വളർന്നിരിക്കുന്നു. ഇപ്പോൾ പ്രതിദിനം 50,000 രൂപയുടെ വിറ്റുവരവ് ഇതിൽ നിന്നും ലഭിക്കുന്നതായാണ് സമിത സുലക്കണ എന്ന യുവാവ് പറയുന്നത്.

ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്ന തന്റെ അനുഭവക്കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; 'ഏതാനും മാസങ്ങൾക്ക് മുമ്പ്, എന്റെ കമ്പനിയിൽ വലിയ ലേ-ഓഫ് നടന്നു. അതെന്നെയും ബാധിച്ചു. ഭാവിയെ കുറിച്ച് വലിയ അനിശ്ചിതത്വം അതെന്നിലുണ്ടാക്കി. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ബിരുദധാരി എന്ന നിലയിൽ, ടെക് ഇൻഡസ്ട്രിയിൽ ഒരു കരിയർ കെട്ടിപ്പടുക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇപ്പോഴും എന്റെ പാഷനാണ്, അതിലേക്ക് തിരികെ കണക്റ്റാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ, അവസരങ്ങൾ എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന രൂപത്തിലല്ല വരുന്നതെന്നും ഞാൻ മനസ്സിലാക്കി. മറ്റൊരവസരത്തിനായി കാത്തിരിക്കാതെ, സ്വന്തമായി അവസരം സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു'.

'എന്റെ ഗ്രാമത്തിൽ നാട്ടുകാർക്ക് വേണ്ടി ഒരു മിനി സൂപ്പർമാർക്കറ്റ് ഉണ്ടായിരുന്നില്ല. ഞാൻ അവരുടെ ആവശ്യം മനസിലാക്കി ഒപ്പം ബിസിനസിനുള്ള ഒരവസരവും കണ്ടു, അതിനാൽ കൃത്യമായ കണക്കുകൂട്ടലുകളോടെ റിസ്കെടുത്ത് ഞാൻ സ്വന്തമായി ഒരു സ്റ്റോർ തുടങ്ങി. ഒരു സാധാരണ കടയുടമയെ പോലെ പ്രവർത്തിക്കാതെ, ഉപഭോക്താക്കളുടെ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഞാനെന്റെ ടെക്നിക്കൽ ബാക്ക്​ഗ്രൗണ്ട് ഉപയോഗിച്ചു.'

'അതിന്റെ ആദ്യ പടിയായി, ക്യാഷ് ഓൺ ഡെലിവറി സൗകര്യമുള്ള ഓൺലൈൻ ഓർഡറിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തു, ഇത് ആളുകളെ വീട്ടിലിരുന്ന് തന്നെ ഓർഡറുകൾ നൽകാൻ സഹായിച്ചു'.

'മൂന്ന് മാസങ്ങൾക്ക് ശേഷം, ബിസിനസ്സ് പ്രതിദിനം 50,000 -ത്തിലധികം വിറ്റുവരവിലേക്ക് വളർന്നു. അതിലും പ്രധാനമായി, ഉപഭോക്താക്കളുമായി ദിവസവും ഇടപഴകുന്നതിലൂടെയും എന്റെ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലൂടെയും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.'

തന്റെ ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ട് എന്നും യുവാവ് കുറിക്കുന്നു. സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. അതുപോലെ, ശരിക്കും യുവാവ് ഒരു പ്രചോദനമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്
വീടിനുള്ളിൽ ആരുമറിയാതെ വളർത്തിയത് 309 മലമ്പാമ്പുകളെ! യുവാവിനെ കുടുക്കിയത് ‌വൈദ്യുതി ബിൽ!