യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായി യു എൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയം

By Web TeamFirst Published Mar 25, 2021, 3:15 PM IST
Highlights

യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളായ ആളുകളെ വെളിച്ചത്ത് കൊണ്ടുവരാൻ യുഎൻ മനുഷ്യാവകാശ മേധാവിക്ക് പുതിയ പ്രമേയം കൂടുതൽ അധികാരങ്ങൾ നൽകുന്നു. 

2009 -ൽ അവസാനിച്ച ശ്രീലങ്കയുടെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ നടന്ന യുദ്ധക്കുറ്റങ്ങളിൽ ശ്രീലങ്കക്കെതിരായി യു.എൻ കൗൺസിൽ പ്രമേയം പാസ്സാക്കി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിലാണ് പ്രമേയം അവതരിപ്പിച്ചത്. യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിനെ ചുമതലപ്പെടുത്തി. തമിഴ് പുലികളുടെ  വിമത ഗ്രൂപ്പുമായുള്ള 26 വർഷത്തെ പോരാട്ടത്തിൽ 80,000-100,000 ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് യുഎൻ വിശ്വസിക്കുന്നത്. യുഎൻ മനുഷ്യാവകാശ സമിതി പാസാക്കിയ പ്രമേയത്തിൽ ശ്രീലങ്ക ഉത്തരവാദിത്തത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചു.

അതേസമയം പ്രമേയത്തെ 'നീതീകരിക്കാൻ കഴിയാത്തതും ഭിന്നിപ്പിക്കുന്നതും' എന്നാണ് ശ്രീലങ്ക വിശേഷിപ്പിച്ചത്. വിദേശ രാജ്യങ്ങളിലെ പ്രതികളെയും വിചാരണ ചെയ്യണമെന്ന് കൗൺസിലിന്റെ പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരും തമിഴ് പുലികളുമായുള്ള സംഘർഷത്തിനിടെ ഇരുഭാഗത്തും നിന്നും അതിക്രമങ്ങൾ ഉണ്ടായതായി യുഎൻ ആരോപിക്കുന്നു. "ശ്രീലങ്കയിലെ മനുഷ്യാവകാശ നിരീക്ഷണം തുടരാനും, മുൻകാല കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്താനുമുള്ള ഹ്യുമൻ റൈറ്റ്സ് കൗൺസിൽ -ന്റെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ശ്രീലങ്കയിലെ എല്ലാ സമുദായങ്ങളിൽപ്പെട്ട ഇരകളും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പരിശ്രമത്തിൽ കാണിച്ച ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും മുന്നിൽ ഞാൻ നമിക്കുന്നു" മിഷേൽ പറഞ്ഞു.

ശ്രീലങ്ക നിലവിലെ നയങ്ങളിൽ നിന്ന് വ്യതിചലിക്കുമെന്നും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും മാധ്യമങ്ങളുടെയും പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. "ദേശീയ തലത്തിൽ നീതി നടപ്പാക്കാൻ ശ്രീലങ്കയ്ക്ക് വർഷങ്ങളായി നൽകിയ പിന്തുണയും പ്രോത്സാഹനവും കൊണ്ട്  ഒന്നും നേടാനായില്ല. എന്നാൽ, ഈ പ്രമേയം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അത് തുടരാനാവില്ലെന്ന് വ്യക്തമായ സന്ദേശം നൽകുന്നു" ജനീവയിലെ യുഎന്നിന്റെ ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രതിനിധി ഹിലാരി പവർ പറഞ്ഞു.

യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളായ ആളുകളെ വെളിച്ചത്ത് കൊണ്ടുവരാൻ യുഎൻ മനുഷ്യാവകാശ മേധാവിക്ക് പുതിയ പ്രമേയം കൂടുതൽ അധികാരങ്ങൾ നൽകുന്നു. ഒപ്പം ശേഖരിച്ച തെളിവുകൾ ഭാവിയിലെ പ്രോസിക്യൂഷനുകൾക്കും ഉപയോഗിക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഇത് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില സൈനിക, സിവിലിയൻ ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും മറ്റ് നിയന്ത്രണങ്ങൾക്കും കാരണമാകുമെന്ന് ശ്രീലങ്ക ആശങ്കപ്പെടുന്നു. 22 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തി. അതേസമയം പാകിസ്ഥാൻ, ബംഗ്ലാദേശ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ 11 രാജ്യങ്ങൾ അതിനെതിരെ വോട്ട് ചെയ്തു. ശ്രീലങ്കയുടെ അയൽ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ നിന്ന് വിട്ടു നിന്നു.  

ശ്രീലങ്കൻ സുരക്ഷാ സേനയും വിഘടനവാദി തമിഴ് പുലികളും തമ്മിലുള്ള പതിറ്റാണ്ടുകളായി നടന്ന ആഭ്യന്തര യുദ്ധത്തിൽ സൈന്യം കൊന്ന 40,000 തമിഴ് വംശജർ ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ മരണപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. അതേസമയം ഈ ആരോപണം ശ്രീലങ്കൻ സർക്കാർ നിഷേധിച്ചു. ശ്രീലങ്കൻ സൈന്യം ആശുപത്രികൾ ആക്രമിക്കുകയും, വിവേചനരഹിതമായ വ്യോമാക്രമണം നടത്തുകയും, കീഴടങ്ങുന്ന വിമതരെ വധിക്കുകയും, ആയിരക്കണക്കിന് ന്യൂനപക്ഷ തമിഴരുടെ തിരോധാനത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് യുഎൻ റിപ്പോർട്ടുകൾ ആരോപിക്കുന്നത്.

click me!