ബലാത്സംഗത്തിനിരയായത് മൂന്നുലക്ഷം സ്ത്രീകൾ, വധിക്കപ്പെട്ടത് ഒരുലക്ഷത്തോളം പേർ;ബംഗ്ലാദേശ് വംശഹത്യക്ക് അമ്പതാണ്ട്

By Web TeamFirst Published Mar 25, 2021, 12:47 PM IST
Highlights

ബാരി ഹിന്ദുവല്ല എന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. എന്നിട്ടും അവർ ചോദ്യം ചെയ്യൽ തുടർന്നു.

ഇന്ന് ബംഗ്ളാദേശ് വംശഹത്യയുടെ അൻപതാം വാർഷികമാണ്. നമ്മളിൽ പലരും ഒരുപക്ഷെ കേട്ടിട്ടുപോലും ഉണ്ടാകാൻ സാധ്യതയില്ലാത്ത ഈ കൊടുംക്രൂരതയ്ക്ക് തുടക്കം കുറിക്കപ്പെടുന്നത്, 1971 മാർച്ച് 25 -നാണ്. അന്നാണ്, ജനറൽ യഹ്യാ ഖാന്റെ പാക്കിസ്ഥാൻ പട്ടാളം, ബംഗ്ലാദേശിലെ വിപ്ലവകാരികൾക്കെതിരെയുള്ള തങ്ങളുടെ നരനായാട്ട് തുടങ്ങുന്നത്. ഇങ്ങനെയൊന്ന് നടക്കുന്നുണ്ട് എന്ന് ഈ ലോകത്തോട് ആദ്യമായി വിളിച്ചു പറയുന്നത്, ആന്റണി മസ്‌കരേന്യസ് എന്ന പാകിസ്താനി പത്രപ്രവർത്തകനാണ്. കറാച്ചിയിലെ മോണിംഗ് ന്യൂസ് പത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ആന്റണിയെ തങ്ങളുടെ ഓപ്പറേഷൻ സെർച്ച് ലൈറ്റ് നേരിട്ട് കാണാൻ വേണ്ടി ക്ഷണിച്ചു കൂടെ കൊണ്ടുപോയത് പാകിസ്താനി പട്ടാളം തന്നെ ആയിരുന്നു. അന്ന് ആ ക്രൂരമായ ഓപ്പറേഷൻ നേരിൽ കാണാൻ ഇടയായ ആന്റണി, നേരിട്ടുകണ്ട കാഴ്ചകൾ എഴുതിവെച്ചു. ചിലതൊക്കെ ക്യാമറയിൽ പകർത്തി. ഈ ഡയറിക്കുറിപ്പുളെയും ചിത്രങ്ങളെയും ആസ്പദമാക്കി ലോകത്തെ പിടിച്ചു കുലുക്കുന്ന ഒരു പതിനാറു കോളം ലേഖനം തന്നെ ആന്റണി എഴുതി. പാകിസ്ഥാൻ പട്ടാളത്തിന്റെ അന്നത്തെ ക്രൗര്യം നല്ലപോലെ അറിയാമായിരുന്ന അയാൾ, ആദ്യം തന്റെ കുടുംബത്തെയും, പിന്നീട് തന്നെത്തന്നേയും യുകെയിലേക്ക് പറിച്ചു നട്ട ശേഷം 1971 ജൂൺ 13 ന് യുകെയിലെ സൺഡേ ടൈംസ് പത്രത്തിൽ തന്റെ ആ ലേഖനം പ്രസിദ്ധപ്പെടുത്തി. അതുണ്ടാക്കിയ തുടർ ചലനങ്ങളാണ് വാസ്തവത്തിൽ അന്ന് ഇന്ത്യയുടേയും മറ്റു ലോകരാഷ്ട്രങ്ങളുടെയും നയതന്ത്രപരവും സൈനികവുമായ ഇടപെടലുകളിലേക്കും പിന്നീട് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്കും തന്നെ നയിച്ചത്. ആന്റണി മസ്‌കരേന്യസ് അന്നെഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാളം.  

"ഭാഗ്യം അബ്ദുൽ ബാരിയെ കയ്യൊഴിഞ്ഞു കഴിഞ്ഞിരുന്നു. കിഴക്കൻ ബംഗാളിലെ ആയിരക്കണക്കായ മറ്റു ജനങ്ങളെപ്പോലെ അയാളും ഒരു മഹാബദ്ധം പ്രവർത്തിച്ചിരുന്നു. പാകിസ്താനി ആർമി പെട്രോൾ വാഹനത്തിന്റെ കണ്ണെത്തും ദൂരത്ത്  ചെന്നുപെട്ടു ബാരി. യന്ത്രത്തോക്കേന്തിയ പട്ടാളക്കാരാൽ ചുറ്റപ്പെട്ടുനിന്ന, വെറും ഇരുപത്തിനാലു വയസ്സുമാത്രം പ്രായമുള്ള, കൊലുന്നനെയുള്ള ആ ചെറുപ്പക്കാരൻ പൂങ്കുലപോലെ വിറയ്ക്കുകയായിരുന്നു. ഇതാ താൻ വെടിയേറ്റ് കൊല്ലപ്പെടാൻ പോവുന്നു എന്ന ബോധ്യം അയാളുടെ തലച്ചോറിൽ ആവേശിച്ചു. 

"ഞങ്ങളുടെ ഒരു പതിവ് രീതിയ്ക്ക് അയാൾ ഓടുമ്പോൾ തന്നെ പിന്നിൽ നിന്ന് വെടിവെച്ചിടാറാണ് പതിവ്." G2 ഓപ്സിന്റെ ഒമ്പതാം ഡിവിഷനിലെ മേജർ ആയിരുന്ന റാത്തോഡ് ഒരു നേരംപോക്ക് പറയുന്ന ലാഘവത്തോടെയാണ് ആ പറഞ്ഞത്. " ഇതിപ്പോൾ നിങ്ങൾ കൂടി ഉണ്ടല്ലോ, അതാണ് ഒറ്റവെടിക്ക് തീർക്കാതെ, ആദ്യം തടഞ്ഞു നിർത്തി ഒരു റൌണ്ട് നിങ്ങളെ കാണിക്കാം എന്ന് കരുതിയത്." - കോമിലയ്ക്ക് ഇരുപതു മൈൽ കിഴക്കുള്ള മുദഫർഗഞ്ച് ഗ്രാമത്തിനടുത്താണ് അപ്പോൾ ഞങ്ങൾ നിന്നിരുന്നത്. 

"വെടിവെച്ചു കൊല്ലുന്നതെന്തിനാ അവരെ?" ഉത്കണ്ഠ മറച്ചുവെക്കാതെ ഞാൻ ചോദിച്ചു. "അവർ ചിലപ്പോൾ ഹിന്ദുക്കളായിരിക്കും, അല്ലെങ്കിൽ വിപ്ലവകാരികൾ, അതുമല്ലെങ്കിൽ വിദ്യാർത്ഥി നേതാക്കളോ അല്ലെങ്കിൽ അവാമി ലീഗ് പ്രവർത്തകരോ ആകും. ഞങ്ങൾ അവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ട് എന്നവർക്ക് നല്ല നിശ്ചയമുണ്ട്. ആ മണ്ടൻമാർ ആണെങ്കിൽ ഞങ്ങളെ കണ്ടപാടെ വിരണ്ടോടി കള്ളി വെളിച്ചത്താക്കുകയും ചെയ്യും." റാത്തോഡ് പറഞ്ഞു. 

 

 

"അവരെ കൊല്ലുന്നതെന്തിനാ? ഹിന്ദുക്കളെ വേട്ടയാടുന്നത് എന്തിനാ? " ഞാൻ പിന്നെയും ചോദിച്ചു."നിങ്ങൾക്ക് ഒന്നും അറിയില്ലേ? എല്ലാം ഞാൻ പറഞ്ഞു തരണോ? അവർ എങ്ങനെയാണ് നമ്മളെ വഞ്ചിച്ചത് എന്ന്? പാകിസ്താനെ ഒറ്റുകൊടുത്തത് എന്ന്? ഇപ്പോൾ ഇങ്ങനെ ഒരു ഓപ്പറേഷൻ വന്നത് നല്ലൊരു കാരണമാണ്. ഇതിന്റെ പേരും പറഞ്ഞ് അവന്മാരെ ഒരെണ്ണം പോലും വിടാതെ തട്ടാം നമുക്ക്, ഒരാളും ചോദിക്കില്ല... "

"പിന്നൊരു കാര്യം. ഞങ്ങൾ അവരെപ്പോലെ ഭീരുക്കളല്ല. അവർ ഞങ്ങളുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒക്കെ വധിച്ചിട്ടും, ഞങ്ങൾ തിരിച്ച് ഹിന്ദു പുരുഷന്മാരെ മാത്രയെ വധിക്കുന്നുള്ളു എന്നോർക്കണം." 

അതായിരുന്നു കിഴക്കൻ ബംഗാളിന്റെ മണ്ണിൽ വീണുകൊണ്ടിരുന്ന ചോരക്കറ എന്റെ കണ്മുന്നിൽ തന്നെ വന്നുവീണ ആദ്യ അവസരം. അത് കരുതിക്കൂട്ടിയുള്ള, പാകിസ്ഥാൻ ആർമി നേരിട്ട് പ്രവർത്തിച്ച വംശഹത്യ തന്നെയായിരുന്നു. ഈ നരനായാട്ടിന്റെ ഇരകൾ ഹിന്ദുക്കൾ മാത്രമായിരുന്നില്ല. അവർ ഏഴരക്കോടി വരുന്ന കിഴക്കൻ പാകിസ്താന്റെ പത്തിലൊന്നു മാത്രമേ വന്നിരുന്നുള്ളൂ. വരും ദിനങ്ങളിൽ ബംഗ്ലാദേശിലെ മുസ്ലിംകളും ഈ കൂട്ടക്കൊലയുടെ ഇരകളായി മാറി.  അങ്ങനെ കൊന്നു തള്ളപ്പെട്ടവരിൽ കോളേജ് വിദ്യാർത്ഥികളുണ്ടായിരുന്നു, അധ്യാപകരുണ്ടായിരുന്നു, അവാമി ലീഗിന്റെയും ഇടതു പക്ഷ പാർട്ടികളുടെയും കേഡർമാർ ഉണ്ടായിരുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ എന്റെയീ കണ്ണുകൾ കൊണ്ട് ഞാൻ കണ്ട കൊടിയ ക്രൂരതകളിൽ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. ഇത് യുദ്ധമുഖത്തെ ഏതെങ്കിലും ഒരു സൈനിക ഉദ്യോഗസ്ഥന്റെ ദിവാസ്വപ്‌നമല്ല, കൃത്യമായ നിർദേശങ്ങൾ ഏറ്റവും മുകളിൽ നിന്ന് തന്നെ ഇതിനായി അവരെ തേടി എത്തിയിട്ടുണ്ട്. പാകിസ്താനി സൈനികർ മാത്രമല്ല. കിഴക്കൻ പാകിസ്താനിലെ പട്ടാളവും പാരാമിലിട്ടറിയും എല്ലാം ഈ കൊലപാതകങ്ങളിൽ സജീവമായി പങ്കെടുത്തു. 

1947 -ൽ പാകിസ്ഥാൻ തിരഞ്ഞെടുത്ത്  അഭയം തേടി ബിഹാറിൽ നിന്ന്  കിഴക്കൻ പാകിസ്താനിലേക്ക് എത്തിപ്പെട്ട പാവപ്പെട്ട മുസ്ലിംകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ തുടച്ചു നീക്കപ്പെട്ടു. അവരുടെ സ്ത്രീകൾ, പതിനായിരക്കണക്കിനുപേർ ബലാത്സംഗം ചെയ്യപ്പെട്ടു. അവരുടെ സ്തനാഗ്രങ്ങൾ  സവിശേഷഡിസൈനോട് കൂടിയ വാളുകൾ കൊണ്ട് അറുത്തെടുക്കപ്പെട്ടു. കുട്ടികളെപ്പോലും അന്നവർ വെറുതെ വിട്ടില്ല. ഭാഗ്യം ചെയ്തവർ രക്ഷിതാക്കൾക്കൊപ്പം തന്നെ വധിക്കപ്പെട്ടു.  കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട, കൈകാലുകൾ വെട്ടിമാറ്റപ്പെട്ട, ചില നിർഭാഗ്യവാന്മാർ,   ആജീവനാന്തം ഈ ദുരനുഭവത്തിന്റെ ഓർമയും പേറി ജീവിതം തള്ളി നീക്കി. 

 

 

ചിറ്റഗോംഗ്, ഖുൽന, ജെസോർ തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നുമാത്രം ആ ദിവസങ്ങളിൽ കണ്ടെടുക്കപ്പെട്ടത് 20,000 -ൽ പരം അഭയാർഥികളുടെ മൃതദേഹങ്ങളാണ്. അന്ന് കൊല്ലപ്പെട്ടത് ഏകദേശം ഒരു ലക്ഷത്തോളം പേരാണ് എന്നാണ് കിഴക്കൻ പാകിസ്താനിലെ ചില കണക്കുകൾ സൂചിപ്പിക്കുന്നത്. 

"കിഴക്കൻ പാകിസ്ഥാനിൽ നിന്ന് വിഘടനവാദികളെ തുടച്ചു നീക്കുക " എന്ന നിർദേശമായിരുന്നു യഹിയ ഖാൻ സൈനികരോ അറിയിച്ചത്. 

അത് അക്ഷരം പ്രതി പാലിക്കാനുള്ള പരിശ്രമങ്ങളാണ് പിന്നീട് പാക് പട്ടാളം അവിടെ നടത്തിയത്. ആ ഓപ്പറേഷന്റെ ഭാഗമായി ചാന്ദ്പൂരിലേക്ക് നടത്തിയ ഒരു പട്രോൾ ദൗത്യത്തിനിടയിലാണ് ടൊയോട്ട ലാൻഡ് ക്രൂസറിനു പിന്നിൽ ചടഞ്ഞിരുന്ന ഒരു ജവാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്, "ഒരാൾ പാടത്തുകൂടി ഓടിപ്പോവുന്നുണ്ട് സാഹിബ്" 

ചക്രങ്ങൾ തറയിൽ ഉരഞ്ഞുകൊണ്ട് വണ്ടി നിന്നു. "വെടിവെക്കരുതേ..." എന്ന് ഞാൻ അപേക്ഷിച്ചു. എന്റെ നേർക്ക് തികഞ്ഞ ക്രൗര്യത്തോടെ നോക്കി മേജർ റാത്തോർ പാടത്തേക്ക് ഒരു വെടിപൊട്ടിച്ചു. അതോടെ ഓടിക്കൊണ്ടിരുന്ന മെല്ലിച്ച ശരീരം ഓട്ടം നിർത്തി നിലത്ത് കിടന്നു. വണ്ടിയിൽ നിന്നിറങ്ങി പാടത്തേക്ക് ചെന്ന രണ്ടു ജവാന്മാർ അയാളെ പിടികൂടി വണ്ടിക്കരികിലേക്ക് കൊണ്ടുവന്നു. 

തോക്കിന്റെ പാത്തികൊണ്ട് നടുമ്പുറത്ത് ഒരു കുത്ത് കൊടുത്തുകൊണ്ടാണ് ചോദ്യം ചെയ്യൽ തുടങ്ങുന്നതു തന്നെ. "ആരാണെടാ നീ?" മേജർ ചോദിച്ചു."സാഹിബ്, ദയവുണ്ടാകണം. എന്റെ പേര് അബ്ദുൽ ബാരി. ഡാക്ക പുതിയങ്ങാടിയിലെ തയ്യൽക്കാരനാണ്. എന്നെ കൊല്ലരുത്..." 

"വെറുതെ നുണ പറയരുത്. നിന്നെ കണ്ടാലറിയാം നീ ഒരു ഹിന്ദുവാണെന്ന്. സത്യം പറ നീ എന്തിനാണ് ഓടിയത്?" 

"അല്ല സാഹിബ്, കർഫ്യൂ സമയം തീരാനായില്ലേ? അതാണ് ധൃതി പിടിച്ചോടിയത്..." 

"സത്യം പറ, നീ എന്തിനാണ് ഓടിയത്?" 

അയാൾ ആ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് ജവാന്മാരിൽ ഒരാൾ അയാളുടെ ദേഹത്ത് ആയുധങ്ങളുണ്ടോ എന്ന് പരിശോധിച്ച്. രണ്ടാമതൊരാൾ അബ്ദുളിന്റെ ലുങ്കി പറിച്ചെറിഞ്ഞു. ലുങ്കിക്കു താഴെ അടിവസ്ത്രം ഒന്നും ഇല്ലാതിരുന്നതിനാൽ അയാളുടെ ചേലാകർമം നടത്തിയ ജനനേന്ദ്രിയം ഒറ്റനോട്ടത്തിൽ ദൃശ്യമായിരുന്നു."

ബാരി ഹിന്ദുവല്ല എന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. എന്നിട്ടും അവർ ചോദ്യം ചെയ്യൽ തുടർന്നു. "നീ എന്തിനാടാ ഓടിയത്?" ഇത്രയും ആയപ്പോഴേക്കും അബ്ദുൽ വല്ലാതെ ഭയന്ന് പോയിരുന്നു. ഒന്നും മിണ്ടാനാവാതെ വല്ലാതെ വിക്കി വിക്കി അയാൾ നിന്നു. "ഇവൻ അവന്മാരുടെ ആളാണെന്നാണ് തോന്നുന്നത് സാഹിബ്" ഒരു ജവാൻ മേജറോട് പറഞ്ഞു. "ആവാം" മേജർ റാത്തോഡ് മറുപടി പറഞ്ഞു. 

ഇതിനിടെ നിരവധി തവണ തോക്കിന്റെ പതിക്കുള്ള കുത്ത് ആ ദേഹത്ത് ഏറ്റുകഴിഞ്ഞിരുന്നു. അപ്പോഴേക്കും പരിസരപ്രദേശത്തെ കുടിലുകളിൽ നിന്ന് തലകൾ പുറത്തുവന്നു തുടങ്ങി. അവരിൽ ആരെയോ നോക്കി ബാരി ബംഗാളിയിൽ എന്തോ പറഞ്ഞു. അടുത്ത നിമിഷം ഒരു വൃദ്ധൻ പുറത്തേക്കിറങ്ങി പട്ടാളക്കാരുടെ വാഹനത്തിന്റെ അടുത്തെത്തി. "ഇയാളെ അറിയുമോ?" കടുത്ത സ്വരത്തിൽ മേജർ ചോദിച്ചു. "അറിയാം സാഹിബ്, ഇവൻ അബ്ദുൽ ബാരി ആണ്" വൃദ്ധൻ പറഞ്ഞു. "ഇവൻ വിപ്ലവകാരിയാണോ?" മേജർ ചോദിച്ചു. "അല്ല സാഹിബ്, പുതിയങ്ങാടിയിലെ ടൈലർ ആണ്" എന്ന് മറുപടി. "സത്യം പറ..!" എന്ന് മേജർ കടുപ്പിച്ചു."ഖുദാ കസം..." എന്ന് വൃദ്ധൻ.

പേടിച്ചു വിറച്ച് പ്രാണൻ പോകുന്നതിന്റെ വക്കോളം എത്തി എങ്കിലും അബ്ദുൽ ബാരി അന്ന് തലനാരിഴക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. 

എന്നാൽ, മറ്റുള്ളവർക്ക് ബാരിയുടെ അത്ര ഭാഗ്യമുണ്ടായിരുന്നില്ല. ഗ്രാമഗ്രാമാന്തരങ്ങളിൽ കയറിയിറങ്ങിയ പാകിസ്ഥാൻ പട്ടാളം ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വധിച്ചുകൊണ്ടിരുന്നു. വെടിവെച്ചും, തലയ്ക്കടിച്ചുമൊക്കെ കൊന്നുകളയുക, വൈകുന്നേരത്തോടെ കൂട്ടിയിട്ട് കത്തിക്കുക. ഇതായിരുന്നു പട്ടാളത്തിന്റെ രീതി. വൈകുന്നേരം മെസ്സിൽ വരുന്ന ജവാന്മാർ തമ്മിൽ അന്നന്ന് എത്രപേരെ കൊന്നു കളഞ്ഞു എന്നും പറഞ്ഞ് വീമ്പടിച്ചുകൊണ്ടിരുന്നു. എല്ലാം പാകിസ്ഥാന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പവിത്രതയ്ക്കും വേണ്ടിയാണല്ലോ എന്ന സംതൃപ്തി പട്ടാളത്തിലെ ഓരോ ജവാനും ഉണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. "ഇത് ശുദ്ധിക്കും അശുദ്ധിക്കും ഇടയിലെ യുദ്ധമാണ്. കീടങ്ങളെ തൂത്തു കളഞ്ഞ് നാട് വൃത്തിയാക്കേണ്ടതുണ്ട് " എന്നായിരുന്നു അന്ന് മുതിർന്ന ഒരു പട്ടാള ഉദ്യോഗസ്ഥൻ ഇതേപ്പറ്റി പറഞ്ഞത്. 

ഡെയ്‌ലി സ്റ്റാർ പ്രസിദ്ധപ്പെടുത്തിയ ആന്റണി മസ്‌കരേന്യസിന്റെ ലേഖനത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം

click me!