യാത്രയ്ക്കിടെ കാണാതായ നായ ആറുമാസത്തിനുശേഷം 2,550 മൈൽ നടന്ന് ഉടമയുടെ വീട്ടിൽ തിരികെ, അപൂർവസ്നേഹത്തിന്റെ കഥ!

By Web TeamFirst Published Aug 30, 2021, 9:52 AM IST
Highlights

ബോബിയുടെ അവിശ്വസനീയമായ നടത്തത്തെക്കുറിച്ചുള്ള വാർത്ത ഉടൻ തന്നെ രാജ്യമെമ്പാടും വ്യാപിച്ചു. അവൻ അധികം താമസിയാതെ ഒരു സെലിബ്രിറ്റിയായി മാറി. ബോബിക്ക് ആളുകൾ കത്തുകൾ അയച്ചു. വിവിധ സൊസൈറ്റികൾ മെഡലുകൾ സമ്മാനമായി നൽകി. 

1923 ഓഗസ്റ്റിൽ, ബോബി എന്ന നായ്ക്കുട്ടി തന്റെ ഉടമകളായ ബ്രൈസർ കുടുംബത്തോടൊപ്പം ഒരു വേനൽക്കാലയാത്രയ്ക്ക് പോയി. ഒറിഗോണിലെ സിൽ‌വർട്ടണിലാണ് അവന്റെ വീട്. അവിടെ നിന്ന് കുടുംബം അവനെയും കൊണ്ട് ഇൻഡ്യാനയിലെ വോൾക്കോട്ടിലേക്ക് യാത്രപോയി. വോൾക്കോട്ടിലെ ഒരു സ്റ്റേഷനിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ ബോബിയെ ചില തെരുവ് നായ്ക്കൾ ഓടിച്ചു. അവയെ കണ്ടു ഭയന്ന ബോബി എവിടേക്കോ ഓടിപ്പോയി. അവൻ മടങ്ങിവരുന്നതും കാത്ത് ആ കുടുംബമിരുന്നു. പക്ഷേ അവൻ വന്നില്ല. അവർ പത്രങ്ങളിൽ പരസ്യങ്ങൾ നൽകി. ഒരാഴ്ചത്തെ തീവ്രമായ തിരയലിന് ശേഷം, ബ്രസിയർ കുടുംബം പ്രതീക്ഷ കൈവിട്ടു. ഹൃദയം തകർന്ന്, അവർ തങ്ങളുടെ യാത്ര തുടർന്നു. ഇനി ഒരിക്കലും അവരുടെ നായയെ കാണില്ലെന്ന് ഓർത്ത് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.    

എന്നാൽ, ആറുമാസത്തിനുശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ തിരിച്ചെത്തി. 1924 ഫെബ്രുവരിയിലെ ഒരു ദിവസം അവൻ സിൽവർട്ടണിലേക്ക് തിരിച്ചെത്തി. അവിശ്വസനീയമെന്ന് തോന്നിയേക്കാമെങ്കിലും, രണ്ട് വയസ്സുള്ള നായ്ക്കുട്ടി 2,550 മൈൽ നടന്ന് അവന്റെ ഉടമകളെ തേടിയെത്തി. അവൻ ഒരു പക്ഷേ ഗ്യാസ് സ്റ്റേഷനിൽ തിരികെ എത്തിയിരിക്കാം. അവിടെ ആരെയും കാണാതായപ്പോൾ, അവൻ മണം പിടിച്ച് പല വഴിക്ക് ഓടിയിരിക്കാം.  

അവരുടെ യാത്രയിൽ, കുടുംബം ഓരോ രാത്രിയിലും അവരുടെ കാർ സർവീസ് സ്റ്റേഷനുകളിൽ ഉപേക്ഷിച്ചു. ബോബി ഇവ ഓരോന്നും സന്ദർശിച്ചു. യാത്രക്കിടയിൽ ഒരു അപകടം സംഭവിച്ച അവന് നടക്കാൻ സാധിക്കാതായി. തുടർന്ന് പോർട്ട്‌ലാൻഡിൽ, ഒരു ഐറിഷ് സ്ത്രീയോടൊപ്പം അവൻ കുറച്ചുകാലം താമസിച്ചു. എന്നാൽ, പരിക്കുകൾ സുഖപ്പെട്ടപ്പോൾ അവൻ വീണ്ടും അവന്റെ കുടുംബത്തെ തേടി നടത്തം തുടർന്നു. രണ്ടാഴ്ച കഴിഞ്ഞ്, ബോബി സിൽവർട്ടണിൽ തിരിച്ചെത്തി. ബോബിയുടെ അവിശ്വസനീയമായ നടത്തത്തെക്കുറിച്ചുള്ള വാർത്ത ഉടൻ തന്നെ രാജ്യമെമ്പാടും വ്യാപിച്ചു. അവൻ അധികം താമസിയാതെ ഒരു സെലിബ്രിറ്റിയായി മാറി. ബോബിക്ക് ആളുകൾ കത്തുകൾ അയച്ചു. വിവിധ സൊസൈറ്റികൾ മെഡലുകൾ സമ്മാനമായി നൽകി. കൂടാതെ പോർട്ട്‌ലാൻഡ് ഹോം ഷോയിൽ അവൻ അതിഥിയായി. അവിടെ 40,000 ആളുകളാണ് അവനെ കാണാനെത്തിയത്. അവനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ആളുകൾ അവന് താമസിക്കാൻ ഒരു വലിയ കൂടു തന്നെ പണിതു കൊടുത്തു.  

പിന്നീട് 1927 -ൽ ബോബി മരിച്ചു. അവന്റെ യാത്ര അവന്റെ ആരോഗ്യത്തെ തകർത്തിരുന്നു. യാത്രയിൽ ശരീരത്തിന് സംഭവിച്ച ആഘാതമാണ് അവന്റെ നേരത്തെയുള്ള  മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പോർട്ട്ലാൻഡിലെ ഹ്യൂമൻ സൊസൈറ്റിയുടെ വളർത്തുമൃഗങ്ങളുടെ ശ്മശാനത്തിൽ അവനെ സംസ്കരിച്ചു. ഹോളിവുഡ് ചലച്ചിത്ര താരമായിരുന്ന ജർമ്മൻ ഇടയനായ റിൻ ടിൻ ടിൻ പിന്നീട് അവന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം, സിൽവർട്ടണിലെ ഏറ്റവും തിരക്കേറിയ തെരുവിന് അഭിമുഖമായി അവന്റെ 70 അടി ഉയരമുള്ള ചുമർചിത്രം ഉയർന്നു. മറ്റൊരറ്റത്ത് അവന്റെ വലിയൊരു പ്രതിമയും സ്ഥാപിക്കപ്പെട്ടു. ഇന്നും കണ്ണീരോടെയല്ലാതെ അവനെ ആളുകൾക്ക് ഓർക്കാൻ കഴിയില്ല. 


 

click me!