
യുഎസിലെ തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്ക് യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിക്കിടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ചാർളിയുടെ മരണം യുഎസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അതിനിടെ വെടിയേറ്റ് ചാർളി മരിച്ച് വീണതിന് പിന്നാലെ ക്യാമറയിലേക്ക് നോക്കി ആഹ്ളാദം പ്രകടിപ്പിച്ച അജ്ഞാതനെ കണ്ടെത്തണമെന്നാവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായി. അദ്ദേഹത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
ഇന്നലെ (സെപ്റ്റംബർ 10) യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വച്ച് വിദ്യാർത്ഥി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചാർളി കിർക്കിന് വെടിയേറ്റത്. ചാർളി കിർക്ക് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച് കൊണ്ടിരിക്കെ കഴുത്തിന് വെടിയേറ്റ് വേദിയിലേക്ക് കുഴഞ്ഞ് വീഴുമ്പോൾ. ഒരാൾ തന്‍റെ ഇരിപ്പിടത്തില്‍ നിന്നും ഏഴുന്നേറ്റ് ആര്‍പ്പുവിളിക്കുകയും കൈകളുയർത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാം. അയാൾ ക്യാമറയിലേക്ക് നോക്കി നിൽക്കുകയും വായുവിൽ മുഷ്ടി ചുരുട്ടി ആഘോഷിക്കുന്നതും ഉച്ചത്തിൽ ആർപ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, വെടി ശബ്ദം കേട്ട് ഭയന്ന് പോയ മറ്റുള്ളവര്‍ എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും പുറത്തേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
യാഥാസ്ഥിതിക സംഘടനയായ ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ സഹസ്ഥാപകനും സിഇഒയും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അടുത്ത സുഹൃത്തുമാണ് 31 -കാരനായ ചാർളി കിർത്ത്. കൗൺസിൽ ഫോർ നാഷണൽ പോളിസി (സിഎൻപി) അംഗവുമായിരുന്നു അദ്ദേഹം. വലതുപക്ഷത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിൽ ഒരാൾ എന്നായിരുന്നു ചാർളി കിർക്കിനെ വാഷിംഗ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചിരുന്നത്. ക്രിസ്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പെന്തക്കോസ്ത് പാസ്റ്റർ റോബ് മക്കോയിയുമായി ചേർന്ന്, യാഥാസ്ഥിതിക വിഷയങ്ങളിൽ മത സമൂഹങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ടേണിംഗ് പോയിന്‍റ് ഫെയ്ത്ത് രൂപീകരിച്ചു. തോക്ക് നിയന്ത്രണം, ഗർഭഛിദ്രം, എൽജിബിടിക്യു അവകാശങ്ങൾ എന്നിവയ്‌ക്കെതിരായ തന്‍റെ ശക്തമായ എതിർപ്പുകളും ചാർളി പ്രകടിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥർ കിങിനെ വിമർശിച്ചത് വിവാദമായിരുന്നു.