കടുത്ത ചൂടിൽ കാറിനുള്ളില്‍ അടച്ചിട്ട പോലീസ് നായയ്ക്ക് ദാരുണാന്ത്യം

Published : Sep 11, 2025, 04:56 PM IST
Police Dog K-9 Archer

Synopsis

പോലീസ് വാഹനത്തിനുള്ളിൽ കുടുങ്ങിയ K9 ആർച്ചർ എന്ന നായ ചൂട് സഹിക്കാനാകാതെ ദാരുണമായി മരിച്ചു. ഹവായ് ദ്വീപിലെ മയക്കുമരുന്ന് വേട്ടയിൽ മികവ് തെളിയിച്ചിരുന്ന പോലീസ് നായയായിരുന്നു ആർച്ചർ.

 

വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ അമേരിക്കൻ പോലീസ് സേനയിലെ ഒരു നായ ദാരുണമായി കൊല്ലപ്പെട്ടു. സെപ്റ്റംബർ 4 വ്യാഴാഴ്ചയാണ് സംഭവം നടന്നത്, വെസ്റ്റ് ഹവായ് ആസ്ഥാനമായുള്ള പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വൈസ് സെക്ഷനിലെ അംഗമായിരുന്ന K9 ആർച്ചർ എന്ന നായയാണ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെ തുടർന്ന് കൊല്ലപ്പെട്ടത്. ആറര വയസ്സുള്ളപ്പോൾ 2021-ലാണ് ആർച്ചർ പോലീസ് സേനയിൽ ചേർന്നത്. ഇത് തടയാന്‍ കഴിയുന്ന ഒരു ദുരന്തമായിരുനെന്നും നായകളെ ഒരു കാരണവശാലും വാഹനങ്ങളിൽ ശ്രദ്ധിക്കാതെയിടരുതെന്നും സംഭവത്തോട് പ്രതികരിക്കവേ പോലീസ് മേധാവി റീഡ് മഹുന പ്രതികരിച്ചു. 

ആർച്ചർ ഒരു പോലീസ് നായ മാത്രമല്ലായിരുന്നുവെന്നും അവൻ ഒരു പങ്കാളിയും സംരക്ഷകനും തങ്ങളുടെ പോലീസ് കുടുംബത്തിലെ ഒരംഗവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർച്ചറിന്‍റെ മരണത്തിൽ അതിന്‍റെ പരിപാലകനായിരുന്ന ഉദ്യോഗസ്ഥൻ അതീവ ദുഃഖിതനാണെന്നും എങ്കിലും സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള എല്ലാം നിയമനടപടികളും സ്വീകരിക്കുമെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് വേട്ടക്കാരൻ

 

പോലീസ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത് ഹവായ് ദ്വീപിലെ തെരുവുകളിൽ നിന്ന് മയക്കുമരുന്നുകളും അപകടകരമായ നിരോധിത വസ്തുക്കളും നീക്കം ചെയ്യുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങളിൽ ആർച്ചർ പങ്കാളിയായിരുന്നുവെന്നാണ്. ബുദ്ധിയും അനുസരണയും ഒരുപോലെ ഒത്തിണങ്ങിയ നായയായിരുന്നു ആർച്ചറെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

കടുത്ത വെയിലത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് ആർച്ചർ കുടുങ്ങിപ്പോയത്. നായയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ തന്നെയാണ് പോലീസ് വാഹനത്തിനുള്ളിൽ നായയെ അടച്ചിട്ടതിന് ശേഷം പുറത്തേക്ക് പോയത്. എന്നാൽ, പിന്നീട് അവർ നായയുടെ കാര്യം മറന്നുപോയി. ശക്തമായ ചൂടില്‍ കാറിനുള്ളില്‍ ഏറെ നേരം ഇരിക്കേണ്ടിവന്നതോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ആർച്ചർ ചൂട് സഹിക്കാൻ കഴിയാതെ മരണപ്പെടുകയായിരുന്നു. യാതൊരു കാരണവശാലും വാഹനങ്ങൾക്കുള്ളിൽ വളർത്തുമൃഗങ്ങളെ തനിച്ചാക്കി ആരും പുറത്തേക്ക് പോകരുതെന്ന് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസ് മേധാവി ഓർമിപ്പിച്ചു. ഓരോ വർഷവും നൂറുകണക്കിന് വളർത്തു മൃഗങ്ങൾ വാഹനങ്ങളിൽ അകപ്പെട്ടതിനെ തുടർന്ന് മരണപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും