
വളരെ കഷ്ടപ്പെട്ട്, ഒരുപാട് സ്വപ്നങ്ങൾ കണ്ട് പഠിച്ച ചില പ്രൊഫഷനുകളിൽ കയറിക്കഴിയുമ്പോഴാണ് അത് എന്തും മാത്രം കഠിനമാണ് എന്ന് മനസിലാവുന്നത്. പ്രതീക്ഷിച്ച ശമ്പളം കിട്ടാനും ജീവിതം ഒന്ന് മെച്ചപ്പെട്ടു വരാനും വലിയ പ്രയാസങ്ങൾ തന്നെ വേണ്ടിവരും ചിലപ്പോൾ. അതുപോലെ, ഒരു എം.ബി.ബി.എസ് ബിരുദധാരിയുടെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. Ankur Warikoo ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, 19 മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്ന ഒരു ഡോക്ടറുടെ കഷ്ടപ്പാടാണ്.
പോസ്റ്റ് വായിക്കാം;
ഒരു 2025 എം.ബി.ബി.എസ് ബിരുദധാരിയുമായി സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനിടയായി.
ഒരു ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റ് ഡോക്ടറായി ജോലി ചെയ്യുന്നതിൽ നിന്നും 23,000 രൂപയാണ് വരുമാനം. അച്ഛന് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി ലോണെടുക്കേണ്ടി വന്നിട്ടുണ്ട്. മൂത്ത സഹോദരനാണെങ്കിൽ ജോലിയിൽ സ്ഥിരതയില്ല. തനിക്ക് 26 വയസ്സായിട്ടും കുടുംബത്തെ വേണ്ടവിധം സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും യുവാവിനുണ്ട്.
അതുകൊണ്ട്, പകൽ സമയത്ത് മറ്റൊരു ഷിഫ്റ്റ് കൂടി എടുക്കുന്നു, അതിൽ നിന്ന് 24,000 രൂപ കിട്ടും. ഇപ്പോൾ ദിവസവും ഏതാണ്ട് 19 മണിക്കൂറോളമാണ് ജോലി ചെയ്യുന്നത്. പി.ജി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ കാരണം പറ്റുന്നില്ല.
ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'ഒരു ഡോക്ടറുടെ ജീവിതം അതികഠിനമാണ്, പ്രത്യേകിച്ച് ഇന്ത്യയിൽ. ഒരു ജീവിതമാർഗ്ഗം കണ്ടെത്താൻ വേണ്ടി മാത്രം മുപ്പതുകളുടെ തുടക്കം വരെ പഠിക്കുകയും ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യുകയും വേണം. ഡോക്ടറാകാൻ ആഗ്രഹിച്ചപ്പോൾ ഇതൊക്കെ നിങ്ങൾക്കറിയാമായിരുന്നോ' എന്ന്.
'അറിയാമായിരുന്നു. എനിക്ക് ഇതെല്ലാം അറിയാമായിരുന്നു. പക്ഷേ, എപ്പോഴും ഒരു ഡോക്ടറാകാൻ മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടറാണ് ഞാൻ. എന്റെ മാതാപിതാക്കൾക്ക് എന്നെക്കുറിച്ച് വലിയ അഭിമാനമാണ്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നെങ്കിൽ എന്ന് മാത്രമേ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളൂ' എന്നായിരുന്നു മറുപടി.
Just spoke to a 2025 MBBS graduate, regarding his financials.
Earns 23k as night shift doctor in a hospital.
Father has suffered 2 heart attacks - had to take loans for his treatment.
Elder brother has an unstable job.
He feels guilty of turning 26 but not being able to help…— Ankur Warikoo (@warikoo) June 22, 2026
അദ്ദേഹത്തിന്റെ സാഹചര്യം എന്റെ ഹൃദയം തകർത്തു കളഞ്ഞു. എന്നാൽ, യുവാവ് ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മനോഭാവം കാണുമ്പോൾ എനിക്കുറപ്പുണ്ട്. സമയത്തിന്റെ പ്രശ്നം മാത്രമാണ് അതിലുള്ളത്! തീർച്ചയായും, ഇന്ത്യയിൽ പ്രവേശന പരീക്ഷ എഴുതുന്നത് മുതൽ അതിജീവനഘട്ടം വരെ, പിന്തുടരാൻ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രൊഫഷനുകളിൽ ഒന്നാണ് ഇത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. എത്ര ബുദ്ധിമുട്ടി പഠിച്ചിട്ടും കഷ്ടപ്പെട്ടിട്ടും മനുഷ്യർക്ക് വിജയം കണ്ടെത്തുക എന്നത് എന്തും മാത്രം പ്രയാസം നിറഞ്ഞ കാര്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് യുവാവിന്റെ പോസ്റ്റ്.