
ഇന്ത്യയിലെ തൊഴിലിടങ്ങൾ പലതും ടോക്സിക്കാണ് എന്ന് കാലാകാലങ്ങളായി വലിയ ചർച്ചകൾ നടക്കാറുണ്ട്. ഇതേ വിഷയം ചർച്ച ചെയ്യുന്ന പല വീഡിയോകളും പോസ്റ്റുകളുമെല്ലാം നാം കാണാറുണ്ട്. അതുപോലെ, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മൂന്ന് ടോക്സിക് പെരുമാറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മുംബൈ സ്വദേശിയായ വിജയ് ചന്ദോല എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്.
ഇന്ത്യയിലെ തൊഴിലിടങ്ങളിൽ വളരെ നോർമലാക്കപ്പെട്ട, എന്നാൽ അങ്ങനെയാവാനേ പാടില്ലാത്ത മൂന്ന് ടോക്സിക് കാര്യങ്ങൾ എന്നും പറഞ്ഞാണ് യുവാവ് വീഡിയോ തുടങ്ങുന്നത്. ഒന്നാമത്തേതായി, ജോലി പൂർത്തിയാക്കാൻ വേണ്ടി താൻ രാവിലെ നാല് മണി വരെയോ, അഞ്ച് മണി വരെയോ ഒക്കെ ഉണർന്നിരുന്നതായി വീമ്പ് പറയുന്നതും, അങ്ങനെ തളർന്നുപോയതിനെ ഒരു അംഗീകാരമായി കാണുന്നതുമാണ് വിജയ് ചൂണ്ടിക്കാണിക്കുന്നത്.
രണ്ടാമതായി, ആളുകളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുന്നതിനെ കുറിച്ചാണ് വിജയ് പറയുന്നത്. ആളുകൾക്ക് നേരെ അലറുക, മറ്റുള്ളവരുടെ മുന്നിൽ അവരെ താഴ്ത്തിക്കെട്ടുക, നിരന്തരം അവരെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക, ഇതെല്ലാം ചെയ്യുന്നത് അവരുടെ പെർഫോമൻസ് മെച്ചപ്പെടുത്തും എന്ന് കരുതിയിട്ടാണ് എന്നും വിജയ് പറയുന്നു.
മൂന്നാമതായി, ലീവിലായിരിക്കുന്നവരെ, അസുഖമായിരിക്കുന്നവരെ, ആശുപത്രിയിലായിരിക്കുന്നവരെ, ദുഃഖത്തിലായിരിക്കുന്നവരെ, വ്യക്തിപരമായി എന്തെങ്കിലും തിരക്കിലായിരിക്കുന്നവരെ ഒക്കെ വിളിക്കുക. അവർ കമ്പനിയുടെ സ്വത്താണ് എന്ന തരത്തിലാണ് ഒരു വ്യക്തിപരമായ അതിരുകളും കല്പിക്കാതെ അവരെ വിളിക്കുന്നത് എന്നും വിജയ് കുറ്റപ്പെടുത്തുന്നു.
'ഇതൊന്നും ഓക്കേയല്ല, ഇതൊന്നും ഓക്കേയാവരുത്, ഇതിന്റെ പേരിൽ നിങ്ങളോട് ഇതൊക്കെ സഹിക്കാനും ശീലിക്കാനും പറയുന്നുണ്ടെങ്കിൽ ഓർക്കുക, ഇതൊന്നും നിങ്ങളുടെ പ്രശ്നമല്ല, പ്രശ്നം അവരുടേതാണ്' എന്നും വിജയ് പറയുന്നു.
'തൊഴിലിടങ്ങളിലെ ചില പെരുമാറ്റങ്ങൾ കാലങ്ങളായി ഇവിടെ നോര്‍മലൈസ് ചെയ്യപ്പെടുകയാണ്, പലരും അതിനെക്കുറിച്ചിപ്പോൾ ഒന്നും ചോദിക്കുന്നത് പോലും ഇല്ല. എന്നാൽ, ജീവനക്കാരോട് കയർത്തു സംസാരിക്കുന്നതും, വിശ്രമമില്ലാതെ ജോലി ചെയ്ത് തളർന്നു പോകുന്നതിനെ മഹത്വവൽക്കരിക്കുന്നതും, വ്യക്തിപരമായ അതിരുകളെ മാനിക്കാതിരിക്കുന്നതും നല്ല പെർഫോമൻസിന്റെ ലക്ഷണങ്ങളല്ല, മറിച്ച്, മോശം തൊഴിൽ സംസ്കാരത്തിന്റെ അടയാളങ്ങളാണ്. നമുക്ക് ഇതിലും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാനാകും, മികച്ചത് തന്നെ നമ്മൾ പ്രതീക്ഷിക്കുകയും വേണം' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
യുവാവ് പറഞ്ഞത് വളരെ ശരിയാണ് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഇന്ത്യയിൽ നോർമലൈസ് ചെയ്തിരിക്കുകയാണ് എന്നും ആളുകൾ അഭിപ്രായപ്പെടുന്നു.