
ഇന്ത്യക്കാർക്ക് സിവിക് സെൻസില്ല , ഇത് പലപ്പോഴായി പല രാജ്യക്കാരും പറയാറുണ്ട്. എന്തിനേറെ പറയുന്നു, ഇന്ത്യക്കാർ തന്നെ ഈ വിഷയത്തിൽ ഇന്ത്യക്കാരെ വിമർശിക്കാരുണ്ട്. എന്തായാലും, പല സ്ഥലങ്ങളിലും ഇന്ത്യക്കാരെ കുറിച്ച് ചില മോശം അഭിപ്രായമുണ്ട് എന്ന് തെളിയിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സ്വിസ് ഹോട്ടലിൽ പതിച്ചിരിക്കുന്നൊരു നോട്ടീസാണ് ഇതിനാധാരം. സ്വിറ്റ്സർലൻഡിലെ ഗസ്റ്റാഡിലുള്ള ഹോട്ടൽ ആർക്ക്-എൻ-സീൽ പ്രത്യേകമായി ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി പ്രദർശിപ്പിച്ച ഒരു അറിയിപ്പിന്റെ ചിത്രമാണ് ഇന്ത്യൻ വ്യവസായിയായ ഹർഷ് ഗോയങ്ക പങ്കുവെച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട ഇന്ത്യൻ അതിഥികൾക്ക്...' എന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഹോട്ടൽ അധികൃതർ ഈ അറിയിപ്പ് നൽകിയത്. പ്രഭാതഭക്ഷണ സമയത്ത് പാലിക്കേണ്ട മര്യാദകൾ, റെസ്റ്റോറന്റിലെ പെരുമാറ്റം, ഹോട്ടലിന്റെ ഇടനാഴികളിലും ബാൽക്കണികളിലും ബഹളം വെക്കാതിരിക്കുക തുടങ്ങി അതിഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ ഈ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു.
'ബുഫെയിൽ നിങ്ങൾ കാണുന്നതെല്ലാം ഫ്രഷായി തയ്യാറാക്കിയതും പ്രദേശത്തെ ഉത്പാദകരിൽ നിന്നും എത്തിക്കുന്നതുമാണ്. ദയവായി ഇവിടെയുള്ള ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ പുറത്തേക്ക് കൊണ്ടുപോകരുത്, ഈ ഭക്ഷണം പ്രഭാതഭക്ഷണത്തിന് മാത്രമുള്ളതാണ്' എന്നും നോട്ടീസിൽ കുറിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പണം നൽകി വാങ്ങാവുന്ന 'ലഞ്ച് ബാഗ്' അതിഥികൾക്ക് ഓർഡർ ചെയ്യാമെന്നും അതിൽ പറയുന്നു.
ഞങ്ങളുടെ റെസ്റ്റോറന്റ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തുറന്നിരിക്കുന്നതാണ്. വൈവിധ്യമാർന്ന വിഭവങ്ങളും അതോടൊപ്പം വെജിറ്റേറിയൻ ഡിഷും ഉണ്ട്. ഒരു വിഭവം രണ്ടോ അതിലധികമോ ആളുകൾ പങ്കുവെച്ച് കഴിക്കുന്നുണ്ടെങ്കിൽ അധിക ചാർജ്ജ് വരും. അതുപോലെ, പൊതുസ്ഥലങ്ങളിൽ ശബ്ദം കുറയ്ക്കണമെന്നും അറിയിപ്പിൽ അതിഥികളോട് ആവശ്യപ്പെട്ടിരുന്നു.
A Swiss hotel once displayed a list of special rules exclusively for Indian guests which I personally saw and was appalled.
Today, videos of garba in restaurants, loud conversations in airports, and turning aircraft cabins into picnic spots keep doing the rounds. Even in Davos,… pic.twitter.com/ccljdLmDfk— Harsh Goenka (@hvgoenka) May 31, 2026
ഇന്ത്യക്കാർക്ക് മാത്രമായി നോട്ടീസ് പതിച്ചത് തന്നെ ഞെട്ടിച്ചു എന്നാണ് ഹർഷ് ഗോയങ്ക പറയുന്നത്. ഒപ്പം സിവിക് സെൻസില്ലാത്ത ഇന്ത്യക്കാരുടെ പെരുമാറ്റത്തിന്റെ വീഡിയോകളും മറ്റും കാണുന്നതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്ത്യക്കാർ സിവിക് സെൻസ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. നിരവധിപ്പേരാണ് അദ്ദേഹം പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. എന്നാൽ, കൈകൾ കൊണ്ട് കഴിക്കുന്നതിനെ അടക്കം വിമർശിച്ചുകൊണ്ട് നോട്ടീസെഴുതിയ ഹോട്ടൽ അധികൃതർ വംശീയതയാണ് പറയുന്നതെന്നും ഇന്ത്യക്കാരോട് വിവേചനം കാണിക്കുകയാണ് എന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.