ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്ക് ഗവണ്‍മെന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോൾ അവർ ചെയ്തത്

By Web TeamFirst Published Dec 20, 2019, 6:09 PM IST
Highlights

അയാൾ പറയാൻ ആഗ്രഹിക്കുന്നത് താൻ ഗവണ്മെന്റിനെ വിശ്വസിക്കുന്നില്ല എന്നാണ്. കസ്റ്റഡിയിലിരിക്കെ താൻ മരണപ്പെട്ടാൽ അവർ കൊന്നതാണെന്ന് കരുതിക്കൊള്ളൂ എന്നാണ്.


ഇന്ത്യയിൽ പ്രതിഷേധങ്ങൾ തുടങ്ങിയിട്ട് ഒരാഴ്ച തികയുന്നു. എന്നാൽ ഹോങ്കോങ് കഴിഞ്ഞ കുറേ മാസങ്ങളായി കലാപത്തീയിൽ എരിയുകയാണ്.  പ്രതിഷേധത്തിനിടെ അവിടെ ദിവസേനയെന്നോണം പൊലീസ് പ്രതിഷേധം നടത്തുന്നവരെ അറസ്റ്റുചെയ്യാറുമുണ്ട്. ഇങ്ങനെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നവരിൽ ചിലർ കഴിഞ്ഞ മാസങ്ങളിൽ ലീസ് കസ്റ്റഡിയിൽ മരണപ്പെടുകയുണ്ടായി. അന്നൊക്കെ പൊലീസ് പറഞ്ഞത് മരിച്ചവർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. എന്നാൽ, ഇങ്ങനെ കസ്റ്റഡിയിൽ നടക്കുന്ന ആത്മഹത്യകളുടെ എണ്ണം കൂടി വന്നപ്പോൾ പ്രക്ഷോഭകാരികളും ഒരു മുൻകരുതലെടുത്തു. 

പ്രക്ഷോഭത്തിനിടെ കൂട്ടത്തിൽ ആരെയെങ്കിലും പൊലീസ് വിലങ്ങണിയിക്കുന്നു, കസ്റ്റഡിയിൽ എടുക്കുന്നു എന്ന് കണ്ടാൽ മൊബൈൽ ഫോൺ കാമറയും ഓൺ ചെയ്തുകൊണ്ട് മറ്റേതെങ്കിലും പ്രക്ഷോഭകാരി ഓടിയെത്തും. അയാളോട് പേര് ചോദിക്കും. അയാൾ പേര് പറയും, ഒപ്പം ലോകത്തോടായി ഒരു സാക്ഷ്യവും, " ഞാൻ ആത്മഹത്യ ചെയ്യില്ല" പറഞ്ഞു തീരും മുമ്പ് റയട്ട് പൊലീസിന്റെ ഗ്ലൗസണിഞ്ഞ കൈകൾ അയാളുടെ കവിളിൽ പതിഞ്ഞിട്ടുണ്ടാകും. 

അത്തരത്തിലുള്ള ഒന്നാണ് ട്വിറ്ററിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട ഈ വീഡിയോ

Why is it always so violent to treat young people and students?
Where is your conscience? 🙏🙏😭
International humanitarian organization saves Hong Kong,please 🆘🆘🆘🆘🆘

對不起我不太懂香港話,若有認識麻煩幫幫忙THX pic.twitter.com/EQpKPbGHra

— Mavz.tw667 (@MavzTw667)

 

ഈ 'ആത്മഹത്യ ചെയ്യില്ലെ'ന്നുള്ള ജാമ്യമാണ് ഇന്ന് ഹോങ്കോങ്ങുകാരുടെ പ്രധാന ആയുധം. ഇതിനു പുറമെ, പ്രക്ഷോഭത്തിനായി ഇറങ്ങിത്തിരിക്കും മുമ്പ് അവർ സാമൂഹ്യമാധ്യമങ്ങളിലും ഇതേ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോ നേരത്തെ തന്നെ അപ്‌ലോഡ് ചെയ്യും. എന്തിനെന്നോ? അഥവാ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടാൽ, അവർ ആത്മഹത്യ ചെയ്തതാണ് എന്ന് പൊലീസിന് അത്ര എളുപ്പത്തിൽ അവകാശപ്പെടാൻ പറ്റാതിരിക്കാൻ. മറ്റൊരർത്ഥത്തിൽ, അത്രയെളുപ്പത്തിൽ അവരെ തല്ലിക്കൊന്നു കെട്ടിത്തൂക്കാൻ സാധിക്കാതിരിക്കാൻ. 

ഹോങ്കോങ് പ്രക്ഷോഭകാരികൾക്കിടയിൽ 'കമാൻഡർ' എന്നറിയപ്പെടുന്ന ഒരു നേതാവുണ്ട്. ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഒരുപറ്റം പ്രക്ഷോഭകാരികളെ രക്ഷിച്ചെടുക്കാനുള്ള ഒരു ദൗത്യത്തിനിടെ അദ്ദേഹം ഇതുപോലെ " ആത്മഹത്യ ചെയ്യില്ല" എന്നുള്ള ഒരു കുറിപ്പിട്ടിരുന്നു. അന്ന് യൂണിവേഴ്‌സിറ്റിക്ക് ഉള്ളിൽ കയറിയ ശേഷമാണ് അങ്ങനെ ഒരു കുറിപ്പെഴുതി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. "എനിക്ക് ഒരു കാര്യം പറയാനുണ്ട്. മരിക്കും മുമ്പ് ഒരു പെൺകുട്ടിയെ പ്രണയിക്കണം എന്നുണ്ടെനിക്ക്. അതുകൊണ്ടുതന്നെ, ഞാൻ ആത്മഹത്യ ചെയ്യില്ല. ഉറപ്പ്..! "
 


 

ദൗത്യത്തിനിടെയെങ്ങാനും പൊലീസിന്റെ പിടിയിൽ അകപ്പെട്ടാൽ പിന്നെ താൻ പകൽവെളിച്ചം കണ്ടേക്കില്ല എന്ന ആശങ്ക കമാൻഡർക്കുണ്ടായിരുന്നു.

" എനിക്ക് ജയിലിൽ പോകാനൊന്നും ഭയമില്ല. ചിലപ്പോൾ പ്രക്ഷോഭത്തിനിടെ പൊലീസുമായി മൽപ്പിടുത്തം നടന്നേക്കാം, അവർ എന്നെ മർദ്ദിച്ചേക്കാം, ചിലപ്പോൾ കൊടിയ പീഡനങ്ങൾക്ക് ഞാൻ ഇരയായേക്കാം. അതൊന്നും എന്നെ അലട്ടുന്നില്ല. എന്നാൽ, കസ്റ്റഡിയിൽ വെച്ച് എന്നെയവർ കൊന്നു കെട്ടിത്തൂക്കിയാൽ, എന്റെയാ ആഗ്രഹം നടക്കാതെ പോകും. സങ്കടം അത്രമാത്രം.." അദ്ദേഹം എഴുതി.

ചൈനയുടെ ഉറക്കം കെടുത്തുന്ന ഹോങ്കോങ് പ്രതിഷേധങ്ങൾ

കൊന്നുകെട്ടിത്തൂക്കുമോ എന്ന ഭയത്തിന്റെ അടിസ്ഥാനം 

പല പ്രക്ഷോഭകാരികളും ഏറെ ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായിട്ടുണ്ട് ഹോങ്കോങ്ങിൽ. പലരും വളരെ അസാധാരണമായ രീതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിലർ മരിച്ചത് ആക്സിഡന്റുകളിലാണ്. ഈയിടെ ഹോങ്കോങ്ങിനെ പിടിച്ചുലച്ച മരണങ്ങളിൽ ഒന്ന്, അറിയപ്പെടുന്ന നീന്തൽ താരമായ ചാൻ യിൻ ലാം എന്ന പതിനഞ്ചുവയസ്സുകാരിയുടേതായിരുന്നു. അവളുടെ നഗ്നമായ ശവശരീരം ഹോങ്കോങ് തീരത്ത് അടിയുകയായിരുന്നു. അധികാരികൾ ബന്ധുക്കളെ ആരെയും കാണിക്കാതെ ആ മൃതദേഹം വൈദ്യുതശ്‌മശാനത്തിൽ സംസ്കരിച്ചു കളഞ്ഞു. അറിയപ്പെടുന്ന നീന്തൽതാരമായ ചാൻ കടലിൽ ചാടി ആത്മഹത്യ ചെയ്തു എന്നത് അവളുടെ ബന്ധുക്കൾക്ക് വിശ്വസിക്കാനാകാത്ത ഒന്നാണ്.
 


 

കസ്റ്റഡിയിൽ എടുത്ത ശേഷം പലർക്കും കടുത്ത മർദ്ദനങ്ങൾ ഏറ്റിട്ടുണ്ട്. അവരെ ഉറങ്ങാൻ വിടാതെ, ഭക്ഷണവും വെള്ളവും നിഷേധിച്ച്, പലതരത്തിൽ പീഡിപ്പിച്ചിട്ടുണ്ട് പൊലീസ്. ഹോങ്കോങ്ങിൽ ഇത്തരത്തിലുള്ള കസ്റ്റഡി പീഡനങ്ങൾക്കും  മനുഷ്യാവകാശ ലംഘനങ്ങൾക്കും നേതൃത്വം നൽകുന്നത് ചൈനീസ് അധികാരികളാണ് എന്ന് പ്രക്ഷോഭകാരികൾ ആക്ഷേപിക്കുന്നു.  

എന്നാൽ, കസ്റ്റഡിയിൽ എടുക്കപ്പെടുമ്പോൾ തന്നെ തങ്ങളുടെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു പ്രക്ഷോഭകാരി ലോകത്തോട് പ്രഖ്യാപിക്കുകയാണ്, " ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല" എന്ന്. അയാൾ പറയാൻ ആഗ്രഹിക്കുന്നത് താൻ ഗവണ്മെന്റിനെ വിശ്വസിക്കുന്നില്ല എന്നാണ്. കസ്റ്റഡിയിലിരിക്കെ താൻ മരണപ്പെട്ടാൽ അവർ കൊന്നതാണെന്ന് കരുതിക്കൊള്ളൂ എന്നാണ്.  പിന്നെ അത്രയെളുപ്പത്തിൽ ആ ശബ്ദം ഇല്ലാതെയാക്കാൻ പൊലീസിനോ സർക്കാരിനോ കഴിഞ്ഞെന്നു വരില്ല..! 

click me!