രാത്രികളില്‍ വൈദ്യുതി കട്ടാകും, വൈദ്യുതി മോഷ്‍ടിച്ച് നല്‍കാന്‍ 'പ്രൊഫഷണല്‍' മോഷ്‍ടാക്കള്‍; പ്രതിസന്ധിയില്‍ ഈ നാട്

By Web TeamFirst Published Dec 20, 2019, 4:49 PM IST
Highlights

മിക്ക ലെബനികളും രണ്ട് വൈദ്യുതി ബില്ലുകളാണ് അടയ്ക്കുന്നത്: ഒന്ന് അവിടത്തെ വൈദ്യതിബോർഡിനും മറ്റേത് പ്രാദേശിക ജനറേറ്റർ ഉടമയ്ക്കും. കൂടെക്കൂടെ വൈദ്യുതി മുടങ്ങുന്നത് ജനറേറ്ററുകളെ കൂടുതലായി ആശ്രയിക്കാൻ കാരണമാകുന്നു. എന്നാൽ, സ്വകാര്യ ജനറേറ്ററുകൾ അവിടെ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. 

വൈകീട്ട് ആറ് മണിയാകുമ്പോഴേക്കും മുഹമ്മദ് മസ്രിയുടെ വീട്  നിശബ്‍ദമാകും.  ലൈറ്റുകൾ, ഫാൻ, ടിവി, ഫ്രിഡ്‍ജ് എന്നിവയെല്ലാം പ്രവർത്തിക്കാതെയാകും. പിന്നെ അതെല്ലാം നേരെയാകണമെങ്കിൽ അടുത്ത ദിവസമാകണം. 10 വർഷത്തിലേറെയായി, അദ്ദേഹത്തിന്‍റെ വീട്ടിൽ ഇതാണ് അവസ്ഥ. അദ്ദേഹത്തിന്‍റെ മാത്രമല്ല ലെബനനിലെ മറ്റു വീടുകളുടെയും അവസ്ഥ ഇത് തന്നെയാണ്. അവരുടെ ജീവിതത്തിൽ വൈദ്യുതി എന്നത് ഏറ്റവും വലിയൊരു സ്വപ്‍നമാണ്.

ലെബനനിന്‍റെ ദേശീയ ഗ്രിഡിന് ആളുകൾക്ക് ആവശ്യമുള്ളതിന്‍റെ പകുതിയോളം വൈദ്യുതി മാത്രമേ ഉല്പാദിപ്പിക്കാൻ കഴിയൂ. 73 -കാരനായ മുഹമ്മദും ഭാര്യയും അഞ്ച് പെൺമക്കളുമൊത്താണ് ട്രിപ്പോളിയിലെ അവരുടെ വീട്ടില്‍ താമസിക്കുന്നത്. "എനിക്ക് എ/സി ഓണാക്കാൻ കഴിയുന്നില്ല. വെള്ളം തിളപ്പിക്കാനോ, ഫ്ലാറ്റിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യാനോ കഴിയുന്നില്ല" അദ്ദേഹം പറയുന്നു. "വൈദ്യുതി പോകുന്നതിന് മുൻപ് ഞങ്ങൾ ദൈനംദിന പ്രവർത്തികൾ ചെയ്‍തുതീർക്കണം. ചിലപ്പോൾ കുളിക്കാനോ, വസ്ത്രങ്ങൾ കഴുകാനോ സാധിക്കാറില്ല. പലപ്പോഴും അധികമുള്ള ഭക്ഷണം സൂക്ഷിക്കാൻ സാധിക്കാതെ കളയുകയാണ് ചെയ്യുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലെബനനിൽ ആറ് ദശലക്ഷത്തിലധികം വരുന്ന ജനങ്ങളള്‍ക്കാണ് ദിവസവും ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരികയാണ്. വൈദ്യുതി തടസ്സമില്ലാതെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങുന്നത്.  സംസ്ഥാന വൈദ്യുത കമ്പനിയായ ഇഡിഎൽ ഇന്ന് വളരെ വലിയ ഒരു പ്രതിഷേധത്തെയാണ് നേരിടുന്നത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ദിവസവും മൂന്ന് മണിക്കൂറാണ് വൈദ്യുതി ഇല്ലാത്തതെങ്കിൽ, മറ്റ് സ്ഥലങ്ങളിൽ ഇത് ദിവസത്തിൽ 17 മണിക്കൂർവരെ നീളും.

ഊർജ്ജനിലയങ്ങളിൽ ആവശ്യത്തിന് നിക്ഷേപമില്ലാത്തതാണ് അവിടെ ഈ പ്രതിസന്ധിക്ക് മുഖ്യകാരണം. ഇതിന്‍റെ പിന്നിൽ പല രാഷ്ട്രീയക്കളികളും ഉണ്ടെന്ന് ജനങ്ങൾ ആരോപിക്കുന്നു. വൈദ്യുതിക്ഷാമം മുതലെടുത്ത് രാഷ്ട്രീയക്കാർ പല സ്വകാര്യ ജനറേറ്റർ കമ്പനികളുമായി ചേർന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അവർ സംശയിക്കുന്നു.

മിക്ക ലെബനികളും രണ്ട് വൈദ്യുതി ബില്ലുകളാണ് അടയ്ക്കുന്നത്: ഒന്ന് അവിടത്തെ വൈദ്യതിബോർഡിനും മറ്റേത് പ്രാദേശിക ജനറേറ്റർ ഉടമയ്ക്കും. കൂടെക്കൂടെ വൈദ്യുതി മുടങ്ങുന്നത് ജനറേറ്ററുകളെ കൂടുതലായി ആശ്രയിക്കാൻ കാരണമാകുന്നു. എന്നാൽ, സ്വകാര്യ ജനറേറ്ററുകൾ അവിടെ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായും ജനറേറ്റർ വിതരണക്കാരെ ആശ്രയിക്കേണ്ടി വരും. ഇത് ജനറേറ്റർ വിതരണക്കാരെ സഹായിക്കാനുള്ള ഒരു രാഷ്ട്രീയ നാടകമായിട്ടാണ് അവിടത്തെ ജനങ്ങൾ കാണുന്നത്.  

ഈ പ്രതിസന്ധിക്കിടയിൽ ഇപ്പോളവിടെ മോഷണവും ശക്തമാകുന്നു. വൈദ്യുതിയില്ലാത്തിന്‍റെ പേരിൽ വീടുകളിൽ നടക്കുന്ന മോഷണമല്ല, പകരം വൈദ്യുതി തന്നെയാണ് മോഷണം പോകുന്നത്. ഇഡിഎൽ വിതരണത്തിന്‍റെ പകുതിയോളം ഇങ്ങനെ മോഷണം പോകുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.

 

'റോബിൻ ഹുഡ്‍സ്' എന്ന് പ്രശംസിക്കുന്ന ഇലക്ട്രീഷ്യൻമാരാണ് നിയമവിരുദ്ധമായി വൈദ്യുതി മോഷ്ടിക്കുന്നത്. ലൈറ്റുകൾ ഓണായിരിക്കുന്ന കമ്മ്യൂണിറ്റികളിൽ നിന്ന് അവർ വൈദ്യുതി മോഷ്ടിക്കുകയും ഇല്ലാത്തവർക്കായി വിതരണം ചെയ്യുകയും ചെയ്യുന്നു. ട്രിപ്പോളിയിലെ ഒരു 'റോബിൻ ഹുഡ്ഡാ'യ ആദം (സാങ്കല്പിക നാമം) പറയുന്നതിങ്ങനെ: "ഞാൻ പാവപ്പെട്ട, വൈദ്യുതി ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങളിലാത്ത, അത്യാവശ്യകാർക്ക് മാത്രമേ ഇത് ചെയ്‍തു കൊടുക്കാറുള്ളൂ. ഇതിനെ മോഷണം എന്ന് പറയാൻ പറ്റില്ല, സംസ്ഥാനം നമ്മുടെമേൽ അടിച്ചേൽപ്പിച്ച ഒരു യഥാർത്ഥ സാഹചര്യമാണ് ഇത്.'' 

തെക്കൻ ബെയ്‌റൂട്ടിലെ പലസ്‍തീൻ അഭയാർഥിക്യാമ്പ് പോലുള്ള ദരിദ്രപ്രദേശങ്ങളിൽ എല്ലാവരും മോഷ്ടിച്ച വൈദ്യുതിയെ ആശ്രയിക്കുന്നവരാണ്. ഇടുങ്ങിയ തെരുവുകളും, തിങ്ങിനിറഞ്ഞ വീടുകളും ഇന്നും നിലനിൽക്കുന്നത് ഇത് കാരണമാണ്. അതിൽ കഴിയുന്ന രോഗികളും കുഞ്ഞുങ്ങളും എല്ലാവരും അതിജീവിക്കുന്നത് ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി മൂലമാണ്. അത്തരമൊരു അതിജീവനത്തിന്‍റെ പാതയിലാണ് ഐസ റാഷിദും. ശ്വാസകോശ സംബന്ധമായ തകരാറുമൂലം ദുരിതമനുഭവിക്കുന്ന അദ്ദേഹത്തിന് ശ്വസിക്കാൻ ഓക്സിജൻ മെഷീന്‍റെ സഹായം വേണം. ഇങ്ങനെ മോഷ്‍ടിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയിലാണ് ഓക്സിജൻ മെഷീൻ പ്രവർത്തിക്കുന്നത്. 

ഔദ്യോഗിക വിതരണം അവസാനിക്കുമ്പോൾ, ആ കുടുംബം നിയമവിരുദ്ധമായ വൈദ്യുതി വിതരണത്തിനായി കാത്തിരിക്കുന്നു. ദിവസത്തിൽ പല തവണ, വൈദ്യുതി വിതരണം മുടങ്ങുമ്പോഴും, സ്വീകരണമുറിയിലെ സോഫയിൽ കിടക്കുന്ന ഐസ ശ്വാസത്തിനായി പിടയുന്നത് കാണാം. അതിനാല്‍ വൈദ്യുതി മോഷണത്തെ പോലും തെറ്റെന്ന് പറയാനാകാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. 


 

click me!