ഉന്നാവ് കേസിൽ അനുകൂലവിധി വന്നതറിയാതെ ആശുപത്രിയിൽ ജീവച്ഛവമായി യുവതിയുടെ അഭിഭാഷകൻ

By Web TeamFirst Published Dec 20, 2019, 3:45 PM IST
Highlights

പെൺകുട്ടി നൽകിയ വക്കാലത്ത് ഏറ്റെടുക്കാൻ ഉന്നാവ് ജില്ലയിലെ ഒരുവിധം ക്രിമിനൽ വക്കീലന്മാരൊക്കെയും വിമുഖതകാണിച്ചപ്പോൾ, സധൈര്യം അത് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചയാളാണ് മഹേന്ദ്ര സിങ്ങ്

ഉന്നാവ് കൂട്ടബലാത്സംഗക്കേസിലെ വിധി വന്നിരിക്കുകയാണ്. കുൽദീപ് സിങ് സെൻഗർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കോടതി, അയാളെ ജീവപര്യന്തം തടവിന് വിധിച്ചു. ഈ കേസിൽ ഇങ്ങനെ ഒരു വിധിയുണ്ടാകാൻ വേണ്ടി കഠിനപ്രയത്നം നടത്തിയ ഒരാൾ, തനിക്ക് കേസിൽ അനുകൂലവിധിയുണ്ടായതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവച്ഛവമായി കിടപ്പുണ്ട്. അയാളുടെ പേര്, മഹേന്ദ്ര സിങ്ങ് എന്നാണ്. അഭിഭാഷകനാണ്. ചെയ്ത കുറ്റം ഒന്നുമാത്രം, മറ്റുള്ള വക്കീലന്മാരൊന്നും കാണിക്കാതിരുന്ന പ്രതിബദ്ധത തന്റെ തൊഴിലിനോട് കാണിച്ചു. ചൂഷണം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി തന്റെ അഭിമാനം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിൽ അവള്‍ക്കൊപ്പം ചേർന്നു. അതെ, ആ പെൺകുട്ടിക്ക് വേണ്ട നിയമസഹായം നൽകി, കോടതിയിൽ അവളുടെ കേസുകൾ വാദിച്ചു എന്നതുമാത്രമാണ് അയാൾ ചെയ്ത കുറ്റം. അതിന് ഒരുപക്ഷേ, അയാൾ കൊടുക്കേണ്ടി വരുന്ന വില, തന്റെ ജീവിതമായിരുന്നു. 

ഉന്നാവ് കേസില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ലക്ഷ്യമിട്ടുകൊണ്ട് നടത്തപ്പെട്ട ട്രക്ക് ആക്രമണത്തിൽ യുവതിയുടെ രണ്ട് അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടു. ഏറെനാൾ ആശുപത്രിയിൽ ചെലവിട്ടശേഷം പെൺകുട്ടി ഏറെക്കുറെ സുഖം പ്രാപിച്ചു. എന്നാൽ, ഇവരോട് യാതൊരു വിധത്തിലുള്ള ബന്ധുതയുമില്ലാത്ത മഹേന്ദ്ര സിങ്, പീഡനം അനുഭവിച്ച ഒരു സ്ത്രീക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി, അവരുടെ വക്കാലത്തേറ്റെടുത്തു എന്ന ഒരൊറ്റക്കാരണത്താൽ ഇന്നും അർദ്ധബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിലാണ്. 

ബലാത്സംഗത്തെ അതിജീവിച്ച യുവതിക്കൊപ്പം അവരെ റായ്ബറേലി ജയിലിലേക്ക് കൊണ്ടുപോകാൻ വേണ്ടി കാറിൽ പോവുകയായിരുന്നു മഹേന്ദ്ര സിങ്ങ്. ആ കാറിലേക്ക് സെൻഗറിന്റെ കൊലയാളികൾ ട്രക്ക് കൊണ്ടിടിച്ചുകയറ്റിയപ്പോൾ തകർന്നു തരിപ്പണമായി അത്. മഹേന്ദ്രയുടെ രണ്ടു കാലിന്റെയും എല്ലുകൾ തകർന്നുപോയി. അദ്ദേഹത്തിന്റെ പേശികൾക്ക് കാര്യമായ ചതവുകൾ പറ്റിയിട്ടുണ്ട്. മുഖത്തും കാര്യമായ പരിക്കുകളുണ്ട്. അദ്ദേഹം സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് അവരെയും കൊണ്ട്  പൊയ്ക്കൊണ്ടിരുന്നത്. ഡ്രൈവിങ് സീറ്റിൽ ആയിരുന്നതുകൊണ്ടുതന്നെ, നേർക്കുനേർ ട്രക്ക് വന്നിടിച്ചപ്പോൾ ഏറ്റവുമധികം പരിക്കുകൾ ഏറ്റതും അദ്ദേഹത്തിനുതന്നെ ആയിരുന്നു. അപകടം നടന്നയുടനെ  കിംഗ് ജോർജ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മഹേന്ദ്രയെ പിന്നീട് എയർ ആംബുലൻസ് വഴി ദില്ലി AIIMS ആശുപത്രിയിലെ ട്രോമാ സെന്ററിൽ എത്തിക്കുകയായിരുന്നു.

പെൺകുട്ടി നൽകിയ വക്കാലത്ത് ഏറ്റെടുക്കാൻ ഉന്നാവ് ജില്ലയിലെ ഒരുവിധം ക്രിമിനൽ വക്കീലന്മാരൊക്കെയും വിമുഖതകാണിച്ചപ്പോൾ, സധൈര്യം അത് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചയാളാണ് മഹേന്ദ്ര സിങ്ങ്. അതിന്റെ പേരിൽ നിരവധി ഭീഷണികൾ അയാൾക്ക് എംഎൽഎയുടെ ബന്ധുക്കളിൽ നിന്നും പലപ്പോഴായി കിട്ടിയിട്ടുമുണ്ട്. വക്കാലത്തുമായി മുന്നോട്ടുപോയാൽ തീർത്തുകളയും എന്ന ഭീഷണികളെ അവഗണിക്കുകമാത്രമേ ഇന്നുവരെ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇന്നിപ്പോൾ, ആ ഭീഷണികൾ യാഥാർഥ്യമായിരിക്കുകയാണ്. 

പതിനെട്ടു വർഷം പഴക്കമുള്ള ഒരു വെടിവെപ്പുകേസ്‌ കുത്തിപ്പൊക്കി പെണ്‍കുട്ടിയുടെ അമ്മാവനെ റായ് ബറേലി ജയിലിൽ അടച്ചിരിക്കുകയായിരുന്നു അന്ന്. താൻ നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമായാണ് തന്റെ അമ്മാവന് ഈ ദുര്യോഗം നേരിടേണ്ടി വന്നത് എന്ന കുറ്റബോധം ഉള്ളിൽ തോന്നിയിരുന്നതുകൊണ്ടാവും, അവർ ജയിലിൽ കിടക്കുന്ന അമ്മാവന്റെ പത്നിയും അവരുടെ സഹോദരിയും ഒക്കെയായി റായ് ബറേലി ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി പോയത്. അതിന് അവർക്കുവേണ്ടുന്ന സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ വേണ്ടിയാണ് അഭിഭാഷകൻ എന്ന നിലയിൽ മഹേന്ദ്ര സിങ്ങ് കൂടെപ്പോയത്. 

"അവന് വല്ലാത്ത ധൈര്യമുണ്ടായിരുന്നു. തുനിഞ്ഞിറങ്ങിയാൽ പിന്നെ അവനെ തടുത്തുനിർത്താൻ ആർക്കും കഴിയില്ലായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെങ്കിൽ ഏത് പാതിരായ്ക്കും ഇറങ്ങി വരുന്ന പ്രകൃതമായിരുന്നു അവന്റേത്..."  മഹേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്ത് നീരജ്, ബിബിസിയോട് പറഞ്ഞു. "അവന് എംഎൽഎയുമായി ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. അവന്റെ ജോലിയുടെ ഭാഗമായി അവൻ ഏറ്റെടുത്ത ഒരു വക്കാലത്തുമാത്രമായിരുന്നു ഇത്." നീരജ് തുടർന്നു. 

മഹേന്ദ്ര സിങിന്റെ അവസ്ഥ ഇന്നും വളരെ മോശമാണ്. ഇപ്പോഴും ഏകദേശം കോമയിൽ കിടക്കുന്ന അവസ്ഥയാണെങ്കിലും, ഇനിയും സിംഗിനെ AIIMS ആശുപത്രിയിൽ കിടത്താനാവില്ല എന്നാണ് അവിടത്തെ ഡോക്ടർമാർ പറയുന്നത്. ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ കൊണ്ടുപോയി നോക്കിക്കൊള്ളാനാണ് അവർ ബന്ധുക്കളോട് പറയുന്നത്. 

"അവന് മിണ്ടാനാവുന്നില്ല, ഭക്ഷണം കഴിക്കുന്നില്ല. എണീറ്റ് നടക്കാനാവുന്നില്ല. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്നുപോലും അറിഞ്ഞുകൂടാ. ഇനി ഒക്കെ അറിഞ്ഞുകൊണ്ട്, എന്നാൽ ഒന്നും പറയാനാവാതെ ഇരിക്കുകയാണോ എന്നും അറിയില്ല. ഭക്ഷണം കൊടുക്കുന്നത് ട്യൂബ് വഴിയാണ്. എന്നിട്ടും അവർ ഡിസ്ചാർജ് ചെയ്യണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നറിയില്ല", മഹേന്ദ്രയുടെ സഹോദരൻ കുശാൽ സിംഗ് ദ ക്വിന്റിനോട്  പറഞ്ഞു. സുപ്രീം കോടതി ഡിസംബർ 16 -ന് പുറപ്പെടുവിച്ച ഉത്തരവിൽ മഹേന്ദ്രയുടെ ചികിത്സ AIIMS ൽ തന്നെ തുടരണം എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ബന്ധുക്കൾ പറയുന്നത്.  ജനുവരി ആറിനാണ് അടുത്ത ഹിയറിങ്. അന്നേക്ക് മഹേന്ദ്രയുടെ മെഡിക്കൽ ബുള്ളറ്റിനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അവർ തിരക്കിട്ട് ഡിസ്ചാർജ്ജ് ചെയ്യാൻ പറയുന്നത് എന്തിനാണെന്നറിയില്ല എന്നും അവർ പറഞ്ഞു. 

ആശുപത്രിയിൽ ഇനി ചികിത്‌സയൊന്നും ചെയ്യാനില്ല എന്നാണ് വക്കീലിനെ പരിശോധിക്കുന്ന ഡോക്ടറുടെ അഭിപ്രായം.  കഴിഞ്ഞ പത്തു വർഷമായി അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മഹേന്ദ്ര സിങ്ങ് മുമ്പും പല കേസുകൾക്കും വക്കാലത്തേറ്റെടുത്തിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ജീവൻ അപായപ്പെടുത്താനുളള ശ്രമങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല. 

ഇന്ന്, കേസിന്റെ വിധിവന്ന വേളയിൽ അതിന്റെ മധുരം നുണയാൻ മഹേന്ദ്രസിങ്ങിന് ആവുന്നില്ലലോ എന്ന സങ്കടത്തിലാണ് അദ്ദേഹത്തിന്റെ സ്നേഹിതർ. 
 
 

click me!