
എന്തൊരു കാര്യത്തെ കുറിച്ചും അറിയാൻ പെട്ടെന്നു നമ്മൾ എടുത്തു നോക്കുന്നതാണ് വിക്കിപീഡിയ(Wikipedia). ലോകത്തെ പ്രശസ്തരായ വ്യക്തികളെ കുറിച്ചും, കടന്നുപോയ ചരിത്രവഴികളെ കുറിച്ചും, സാങ്കേതികവിദ്യകളെകുറിച്ചും എന്നു വേണ്ട ആകാശത്തിന് കീഴിലുള്ള ഒരു മാതിരിപ്പെട്ട എല്ലാത്തിനെപ്പറ്റിയും അറിവ് നല്കാൻ വിക്കിപീഡിയ സഹായകമാണ്. എന്നാൽ, അതിന് പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെ കുറിച്ച് എത്ര പേർക്ക് അറിയാം? വിക്കിപീഡിയയിൽ നിങ്ങൾ വായിക്കുന്ന ഓരോ ലേഖനത്തിനും ഒരു എഴുത്തുകാരനും എഡിറ്ററും ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഡിറ്റർമാരിൽ ഒരാളാണ് വിർജീനിയ നിവാസിയായ സ്റ്റീവൻ പ്രൂയിട്ട്(Steven Pruitt).
മൂന്ന് ദശലക്ഷത്തിലധികം ലേഖനങ്ങളാണ് അദ്ദേഹം ഇതുവരെ എഡിറ്റ് ചെയ്തിട്ടുള്ളത്. ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള 25 വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ അദ്ദേഹത്തെ 2017 -ൽ തെരഞ്ഞെടുത്തിരുന്നു. 2006 മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ ഈ ജോലി. എഡിറ്റിങ്ങിന് പുറമെ ലോകത്തിലെ പ്രശസ്തരായ സ്ത്രീകളെക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വിക്കിപീഡിയയിൽ ലിംഗവിവേചനം ഇല്ലായ്മ ചെയ്യാൻ ആഗ്രഹിച്ചായിരുന്നു അത്. ഈ ഓൺലൈൻ എൻസൈക്ലോപീഡിയയിലെ മൂന്നിലൊന്ന് ഇംഗ്ലീഷ് ലേഖനങ്ങളും എഡിറ്റ് ചെയ്തത് അദ്ദേഹമാണ്. അങ്ങനെയാണ് ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വിക്കിപീഡിയയിൽ സെർ അമാന്റിയോ ഡി നിക്കോളാവോ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓപ്ര കഥാപാത്രത്തിന്റെ പേരാണത്. ചരിത്രത്തോട് അഗാധമായ അഭിനിവേശമുള്ളയാളാണ് അദ്ദേഹം. തന്റെ പൂർവ്വികരിൽ ഒരാളായ പീറ്റർ ഫ്രാൻസിസ്കോയെ കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലേഖനം.
യുഎസ് കസ്റ്റംസ് ഓഫീസിൽ ഡോക്യുമെന്റ് വിഭാഗത്തിലാണ് സ്റ്റീവൻ ജോലി ചെയ്യുന്നത്. എന്നാൽ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അദ്ദേഹം ഓൺലൈൻ പോർട്ടലിൽ ഗവേഷണം, എഡിറ്റിംഗ്, എഴുത്ത് എന്നിവയ്ക്കായി മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നു. എന്നാൽ ഈ അധിക ജോലിയ്ക്ക് പ്രതിഫലമൊന്നും അദ്ദേഹത്തിന് ലഭിക്കുന്നില്ല. ഇതിനോടുള്ള താല്പര്യമാണ് അദ്ദേഹത്തെ ഇതിൽ പിടിച്ച് നിർത്തുന്നത്. "എല്ലാം ഇവിടെ സൗജന്യമാണ് എന്ന ആശയം എന്നെ ആകർഷിച്ചു. എന്റെ അമ്മ സോവിയറ്റ് യൂണിയനിലാണ് വളർന്നത്. അതിനാൽ എനിക്കറിയാം അറിവ് സൗജന്യമായി ലഭിക്കുക, വിവരങ്ങൾ സൗജന്യമായി ലഭിക്കുക എന്നതിന്റെ പ്രസക്തിയെന്താണെന്ന്" അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയനിൽ വളർന്ന അമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളാണ് തന്നിൽ അറിവിനോടുള്ള താല്പര്യം ജനിപ്പിച്ചതെന്ന് അദ്ദേഹം കരുതുന്നു.
കൂടി പോയാൽ രണ്ടോ മൂന്നോ ആഴ്ച മാത്രമാണ് താൻ വിക്കിപീഡിയ എഡിറ്റ് ചെയ്യാതെ ഇരുന്നിട്ടുള്ളതെന്ന് സ്റ്റീവൻ പറഞ്ഞു. വാസ്തവത്തിൽ, സ്റ്റീവൻ പ്രൂയിറ്റിനെ പോലുള്ളവരുടെ സേവനമില്ലാതെ സൈറ്റ് നിലനിൽക്കില്ലെന്ന് വിക്കിമീഡിയയുടെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് കുയി കിനിയൻജുയിയും പ്രസ്താവിച്ചിരുന്നു. സ്റ്റീവൻ തന്റെ ഒഴിവു സമയം സൈറ്റിനായി സമർപ്പിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 13 വർഷത്തിലേറെയായി.