ഒറ്റ ഫോട്ടോയിലൂടെ ഒത്തുചേര്‍ന്നത് വേര്‍പിരിഞ്ഞുപോയൊരു കുടുംബം!

By Web TeamFirst Published Mar 28, 2021, 12:45 PM IST
Highlights

'ഞങ്ങള്‍ അകത്തോട്ട് കേറിച്ചെന്നപ്പോള്‍ മാലിക് എന്നെ കണ്ടു. പിന്നെയാണ് അവന്‍റെ ആന്‍റിയെ കാണുന്നത്. അപ്പോള്‍ തന്നെ അവന്‍ തന്‍റെ തല താഴ്ത്തി. അവന്‍റെ ആന്‍റി അവനെ കണ്ടതോടെ നിര്‍ത്താതെ കരയാന്‍ തുടങ്ങി' -മുന്‍ഡാക്ക പറയുന്നു. 

'എപ്പോഴൊക്കെ ഞാനവിടെ പോകുന്നുണ്ടോ, അപ്പോഴൊക്കെ കടുത്ത ദാരിദ്ര്യമാണ് അവിടെ ഞാന്‍ മുഖാമുഖം കണ്ടിരുന്നത്. ആദ്യമാദ്യം എനിക്ക് കടുത്ത അപമാനം തോന്നി, ആ അവസ്ഥ കണ്ടിട്ട്. ഞങ്ങളുടെ ജനങ്ങള്‍ ഇങ്ങനെ ഒരു സാഹചര്യത്തില്‍ അല്ല ജീവിക്കേണ്ടത് എന്ന് എല്ലായ്പ്പോഴും എന്‍റെ ഉള്ളില്‍ തോന്നിക്കൊണ്ടിരുന്നു' -മുന്‍ഡാക ചസന്ത് എന്ന ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫര്‍ പറയുന്നു. 

ഘാനയിലെ അക്രയിലെ അഗ്‌ഗോഗ്ലോഷിയിലെ മാലിന്യക്കൂമ്പാരത്തിലേക്ക് 'ബര്‍ണര്‍ ബോയ്സ്' -ന്‍റെ ചിത്രമെടുക്കാനായിട്ടാണ് മുന്‍ഡാക പോയത്. മാലിന്യത്തിന്‍റെ വലിയ കൂമ്പാരങ്ങള്‍ക്കിടയില്‍ അപകടകരമായ ജോലി ചെയ്‍തിട്ടാണ് 'ബര്‍ണര്‍ ബോയ്‍സ്' എന്ന് വിളിക്കപ്പെട്ട ഈ കുട്ടികള്‍ ജീവിക്കുന്നത്. പ്ലാസ്റ്റിക് കത്തിച്ച ശേഷം മെറ്റല്‍ കണ്ടെത്തുന്നതിനാലാണ് അവർക്ക് ഈ പേര് വന്നത്. 

'ഇപ്പോള്‍ നിങ്ങള്‍ അഗ്‌ഗോഗ്ലോഷി -യിലേക്ക് പോവുകയാണ് എങ്കില്‍ യുവാക്കള്‍ ഇ-വേസ്റ്റുകള്‍ക്കിടയില്‍ നിന്നും വില കിട്ടുന്ന ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത് കാണാം.' എന്നും മുൻഡാക പറയുന്നു. 2013 -ല്‍ 'പ്യുവര്‍ എര്‍ത്തും' 'ഗ്രീന്‍ ക്രോസ് സ്വിറ്റ്സര്‍ലാന്‍ഡും' ലോകത്തിലെ ഏറ്റവും വിഷമയമായ പരിസ്ഥിതിയുള്ള 10 പ്രദേശങ്ങളുടെ പട്ടികയില്‍ അഗ്‌ഗോഗ്ലോഷി -യും ഉള്‍പ്പെടുത്തുകയുണ്ടായി. 

കഴിഞ്ഞ വര്‍ഷം മുണ്ടാക അഗ്‌ഗോഗ്ലോഷിയില്‍ വച്ച് 14 വയസുകാരനായ മാലിക്കിന്‍റെ ഒരു ചിത്രം എടുക്കുകയുണ്ടായി. അതില്‍ ചില കുട്ടികള്‍ ഒളിച്ചോടി വരുന്നതായിരിക്കും എന്ന് മുന്‍ഡാക്കയ്ക്ക് അറിയാമായിരുന്നു. എവിടെ നിന്നാണ് അവര്‍ വന്നത് എന്ന് അവരൊരിക്കലും നിങ്ങളോട് പറയില്ല. അതിനാല്‍ തന്നെ മാലിക് അങ്ങനെ ഓടിവന്ന ഒരാളാണ് എന്ന് മുന്‍ഡാകയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍, ആ ചിത്രം അദ്ദേഹം തന്‍റെ വെബ്സൈറ്റിലിട്ടപ്പോള്‍ ഒരാള്‍ മുന്‍ഡാക്കയുമായി ബന്ധപ്പെട്ടു. 'നിങ്ങളുടെ ചിത്രത്തിലുള്ള കുട്ടികളിലൊരാൾ സത്യത്തില്‍ കാണാതായ ഒരാളാണ്. ആ കുട്ടിയെ കുറിച്ച് ഞങ്ങളൊരുപാട് ആകുലപ്പെട്ടിരുന്നു. ഞങ്ങളില്‍ ചിലര്‍ അവന്‍ മരിച്ചുപോയി എന്ന് പോലും കരുതിയിരുന്നു.' എന്ന് അയാൾ പറഞ്ഞു. മാലിക് തന്‍റെ ആന്‍റിയുടെ വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണ്. പിന്നീടാണ് 'ബര്‍ണര്‍ ബോയ്' ആകുന്നത്. അവന്‍റെ ആന്‍റിയുടെ അയല്‍ക്കാരാണ് അവനെ ചിത്രത്തില്‍ തിരിച്ചറിഞ്ഞത്. അവന്‍ അങ്ങനെ തന്‍റെ കുടുംബവുമായി വീണ്ടും ഒന്നുചേര്‍ന്നു. 

'ഞങ്ങള്‍ അകത്തോട്ട് കേറിച്ചെന്നപ്പോള്‍ മാലിക് എന്നെ കണ്ടു. പിന്നെയാണ് അവന്‍റെ ആന്‍റിയെ കാണുന്നത്. അപ്പോള്‍ തന്നെ അവന്‍ തന്‍റെ തല താഴ്ത്തി. അവന്‍റെ ആന്‍റി അവനെ കണ്ടതോടെ നിര്‍ത്താതെ കരയാന്‍ തുടങ്ങി' -മുന്‍ഡാക്ക പറയുന്നു. 

'അവനെ കണ്ടപ്പോള്‍ എനിക്ക് വളരെയധികം സങ്കടം തോന്നി. അവന്‍ വളരെ മെലിഞ്ഞും ആകെ ചേറുപുരണ്ടുമാണ് നിന്നിരുന്നത്. എന്‍റെ കയ്യില്‍ ഒറ്റരൂപാ പോലും ഇല്ലെങ്കിലും അവനെ ഇങ്ങനെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു' -മാലിക്കിന്‍റെ ആന്‍റി പറയുന്നു.

'വീട്ടിലേക്ക് മടങ്ങിയെത്താനായതില്‍ എനിക്ക് സന്തോഷമുണ്ട്. ആന്‍റിയെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ വളരെയധികം സന്തോഷമുണ്ട്' എന്ന് മാലിക്കും പറയുന്നു. 

'എന്‍റെ ഒരു ഫോട്ടോഗ്രാഫിലൂടെ ഒരു കുടുംബം ഒന്നുചേര്‍ന്നു എന്ന കാര്യം എനിക്ക് വളരെ അധികം അഭിമാനം നല്‍കി' എന്ന് ഫോട്ടോഗ്രാഫറും പറയുന്നു. 

മാലിക് ഇപ്പോള്‍ ഘാനയില്‍ തന്‍റെ മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. ഒരു ഇലക്ട്രീഷ്യനൊപ്പം തൊഴില്‍ പരിശീലനത്തിലാണ് അവന്‍. മുന്‍ഡാക അവനെ സന്ദര്‍ശിക്കാന്‍ ചെല്ലുകയുണ്ടായി. മാലിക്കിന് ഒരു സമ്മാനവും അദ്ദേഹം കൊണ്ടുപോയിരുന്നു. അതൊരു സൈക്കിളായിരുന്നു. പക്ഷേ, മാലിക്കിനെ സംബന്ധിച്ച് ജീവിതം ഇപ്പോഴും എളുപ്പമല്ല. ആ കുടുംബവും ഒട്ടും നല്ല അവസ്ഥയില്‍ അല്ലെന്ന് വേണം പറയാന്‍. തന്‍റെ മുത്തശിക്ക് തന്നെ നോക്കാനുള്ള പണം ഇല്ലെന്ന് മാലിക് പറയുന്നു. തനിക്ക് സ്‍കൂളിലേക്ക് മടങ്ങിപ്പോവാനാവില്ലേ എന്നും അവന്‍ ആശങ്കപ്പെടുന്നു. തങ്ങളുടെ അവസ്ഥ വളരെ മോശമാണ് എന്ന് അവന്‍റെ കുടുംബവും മുന്‍ഡാകയോട് പറയുകയുണ്ടായി. 

'ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ തനിക്ക് ചെയ്യാനാവുന്നത് താന്‍ ചെയ്യും. പക്ഷേ, അതെത്രത്തോളം എന്ന് പറയാനാവില്ല. ഒരു സമൂഹമെന്ന നിലയില്‍ ഈ യുവാക്കളുടെ അവസ്ഥ തങ്ങളെ എല്ലാം ബാധിക്കുന്നു' എന്നും മുന്‍ഡാക പറയുന്നു. 

click me!