
ജനങ്ങൾക്ക് നേരെ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററെടുത്ത് വീശി അവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരനായ യുവാവ് ബാങ്കോക്കിൽ അറസ്റ്റിൽ. സിയാം സ്ക്വയറിൽ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. നോവോടെൽ ഹോട്ടലിന് മുന്നിലായിരുന്നു സംഭവമെന്നും റിപ്പോർട്ടുകൾ പറയുന്നു. യുവാവ് തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററെടുത്ത് വീശിക്കാണിച്ചതോടെ ഇവിടെയുണ്ടായിരുന്ന ജനങ്ങളിൽ ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പിന്നാലെയാണ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടത്.
ഇതിന്റെ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ടു. വീഡിയോയിൽ, 41 -കാരനായ സാഹിൽ റാം തഡാനി എന്നയാൾ റോഡിൽ നൃത്തം ചെയ്യുന്നതും വഴിയാത്രക്കാരെ അധിക്ഷേപിക്കുന്നതുമാണ് പകർത്തിയിരിക്കുന്നത്. ബാങ്കോക്കിലെ ഏറ്റവും ജനപ്രിയ വാണിജ്യ മേഖലകളിലൊന്നിലാണ് യുവാവുള്ളത്. ഇവിടെ വച്ചാണ് തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററുപയോഗിച്ച് ഇയാൾ വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഭയപ്പെടുത്തുന്നത് എന്ന് ബാങ്കോക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു.
വീഡിയോയുടെ അവസാനഭാഗത്ത് കാണുന്നത്, തഡാനി നിലത്ത് ഇരിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നതുമാണ്. എഴുന്നേൽക്കാൻ പൊലീസ് ഇയാളോട് ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും അയാൾ അത് അനുസരിക്കാൻ വിസമ്മതിക്കുകയാണ്. പിന്നീട് ഗാർഡുകൾ അയാളെ നിലത്തുനിന്ന് പിടിച്ചുവലിച്ച് എഴുന്നേല്പിക്കാൻ ശ്രമിക്കുന്നതും കാണാം. അതോടെ യുവാവ് കരയുന്നതും തന്റെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നതും കേൾക്കാം.
എന്നാൽ, പിന്നീട് ഇയാൾ പൊലീസിനോടും സുരക്ഷാ ഉദ്യോഗസ്ഥരോടും അക്രമണാത്മകമായി പെരുമാറാൻ തുടങ്ങി. ഓഫീസർമാരെയും ഇയാൾ ചീത്ത വിളിച്ചു. ഒടുവിൽ ഇയാളെ കീഴ്പ്പെടുത്തി പാത്തൂം വാൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട്, പൊലീസ് തന്നെയാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററാണ് എന്ന് സ്ഥിരീകരിച്ചത്. കഞ്ചാവുപയോഗിച്ചിട്ടാണ് യുവാവ് ഇങ്ങനെ പെരുമാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊലീസ് റിപ്പോർട്ടിൽ പറയുന്നത് ഇയാൾ മുമ്പ് ഇന്ത്യയിലെ മൂന്ന് കമ്പനികളുടെ ഡയറക്ടറായിരുന്നുവെന്നും പിന്നീട് അവയെല്ലാം പ്രവർത്തനം അവസാനിപ്പിച്ചുവെന്നുമാണ്. എത്ര കാലമായി ഇയാൾ തായ്‌ലൻഡിൽ താമസിക്കുന്നു, ഇത്തരം പെരുമാറ്റത്തിന് മുമ്പ് എന്തെങ്കിലും കേസുകളൊക്കെയുണ്ടോ എന്നൊക്കെ പൊലീസ് അന്വേഷിക്കുന്നുണ്ട്.