
പടക്കങ്ങൾ പല ആഘോഷങ്ങളിലും പ്രധാനമാണ്. എന്നാൽ, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പടക്കം വലിയ അപകടം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴിതാ പടക്കം പൊട്ടിച്ചതിന് പിന്നാലെ കാനഡയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. ഇതിന്റെ പേരിൽ മൂന്നുപേർ അറസ്റ്റിലാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കമാണ് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
കാനഡയിലെ എഡ്മണ്ടണിലാണ് തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. സമീപത്ത് പടക്കം പൊട്ടിച്ചതിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് 25 അവന്യൂവിനും 24 സ്ട്രീറ്റിനും സമീപം വീടുകൾക്ക് തീപിടിച്ചതെന്ന് എഡ്മണ്ടൻ പൊലീസ് ചൊവ്വാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വീടിന്റെ പിൻഭാഗത്ത് നിന്നാണ് പടക്കം പൊട്ടിച്ചത്. ഇതിൽ നിന്നുള്ള തീപ്പൊരി ഇവിടെയുള്ള വീടുകളിൽ ചെന്ന് വീഴുകയായിരുന്നു എന്നും വീടുകൾക്ക് തീപിടിക്കുകയായിരുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കുകളില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ തീവയ്പ്പിന് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അശ്രദ്ധയോടെയുള്ള പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്ക് നാശനഷ്ടമോ, അപകടമോ വരുത്തുന്നത് തടയുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നത്' എന്നും പ്രസ്താവനയിൽ പറയുന്നു.
ദീപാവലി ആഘോഷിക്കുന്ന ആളുകൾ അനുമതിയില്ലാതെ പടക്കങ്ങൾ പൊട്ടിക്കരുതെന്നും എഡ്മണ്ടൻ പൊലീസ് മുന്നറിയിപ്പ് നൽകി. അത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണെന്നും പൊലീസ് പറയുന്നു. അനുമതിയില്ലെങ്കിൽ പടക്കവുമില്ല, നിങ്ങളുടെ വീടുകൾ വെളിച്ചമുള്ളതാക്കാം, അയൽക്കാരന്റെ മേൽക്കൂര കത്തിക്കരുത് എന്നാണ് പൊലീസ് പറയുന്നത്.