
കാട്ടിലെ മുൻ നിര വേട്ടക്കാർ തന്നെയാണ് കടുവകൾ. പക്ഷേ അവ ആനകളുമായി അധികം അടുത്തിടപഴകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അത് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ ആയിരുന്നു. ഒരു കാട്ടാനക്കൂട്ടത്തിന് വഴിമാറി കൊടുത്ത് മറഞ്ഞു നിൽക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.
ഒരു കാട്ടുപാതയിലൂടെ കടുവ നടന്നു നീങ്ങുമ്പോൾ പെട്ടെന്ന് എതിർവശത്തു നിന്നും ഒരു കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേൾക്കുന്നു. കടുവ വേഗത്തിൽ തന്നെ അവ നടന്നുവരുന്ന വഴിയിൽ നിന്നും മാറി അവയ്ക്ക് വഴിയൊരുക്കി മണ്ണിൽ പതുങ്ങി കിടക്കുന്നു. കാട്ടാനക്കൂട്ടം കടുവയെ കണ്ടെങ്കിലും അവ അല്പം പോലും ഭയക്കുകയോ അതിനെ ആക്രമിക്കാൻ ചെല്ലുകയോ ചെയ്യുന്നില്ല. പകരം തല ഉയർത്തിപ്പിടിച്ച് ഗമയിൽ വരിവരിയായി നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. മുഴുവൻ കാട്ടാനകളും പോയി എന്ന് ഉറപ്പാക്കിയതിനു ശേഷം കടുവ അവിടെ നിന്ന് എഴുന്നേറ്റ് മുന്നോട്ടു പോകാൻ തുടങ്ങുന്നതിനിടയിൽ വീണ്ടും ഒരു കാട്ടാനയുടെ ശബ്ദം കേൾക്കുകയും അത് വേഗത്തിൽ താൻ ആദ്യം ഇരുന്ന സ്ഥലത്തേക്ക് ഓടിവന്ന് ഇരിക്കുകയും ചെയ്യുന്നു. അപ്പോൾ ആദ്യം പോയ കാട്ടാനക്കൂട്ടത്തിൽ പെട്ട ഒരു ആന തന്നെയാകാം കടുവയെ മറികടന്ന് മുന്നോട്ടുപോകുന്നതും വീഡിയോയിൽ കാണാം.
ഇങ്ങനെയാണ് മൃഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നതും സൗഹൃദം പങ്കിടുന്നതും എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് സുശാന്ത് നന്ദ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരമായ ഈ വീഡിയോ ഇതിനോടകം അനേകം പേരാണ് കണ്ടത്. കാട്ടുമൃഗങ്ങളായ കടുവകൾ സാധാരണയായി മാൻ, കുരങ്ങുകൾ, പന്നികൾ തുടങ്ങിയ വലുതോ ഇടത്തരമോ ആയ സസ്തനികളെയാണ് വേട്ടയാടുന്നത്. പൂർണ്ണവളർച്ചയെത്തിയ ആനകളെ കടുവകൾ വേട്ടയാടുന്ന സംഭവങ്ങൾ വളരെ വിരളമാണ് എന്നാണ് സുശാന്ത് നന്ദ പറയുന്നത്.