വീടിന്റെ ചുമരുകൾക്കിടയിൽ പാമ്പ്, ഒടുവിൽ പൊളിച്ച് പുറത്തെടുത്തു

By Web TeamFirst Published Jul 19, 2022, 2:20 PM IST
Highlights

എന്നാൽ ഭിത്തികൾ പൊളിക്കാതെ പുറത്തെടുക്കാൻ പറ്റാത്ത വിധത്തിലായിരുന്നു അതിന്റെ ഇരിപ്പ്. റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത സംരക്ഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഏതു വിധേനയും അതിനെ പുറത്തെടുക്കാൻ തീരുമാനിച്ചു.

എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴഞ്ചൊല്ല് നമ്മൾ കേട്ടിട്ടുണ്ടാകും. ഹരിയാനയിൽ എന്നാൽ ഏകദേശം അതിന് തുല്യമായ ഒരു സംഭവമാണ് ഇന്നലെ നടന്നത്. രണ്ട് മതിലുകൾക്കിടയിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ പുറത്തെടുക്കാൻ ഒരു വീട് തന്നെ അങ്ങ് പൊളിച്ചു കളഞ്ഞു.

ഹരിയാനയിലെ ഫത്തേഹാബാദിലെ തോഹാന മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബല്ലിയാവാലയിലെ ഒരു വീട്ടിൽ പാമ്പിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷണ സംഘം അവിടെ പറന്നെത്തി. സാധാരണ വല്ല പൊത്തിലൊക്കെയാണ് പാമ്പുകൾ കയറി ഇരിക്കാറുള്ളതെങ്കിൽ, ഇവിടെ മനുഷ്യർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത, അല്ലെങ്കിൽ പുറത്തെടുക്കാൻ സാധിക്കാത്ത ഒരിടത്താണ് പാമ്പ് ഇരുന്നത്. രണ്ട് വീടുകളുടെ ഭിത്തികൾക്കിടയിലായിരുന്നു അത് ഒളിച്ചിരുന്നത്. അതും സാദാ പാമ്പൊക്കെയാണേ പോട്ടേന്ന് വയ്ക്കാം. എന്നാൽ ഇത് സാക്ഷാൽ മൂർഖനായിരുന്നു. എങ്ങാൻ വീടിനകത്ത് കയറി ആരെയെങ്കിലും ഉപദ്രവിച്ചാൽ തീർന്നു കാര്യം.

എന്നാൽ ഭിത്തികൾ പൊളിക്കാതെ പുറത്തെടുക്കാൻ പറ്റാത്ത വിധത്തിലായിരുന്നു അതിന്റെ ഇരിപ്പ്. റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത സംരക്ഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഏതു വിധേനയും അതിനെ പുറത്തെടുക്കാൻ തീരുമാനിച്ചു. മാത്രവുമല്ല, അത് അതിനകത്ത് കിടന്ന് ചത്തുപോകുമോ എന്നും അവർ ആശങ്കപ്പെട്ടു. അതിന്റെ ജീവൻ രക്ഷിക്കാൻ അതിനെ പുറത്തെടുത്തേ മതിയാകുമായിരുന്നുള്ളൂ. വീട് പോകുന്നെങ്കിൽ പോട്ടെ ജീവനല്ലേ വലുതെന്ന് കരുതി സംഘം വീടിന്റെ ഭിത്തികൾ പൊളിക്കാൻ ആരംഭിച്ചു. മൂർഖനെ പുറത്തെടുക്കാൻ വീടിന്റെ ഒരു ഭാഗത്തെ ചുമരും മേൽക്കൂരയും അവർ തകർത്തു. ഒടുവിൽ, വീട് തകർന്ന് തരിപ്പണമായെങ്കിലും, പാമ്പിനെ ജീവനോടെ പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞു.      

പാമ്പിനെ പുറത്തെടുക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് വന്യജീവി സംരക്ഷണ സംഘം പറഞ്ഞു. ഒടുവിൽ വേറെ വഴിയില്ലാതായതോടെയാണ് വീട് പൊളിച്ച് അതിനെ പുറത്തെടുക്കാൻ തീരുമാനിച്ചതെന്ന് വന്യജീവി സംരക്ഷണ സംഘത്തിലെ അംഗമായ നവ്‌ജോത് ധില്ലൻ പറഞ്ഞു. തുടർന്ന്, വീട്ടുടമസ്ഥനിൽ നിന്ന് അനുവാദം വാങ്ങിയ സംഘം വീടിന്റെ ഒരു ഭാഗത്തെ ചുമരും മേൽക്കൂരയും പൊളിക്കുകയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിൽ എന്തായാലും പാമ്പിനെ ജീവനോടെ പുറത്തെടുക്കാൻ അവർക്ക് സാധിച്ചു. ഇതിനിടെ മൂർഖനെ കാണാൻ വൻ ജനക്കൂട്ടം തന്നെ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. വന്യജീവി സംരക്ഷണ സംഘം പിന്നീട് പാമ്പിനെ സുരക്ഷിതമായ ഒരിടത്തേക്ക് തുറന്നുവിട്ടു.  

click me!