
പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി മൈക്രോസോഫ്റ്റിലെ ഉയർന്ന പദവി ഉപപേക്ഷിച്ച് കമ്പനിയുടെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന കേശവൻ ഷണ്മുഖം. 23 വർഷത്തെ ദീർഘമായ സേവനത്തിനു ശേഷമാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലുള്ള മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കുടുംബത്തിനും സുഹൃത്തുക്കൾക്കും മുൻഗണന നൽകാനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിലൂടെ വ്യക്തമാക്കി.
മൈക്രോസോഫ്റ്റിലെ ജനപ്രിയ സേവനങ്ങളായ എക്സെൽ കോപൈലറ്റ് മറ്റ് എഐ പ്രൊജക്റ്റുകൾ എന്നിവയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് കേശവൻ ഷണ്മുഖം. ഏറെ സന്തോഷത്തോടെയും താല്പര്യത്തോടെയും ചെയ്തുവന്ന ജോലിയിൽ നിന്നും മികച്ച സഹപ്രവർത്തകരിൽ നിന്നും വിടവാങ്ങുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. എങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ മാതാപിതാക്കൾക്കൊപ്പം നിലകൊള്ളുന്നതാണ് ഏറ്റവും ശരിയായ വഴിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത്തരമൊരു മാറിയ തീരുമാനം എടുക്കാൻ എന്നെ പ്രാപ്തനാക്കിയതിന് മൈക്രോസോഫ്റ്റിനോട് ഞാൻ ആഴത്തിൽ നന്ദിയുള്ളവനാണ്. മൈക്രോസോഫ്റ്റിലെ എന്റെ യാത്ര സന്തോഷകരവും ആവേശകരവും അർത്ഥപൂർണ്ണവുമാക്കിയ മുൻകാലത്തെയും ഇപ്പോഴത്തെയും എല്ലാ സഹപ്രവർത്തകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി' കേശവൻ ഷണ്മുഖം ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ വൻ കൈയടി
കേശവൻ ഷണ്മുഖത്തിന്റെ വിരമിക്കൽ പ്രഖ്യാപനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ലിങ്ക്ഡ്ഇനിൽ, വൻ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കോർപ്പറേറ്റ് കരിയറിലെ ഉയർന്ന സ്ഥാനമാനങ്ങളേക്കാൾ സ്വന്തം കുടുംബത്തിനും മാതാപിതാക്കൾക്കും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി പ്രൊഫഷണലുകൾ രംഗത്തെത്തി.
'തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണിത്' എന്ന് ഒരാൾ കമന്റ് ചെയ്തു. 'ജീവിതത്തിൽ നിങ്ങൾ ചെയ്ത ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നായിരിക്കും ഇത്' എന്നും പലരും അഭിപ്രായപ്പെട്ടു.