ട്രംപിന് മോദി സമ്മാനിച്ച 'ജ്ഞാനികളായ മൂന്നു കുരങ്ങ'ന്മാരുടെ ചരിത്രമെന്താണ് ?

By Web TeamFirst Published Feb 24, 2020, 4:51 PM IST
Highlights

ഒരാളിൽ നിന്നും ഒരു സമ്മാനവും സ്വീകരിക്കുന്ന ശീലമില്ലാതിരുന്ന മഹാത്മാ ഗാന്ധിയുടെ പക്കൽ ഉണ്ടായിരുന്ന അപൂർവമായ ഒരു സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ അനുയായികളിൽ ആരോ സമ്മാനിച്ച മൂന്നു കുരങ്ങന്മാരുടെ ഒരു ശിൽപം. 

സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പമാണ്. ഒരാളിൽ നിന്നും ഒരു സമ്മാനവും സ്വീകരിക്കുന്ന ശീലമില്ലാതിരുന്ന മഹാത്മാ ഗാന്ധിയുടെ പക്കൽ ഉണ്ടായിരുന്ന അപൂർവമായ ഒരു സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ അനുയായികളിൽ ആരോ സമ്മാനിച്ച മൂന്നു കുരങ്ങന്മാരുടെ ഒരു ശിൽപം. അതിന്റെ സ്മരണയ്ക്ക് അതേ ആശയം പ്രകാശനം ചെയ്യുന്ന മറ്റൊരു ശില്പമാണ് ട്രംപിന് മോദി സമ്മാനിച്ചത്. 

ഏറെ പ്രസിദ്ധമാണ് ഈ ശിൽപം. ഒരു കുരങ്ങൻ തന്റെ കൈകൾ കൊണ്ട് കണ്ണുപൊത്തിയിട്ടുണ്ട്. രണ്ടാമൻ കാതും, മൂന്നാമൻ വായും പൊത്തിയിട്ടുണ്ട് കൈകളാൽ. ജപ്പാനിലെ നിക്കോയിലുള്ള തോഷോ ഗു ബുദ്ധ വിഹാരത്തിലാണ് ഇതിന്റെ ഏറ്റവും പഴയ മാതൃകകളിൽ ഒന്ന് കാണാനാവുക. ഹിദാരി ജിംഗാരോ എന്ന ശില്പി പണിതീർത്ത ഈ ശിൽപം ആ വിഹാരത്തിന്റെ പ്രവേശനകവാടത്തിനു മുകളിൽ പതിനേഴാം നൂറ്റാണ്ടുതൊട്ടേ ഉണ്ട്. അതിന്റെ ചുവട്ടിൽ " തിന്മ കാണരുത്, തിന്മ കേൾക്കരുത്, തിന്മ പറയരുത്" എന്നെഴുതിവെച്ചിട്ടുമുണ്ട് ജാപ്പനീസിൽ. 

ഈ ആശയം ചൈനയിൽ നിന്നാണ് ജപ്പാനിലേക്ക് വന്നെത്തിയത് എന്ന് കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന തെണ്ടായി ബുദ്ധിസ്റ്റ് തത്വസംഹിതകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. കൺഫ്യൂഷ്യസ് ആണ് ഈ തത്വത്തിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. BC രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലെപ്പോഴോ എഴുതപ്പെട്ട കൺഫ്യൂഷ്യസിന്റെ രചനകളിൽ ഇതിനുസമാനമായ വചനങ്ങൾ കാണാം. "ഉചിതമല്ലാത്തത് കാണരുത്, ഉചിതമല്ലാത്തത് കേൾക്കരുത്, ഉചിതമല്ലാത്തത് പറയരുത്, ഉചിതമല്ലാത്തതൊന്നും പ്രവർത്തിക്കരുത്'' ഇത് ജപ്പാനിലെത്തിയപ്പോൾ രൂപാന്തരം പ്രാപിച്ചാകും കുരങ്ങന്മാരുടെ ചോട്ടിൽ എഴുതിയ വചനമായി മാറിയത്. 

ഈ മൂന്നു കുരങ്ങന്മാർക്കും പേരുകളുമുണ്ട്. തിന്മ കാണാത്തവർ മിസാറു. തിന്മ കേൾക്കാത്തവർ കികാസാറു, തിന്മ മിണ്ടാത്തവൻ ഇവാസാറു. ജാപ്പനീസിൽ സാറു എന്നവാക്കിന്റെ അർഥം കുരങ്ങച്ചൻ എന്നാണ്. അവയെ ഒന്നിച്ച് ജാപ്പനീസിൽ സാമ്പിക്കി സാറു എന്ന് പറയും. ഷിസാറു എന്ന പേരിൽ തിന്മ പ്രവർത്തിക്കാത്ത ഒരു കുരങ്ങുകൂടി ചിലയിടത്തുണ്ടാകാറുണ്ട്. ഷിന്റോ, കൊഷിൻ മതവിഭാഗങ്ങൾക്കിടെ നിലനിൽക്കുന്ന ജീവിത ദർശനവുമായി ഈ കുരങ്ങച്ചൻമാർക്ക് കാര്യമായ ബന്ധമുണ്ട്. 

ഗാന്ധിജിയുടെ ഒന്നും സ്വന്തമായി സൂക്ഷിക്കാത്ത പ്രകൃതത്തിൽ ഒരു വിട്ടുവീഴ്ചയായി ഈ മൂന്നു കുരങ്ങന്മാരുടെ പ്രതിമകളെ കാണാവുന്നതാണ്. അവയുടെ ഒരു വലിയ രൂപം, 1915 മുതൽ 1930 വരെ ഗാന്ധിജി ജീവിച്ചിരുന്നതും ഉപ്പുസത്യാഗ്രഹയാത്രയ്ക്ക് തുടക്കം കുറിച്ചതുമായ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ കാണാവുന്നതാണ്. 'ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാര്‍' എന്ന ഇതേ പ്രതിമയാണ് 2008 -ൽ സുബോധ് ഗുപ്തയ്ക്ക് 'ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാർ'  എന്ന പ്രതിമയുണ്ടാക്കാൻ പ്രേരണയായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് പ്രതിമ സമ്മാനമായി നൽകിയ നരേന്ദ്ര മോദിയുടെ നടപടിക്ക് അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ കാണുന്നതിലും എത്രയോ വലിയ നിഗൂഢാർത്ഥമുണ്ടെന്നുവേണം കരുതാൻ. 

click me!