റിംപോച്ചെ, കാണാതായ തന്‍റെ സഹോദരനെ 60 വര്‍ഷത്തിനുശേഷം കണ്ടെത്തിയ കഥ

By Web TeamFirst Published Feb 24, 2020, 3:52 PM IST
Highlights

ഇങ്ങനെയൊരാളെ കണ്ടെത്തിയ വാർത്ത കുടുംബത്തിലെ മറ്റ് അംഗങ്ങളോട് പ്രത്യേകിച്ച് മകൻ, മകൾ, സഹോദരി എന്നിവരോട് റിംപോച്ചെ പങ്കുവച്ചു. അവരെല്ലാവരും വെളുത്ത താടിയുള്ള നിരന്തരം പുകവലിക്കുന്ന ആ സാധുവിനെ സന്ദർശിക്കുകയും ചെയ്‍തു.

നമ്മുടെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി നമ്മുടെ സഹോദരങ്ങളായിരിക്കും. മറ്റ് സുഹൃത്തുക്കൾ നമ്മെ കൈവിട്ടാലും ജീവിതകാലം മുഴുവൻ നമ്മുടെ കൈ വിടാതെ പിടിക്കുന്നവരാണ് അവർ. എല്ലാം പങ്കിട്ടും, പരസ്പരം സ്നേഹിച്ചും, ഉൾക്കൊണ്ടും, കാലത്തിന്റെ ഒഴുക്കിൽ കൂടുതൽ കെട്ടുപിണയുന്ന ഒരപൂർവ ബന്ധമാണ് അത്. ഇത് അവരുടെ കഥയാണ്. 

ബുദ്ധന്റെ 16 ശിഷ്യന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബകുലയുടെ 19 -ാമത്തെ അവതാരമാണ് കുശോക് ബകുല റിംപോച്ചെ. അദ്ദേഹം ഒരു പ്രമുഖ ബുദ്ധ സന്യാസിയും, രാഷ്ട്രതന്ത്രജ്ഞനും, അന്താരാഷ്ട്ര നയതന്ത്രജ്ഞനുമൊക്കെയാണ്. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് അദ്ദേഹത്തെ 'ആധുനിക ലഡാക്കിന്റെ ശില്‍പി' എന്നാണ് വിളിച്ചിരുന്നത്. ഇതുപക്ഷേ, അദ്ദേഹത്തിന്റെ മാത്രം കഥയല്ല. കുട്ടിക്കാലത്ത്  ഒരുമിച്ചു കളിച്ച് വളർന്ന അദ്ദേഹം പൊന്നുപോലെ സ്നേഹിച്ച അദ്ദേഹത്തിന്റെ സഹോദരന്റെയും കൂടി കഥയാണ്. 

ബകുല അർഹത്തിന്റെ 19-ാമത്തെ അവതാരമായി റിംപോച്ചെയെ തിരിച്ചറിയുമ്പോൾ, അദ്ദേഹത്തിന് ആറ് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1926 -ൽ പത്താം വയസ്സിൽ സന്യാസജീവിതത്തിനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഉന്നത പഠനത്തിനായി അദ്ദേഹത്തിന് ടിബറ്റിലേക്ക് പോകേണ്ടിവന്നു. അദ്ദേഹം തന്റെ പിതാവ് രാജ നാഗ്വ ത്യാസിനെയും മൂത്ത സഹോദരൻ താഷി നംഗ്യലിനെയും അവസാനമായി കാണുന്നത് അന്നായിരുന്നു. സ്വന്തം വീടും വീട്ടുകാരെയും ഉപേക്ഷിച്ച് പോവുക എന്നത് ഒരു പത്തു വയസ്സുകാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ആത്മീയത എന്ന മഹത്തായ ലക്ഷ്യം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ്സു വന്നില്ല. ഒടുവിൽ അദ്ദേഹം വീടും വീട്ടുകാരെയും വിട്ട് തന്റെ ദൈവകല്പിതമായ ആത്മീയതയെ സ്വീകരിക്കാൻ പുറപ്പെട്ടു. 1940 -ൽ പിതാവിന്റെ മരണത്തെത്തുടർന്ന് 14 വർഷത്തിനുശേഷം റിംപോച്ചെ ലഡാക്കിലേക്ക് മടങ്ങി. അപ്പോഴാണ് തന്റെ സഹോദരൻ ദുരൂഹമായി അപ്രത്യക്ഷനായ വിവരം അദ്ദേഹം അറിഞ്ഞത്. 

എങ്ങോട്ടാണ് അദ്ദേഹം ഇറങ്ങിപ്പോയത്? 

രണ്ടുതവണ വിവാഹിതനായ താഷി നംഗ്യലിന് ആദ്യഭാര്യയെ നഷ്ടമായത് ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്താണ്. പിന്നീട് അദ്ദേഹത്തിന് പിതാവിനെയും രണ്ടാമത്തെ ഭാര്യയെയും നഷ്ടമായി. അടിക്കടിയുള്ള തിരിച്ചടികൾ അദ്ദേഹത്തെ ആകെ തളർത്തി. തീർത്തും ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിന് ലൗകിക കാര്യങ്ങളോടുള്ള താൽപര്യം നഷ്ടമായി. അസ്വസ്ഥനായ അദ്ദേഹം തന്റെ ചുമതലകൾ നിറവേറ്റാൻ കഴിയാതെ, മകനെയും മകളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. 

അദ്ദേഹത്തെ ആർക്കും കണ്ടെത്താനായില്ല. ഇത് കുടുംബത്തെ വല്ലാതെ ഞെട്ടിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും, ഹിന്ദു സന്യാസിയായി ജീവിക്കുന്നുവെന്നുമുള്ള കിംവദന്തികൾ പരന്നെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. എന്നാൽ, ഈ കാര്യങ്ങളെല്ലാം വെച്ച് റിംപോച്ചെ തന്റെ പ്രിയപ്പെട്ട സഹോദരനെ അഞ്ച് പതിറ്റാണ്ടോളം അന്വേഷിച്ചു നടന്നു. ബാക്കി എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴും അദ്ദേഹത്തിന് മാത്രം നിരാശ തോന്നിയില്ല. ഈ കാലങ്ങളിൽ, വാരാണസിയിലെയും ഹരിദ്വാറിലെയും ഗംഗാ തീരത്തുള്ള ഘാട്ടുകളിലും അതുപോലുള്ള നിരവധി പുണ്യസ്ഥലങ്ങളിലും, തീർത്ഥാടന കേന്ദ്രങ്ങളിലും തന്റെ സഹോദരനെ അന്വേഷിച്ച് റിംം‌പോച്ചെ നടന്നു. ഒന്നിലധികം അന്വേഷണങ്ങൾ നടത്തി അവിടെയുള്ള സാധുക്കളുടെ (സന്യാസികളുടെ) ഇടയിൽ താമസിക്കുന്ന തന്റെ സഹോദരനെ കണ്ടെത്താനാകുമെന്ന് ആ അനിയൻ പ്രതീക്ഷിച്ചു.

എന്നാൽ, ഇതിനിടയിലും ഒരു സാധാരണ സന്യാസിയായി അദ്ദേഹം ഒതുങ്ങിക്കൂടിയില്ല. 1948 -ൽ പാകിസ്താൻ ആദിവാസി റെയ്ഡറുകളിൽ നിന്ന് ലഡാക്കിന്റെ പ്രതിരോധം സംഘടിപ്പിക്കാൻ സഹായിച്ചതുമുതൽ, രണ്ടുതവണ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നതുവരെ അദ്ദേഹം ലഡാക്കിലെ ജനങ്ങളെ ആധുനികതയിലേക്ക് കൊണ്ടുവരാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു. 

1985 -ൽ, റിംം‌പോചെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിക്കുമ്പോൾ, തന്‍റെ കാണാതായ സഹോദരനെപ്പോലൊരാളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ലഡാക്കി സംസാരിക്കാൻ കഴിയുന്ന ആ മനുഷ്യന്‍ ഹിമാചൽ പ്രദേശിലെ മണാലിക്ക് സമീപമുള്ള പർവത കുടിലിൽ താമസിക്കുന്ന പ്രായമായ ഒരു സന്യാസിയായിരുന്നു എന്നായിരുന്നു വിവരം. കൂടുതലറിയാനുള്ള ആകാംക്ഷയോടെ, റിംപോച്ചെ തന്റെ മാനേജർ തുപ്സ്റ്റൺ ടാർഗീസിനെ ഈ പഴയ സാധു എവിടെയാണ് താമസിക്കുന്നതെന്ന് അറിയാൻ അയച്ചു. മടങ്ങിയെത്തിയ ടാർഗീസ് റിംപോച്ചെയോട് പറഞ്ഞു, അദ്ദേഹം മണാലിക്ക് സമീപമുള്ള നെഹ്രു കുണ്ടിലാണ് താമസിക്കുന്നതെന്ന്.

“എന്നാൽ, ആ മനുഷ്യന്‍ ആരോടും തുറന്നു സംസാരിക്കാത്തതുകൊണ്ടുതന്നെ അതെന്‍റെ സഹോദരനാണോയെന്ന നിഗമനത്തിലെത്താന്‍ എനിക്ക് പ്രയാസമായിരുന്നു. ബാബ ആരുമായും യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല, മാത്രമല്ല സന്ദർശകരോട് താൻ ആരാണെന്ന് പറയാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ഇടയ്ക്കിടെ, താൻ ലഡാക്കിൽ നിന്നുള്ളയാളാണെന്ന് മാത്രം അദ്ദേഹം സമ്മതിക്കും. ബാബയ്ക്ക് ലഡാകി മനസ്സിലാക്കാൻ കഴിയുമെന്നും വ്യക്തമായിരുന്നു. ഏറ്റവും രസകരമായ കാര്യം, ലഡാക്കിന്റെ ചരിത്രത്തിലെ ചില ആളുകളെയും പ്രത്യേക സംഭവങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു, അദ്ദേഹം റിംപോച്ചെയുടെ സഹോദരനാകാമെന്ന് എനിക്ക് തോന്നി” അക്കാലത്ത് റിംപോച്ചെയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന സോനം വാങ്‌ചുക്ക് പറയുന്നു.

ഇങ്ങനെയൊരാളെ കണ്ടെത്തിയ വാർത്ത കുടുംബത്തിലെ മറ്റ് അംഗങ്ങളോട് പ്രത്യേകിച്ച് മകൻ, മകൾ, സഹോദരി എന്നിവരോട് റിംപോച്ചെ പങ്കുവച്ചു. അവരെല്ലാവരും വെളുത്ത താടിയുള്ള നിരന്തരം പുകവലിക്കുന്ന ആ സാധുവിനെ സന്ദർശിക്കുകയും ചെയ്‍തു. ആ മനുഷ്യൻ യഥാർത്ഥത്തിൽ രാജ താഷി നംഗ്യാൽ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പക്ഷേ, ഇത്രയൊക്കെയായിട്ടും, സാധു സ്വയം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. തന്റെ സഹോദരനാണ് അതെന്ന് ബോധ്യപ്പെട്ട റിംപോച്ചെ, അദ്ദേഹത്തെ നേരിട്ട് കാണാൻ തന്നെ തീരുമാനിച്ചു. 1986 -ലെ ഒരു തണുത്ത ശരത്കാല പ്രഭാതത്തിൽ മണാലിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള നെഹ്‌റു കുണ്ടിലെത്തിയ റിംപോച്ചെ സാധു താമസിച്ചിരുന്ന കുടിലിലേക്ക് പോയി. 

ആദ്യം, റിംപോച്ചെ തന്റെ ഒപ്പമുണ്ടായിരുന്ന വാങ്‌ചുക്കിനോട് കുടിലിൽ സന്ദർശിക്കാനും സാധുവിനോട് തന്റെ സന്ദർശനത്തെക്കുറിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു. വാങ്‌ചുക്ക് സാധുവിനോട് അത് പറഞ്ഞപ്പോൾ, ആദ്യം അത്ഭുതപ്പെടുകയും, പെട്ടെന്നുതന്നെ സന്തോഷം കൊണ്ട് മതിമറക്കുകയും ചെയ്തു. റിംപോച്ചെയെ കുടിലിലേക്ക് ക്ഷണിക്കുന്നതിനുമുമ്പ്, വാങ്‌ചുക്കിനോട് സ്ഥലം വൃത്തിയാക്കാനും തണുപ്പകറ്റാൻ വിറക് കത്തിക്കാനും സാധു ആവശ്യപ്പെട്ടു. 

എല്ലാ ലൗകിക ബന്ധങ്ങളും ഉപേക്ഷിച്ച് 60 വർഷം ആത്മീയതയിൽ കഴിഞ്ഞ സാധു തന്റെ പൂർവ്വാശ്രമത്തെ കുറിച്ച് ആരോടും ഒന്നും വെളുപ്പെടുത്തിയിരുന്നില്ല. അതേസമയം, തന്റെ പ്രിയപ്പെട്ട അനിയനെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ നംഗ്യാലിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഓടിച്ചെന്ന് അദ്ദേഹം തന്റെ അനിയനെ മുറുക്കെ കെട്ടിപ്പിടിച്ചു. ഇരുവരുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അവർ രണ്ടുപേരും വ്യത്യസ്ത രീതികളിൽ, ആത്മീയതയുടെ പാത പിന്തുടരാൻ ലോകത്തെയും കുടുംബത്തെയും ത്യജിച്ചവരാണ്. എന്നാൽ, വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അത്രയും നാൾ ഹൃദയത്തിൽ സൂക്ഷിച്ച പരസ്പര സ്നേഹം കണ്ണീരിൽ കുതിർന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. 

ഇരുവരും അവരുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു. സംഭാഷണത്തിനിടയിൽ, ചേട്ടൻ പുല്ലാങ്കുഴൽ എടുത്ത് രാഗങ്ങൾ വായിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ 60 വർഷങ്ങളായി ആ ജ്യേഷ്‌ഠൻ ജീവനെ പോലെ സൂക്ഷിച്ചു കൊണ്ട് നടന്ന ഒരു സ്വത്തുണ്ടായിരുന്നു. സാധുവിന്റെ കൈയിലെ ഏക നിധി. അദ്ദേഹം അത് സ്നേഹത്തോടെ തന്റെ അനിയന് കാണിച്ചു കൊടുത്തു. കുഞ്ഞായ റിംപോച്ചെയുടെ ഫോട്ടോയായിരുന്നു  അത്. "നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു" ആ ചേട്ടൻ വാത്സല്യത്തോടെ പറഞ്ഞു. സംഭാഷണത്തിന്റെ അവസാനം, ലഡാക്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് റിംപോച്ചെ ചോദിച്ചു. തന്റെ ലക്ഷ്മൺ തന്നോടൊപ്പം വരുമെങ്കിൽ പോകാം എന്നായിരുന്നു സാധുവിന്റെ മറുപടി. റിംപോച്ചെ അതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.   

2003 -ലെ ശരത്കാലത്ത് നംഗ്യാലിൻ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് നൂറുവയസ്സായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം റിംപോച്ചെയും  അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 86 വയസ്സും. രാജകുടുംബത്തിൽ ജനിച്ചെങ്കിലും, രണ്ടു സഹോദരന്മാരും സുഖപ്രദമായ ആ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. ഒരാൾ ജനങ്ങളെ സേവിക്കാൻ തുനിഞ്ഞപ്പോൾ, മറ്റൊരാൾ സ്വന്തം ആത്മീയാന്വേഷണത്തിൽ മുഴുകി. 60 വർഷത്തിനുശേഷം വിധി വേർപെടുത്തിയ സഹോദരന്മാർ വീണ്ടും ഒന്നിച്ചു. എല്ലാം ബന്ധങ്ങളും, സുഖങ്ങളും ത്യജിച്ച അവർക്ക് ഉപേക്ഷിക്കാൻ കഴിയാത്തതായി ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പരസ്പര സ്നേഹം.  

click me!