മാംസം, ചിക്കൻ, മത്സ്യം, പാസ്ത, വെണ്ണ, പാൽ....; തിഹാർ ജയിലിലെ മെനു മാറ്റണമെന്ന് രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായ യുഎസ് പൗരൻ

Published : Jul 10, 2026, 08:38 AM IST
Matthew VanDyke

Synopsis

രാജ്യവിരുദ്ധ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത യുഎസ് പൗരൻ മാത്യു വാൻഡൈക്ക്, ജയിലിലെ ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ സ്വന്തമായി അടുക്കള വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എരിവും എണ്ണയും നിറഞ്ഞ ഭക്ഷണം കാരണം 50 ദിവസത്തോളം പട്ടിണി കിടന്നെന്നും 14 കിലോ ഭാരം കുറഞ്ഞെന്നും ഇയാൾ ഹർജിയിൽ പറയുന്നു.

 

കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും മ്യാന്മാറിലും രാജ്യവിരുദ്ധ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത യുഎസ് പൗരൻ, ജയിലിലെ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലെന്നും സ്വന്തമായി ഒരു അടുക്കള അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ. മാനുഷിക പരിഗണനകൾ ചൂണ്ടിക്കാട്ടി ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവാദിക്കണമെന്നും എരിവും എണ്ണയും കാരണം 50 ദിവസത്തോളം പട്ടിണി കിടക്കേണ്ടിവന്നെന്നും ചൂണ്ടിക്കാട്ടി മാത്യു വാൻഡൈ ദില്ലി കോടതിയെ സമീപിച്ചു.

വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം

അസം, മിസോറാം, മ്യാൻമർ എന്നിവിടങ്ങൾ സന്ദ‍ർശിച്ചിരുന്ന മാത്യു ആരോൺ വാൻഡൈക്ക് കൂലിപട്ടാളക്കാരനാണെന്ന് സംശയിക്കുന്നു. ഇയാൾ കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും ആയുധങ്ങളും കൈമാറിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. മാർച്ച് 13 -ന് കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചാണ് തീവ്രവാദ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വാൻഡൈക്കിനെയും ആറ് യുക്രൈൻകാരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇവരെന്ന് എൻഐഎ പറഞ്ഞു. പ്രതികൾ നിരോധിത രാജ്യവിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായും അവർക്ക് ആയുധങ്ങളും മറ്റ് തീവ്രവാദ ഹാർഡ്‌വെയറുകളും നൽകുകയും അവ പരിശീലിപ്പിക്കുകയും ചെയ്തതായും എൻഐഎ പറയുന്നു. എകെ 47 റൈഫിളുകൾ വഹിച്ച സായുധരായ തീവ്രവാദികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും ഏജൻസി കോടതിയിൽ അറിയിച്ചിരുന്നു.

 

 

'പട്ടിണിയിലാണ്, സ്റ്റാമിന നിലനിർത്തണം'

അതേസമയം തിഹാർ ജയിലിലെ ഭക്ഷണക്രമം കാരണം 50 ദിവസമായി പട്ടിണി കിടന്ന് 14 കിലോയോളം ഭാരം കുറഞ്ഞെന്ന് മാത്യു ആരോൺ വാൻഡൈക്ക്, ദില്ലി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമ്മയ്ക്ക് മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജയിലിൽ വിളമ്പുന്ന എരിവുള്ളതും എണ്ണയിൽ വറുത്തതും എണ്ണമയം കൂടിയ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലെന്നും മെയ് 6 മുതൽ താൻ നിരാഹാര സമരം നടത്തുകയാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. പോഷകാഹാരക്കുറവ് മൂലം കാഴ്ച കുറഞ്ഞു. സ്റ്റാമിന, പ്രതിരോധശേഷി എന്നിവയിൽ ഗണ്യമായ കുറവുണ്ടായി. മാനുഷിക പരിഗണന കാണിക്കണമെന്നും കസ്റ്റഡിയിൽ കിടക്കുന്ന സമയത്ത് ആരോഗ്യം സംരക്ഷിക്കാൻ അനുവദിക്കണമെന്നും മാത്യുവിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ഭക്ഷണത്തിന്‍റെയും പാചക ഉപകരണങ്ങളുടെയും മുഴുവൻ ചെലവും വാൻഡൈക്കിന്‍റെ കുടുംബം വഹിക്കാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു. ജയിൽ അധികൃതരിൽ നിന്നും മറുപടി തേടിയ കേടതി കേസ് ജൂലൈ 21-ലേക്ക് വാദം കേൾക്കാൻ മാറ്റി.

ആവശ്യമുള്ള സാധനങ്ങൾ

പയർ, ചുവന്ന മാംസം, ചിക്കൻ, മത്സ്യം (ചെമ്മീൻ), പാസ്ത, വേവിക്കാത്ത നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ്, സുഗന്ധവ്യഞ്ജനങ്ങൾ, ബ്രെഡ്, വെണ്ണ, ഒലിവ് ഓയിൽ, ടോൺഡ് മിൽക്ക്, സോയ പാൽ, കുപ്പിവെള്ളം എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനാണ് മാത്യു വാൻഡൈക്ക് കോടതിയുടെ അനുമതി തേടിയത്. ഒപ്പം സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ ഇൻഡക്ഷൻ കുക്കർ, കലങ്ങൾ, പാത്രങ്ങ എന്നിവ വേണമെന്നും മാത്യും അപേക്ഷയിൽ പറയുന്നു.

14 പേരിൽ ഏഴ് പേർ അറസ്റ്റിൽ

14 യുക്രൈനിയക്കാരടങ്ങുന്ന സംഘം ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി ഗുവാഹത്തിയിലേക്കും പിന്നീട് മിസോറാമിലേക്കും പോയി. അവിടെ നിന്നും പെർമിറ്റില്ലാതെ നിയമവിരുദ്ധമായി സംഘം മ്യാൻമറിലേക്ക് കടന്നു, അവിടെ വച്ച് വംശീയ സായുധ സംഘടനകൾക്ക് പരിശീലനം നൽകി. ഇത്തരം വിമത സൈനീക ഗ്രൂപ്പുകളെ യൂറോപ്പിലുള്ള സംഘങ്ങൾക്ക് ബന്ധപ്പെടുത്തി. ഇവർ എകെ 47, ഡ്രോൺ എന്നിവയിൽ പരിശീലനം നൽകുകയും ആയുധക്കൈമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. രാജ്യവിരുദ്ധ സംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ മാർച്ചിൽ സംഘാംഗങ്ങൾ തിരിച്ച് പോകുന്ന വഴി കൊൽക്കത്ത എയർപോർട്ടിൽ വച്ച് ആറ് പേരെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കോർപ്പറേറ്റ് ജോലി ഇനി വേണ്ടേ വേണ്ട, സ്വന്തം ബിസിനസ്, മാസം 1.8 ലക്ഷം രൂപ വരുമാനം, ടിപ്സുമായി യുവാവ്
12 സ്ത്രീകളെയും 3 പുരുഷന്മാരെയും മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി; ഡോക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ജർമ്മൻ കോടതി