
ഇന്ത്യയിൽ പൗരത്വ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പലരുടെയും പൗരത്വം എടുത്ത് കളയുകയും മറ്റ് ചിലർക്ക് നൽകുകയും ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ത്യയിൽ എസ്ഐആർ വിവാദങ്ങൾ സജീവമായ സമയത്താണ് വിചിത്രമായൊരു കേസ് യുഎസിൽ നിന്നും പുറത്ത് വന്നത്. പൗരനാണെന്ന് തെറ്റായി അവകാശപ്പെട്ട ഒരു ഇന്ത്യൻ വംശജൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെതെന്നായിരുന്നു ആ കേസ്. കേസിനിടെ കോടതിയിൽ നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വാദങ്ങൾ സമർപ്പിച്ച മൂന്ന് അഭിഭാഷകർക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ഫെഡറൽ ജഡ്ജി രംഗത്തെത്തി. ഇന്ത്യൻ വംശജനായ പ്രതിയുടെ കേസിൽ സമർപ്പിച്ച ഹർജികളെയാണ് ജഡ്ജി മാർക്ക് പിറ്റ്മാൻ 'ബ്ലാറ്റന്റ് എഐ സ്ലോപ്പ്' (വ്യക്തമായ എഐ ചവറ്) എന്ന് വിശേഷിപ്പിച്ചത്. അഭിഭാഷകർക്കെതിരെ നടപടിയുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
70 -കാരനായ ഖൽവിന്ദർ സിങ് ഭേംഗുരയെ അമേരിക്കൻ പൗരനാണെന്ന് തെറ്റായി അവകാശപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുകയും 2024 -ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയും ചെയ്ത കേസിൽ ഒക്ടോബർ 27 -നാണ് കുറ്റക്കാരനായി കണ്ടെത്തിയത്. അമേരിക്കയിൽ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുള്ളയാളാണ് അദ്ദേഹം.
A federal judge chastised attorneys representing a noncitizen convicted of voting in a federal election for using artificial intelligence in a motion to release their client from detention pending sentencing. https://t.co/oB4ZgdoFWS
— Bloomberg Law (@BLaw) November 5, 2026
ശിക്ഷാവിധിക്ക് മുമ്പ് കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മരിയോ ഹെറേര, നിക്കോൾ നോക്സ്, വിൻസെന്റ് റെനെ കാരിസാലസ് എന്നിവർ കോടതിയെ സമീപിച്ചു. ശിക്ഷാനിർദേശങ്ങൾ പ്രകാരം പൂജ്യം മുതൽ ആറുമാസം വരെയാണ് തടവുശിക്ഷ ലഭിക്കാവുന്നതെന്നായിരുന്നു ഇവരുടെ വാദം. ഹർജിയുടെ ചില ഭാഗങ്ങൾ ജനറേറ്റീവ് എഐയുടെ സഹായത്തോടെ തയ്യാറാക്കിയതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, നിയമവ്യവസ്ഥയെക്കുറിച്ചുള്ള അഭിഭാഷകരുടെ വ്യാഖ്യാനം തീർത്തും തെറ്റാണെന്ന് ജഡ്ജി വിമർശിച്ചു. എഐയെ ആശ്രയിച്ച് ഹർജികൾ തയ്യാറാക്കുന്നത് ഉത്തരവാദിത്വമില്ലാത്ത നിയമപ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ചാറ്റ്ജിപിടി ഉപയോഗിച്ചുള്ള പ്രതിരോധം' നേരിടേണ്ടിവരുന്ന പ്രോസിക്യൂട്ടർമാരോട് സഹതാപമുണ്ടെന്നും ജഡ്ജി പറഞ്ഞു.
ആവശ്യമില്ലാത്ത ഹർജികൾ ഇനിയും സമർപ്പിച്ചാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നോർത്ത് ടെക്സസിൽ അഭിഭാഷകവൃത്തി നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്താമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ എഐ ഉപയോഗിച്ചത് കോടതി ചട്ടങ്ങളുടെ ലംഘനമല്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. ഹർജികൾ തങ്ങൾ പരിശോധിച്ച് അന്തിമമാക്കിയതാണെന്നും അവർ വിശദീകരിച്ചു. ഭേംഗുരയുടെ ശിക്ഷാവിധി 2027 ഫെബ്രുവരി 11 -നാണ് നിശ്ചയിച്ചിരിക്കുന്നത്.