കാറില്‍ വരാനുള്ള ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ രണ്ടു വയസ്സുള്ള മകൾക്ക് ട്രെയിൻ യാത്ര ഒരു നല്ല അനുഭവമായിരിക്കുമെന്നും ഇവർ കരുതി. അങ്ങനെയാണ് ട്രെയിനിന് ടിക്കറ്റ് എടുക്കുന്നത്.
പലപ്പോഴും ആഘോഷസമയങ്ങളിൽ ഇന്ത്യയിലെ ട്രെയിനിലെ തിരക്ക് അല്പം കഠിനമാണ്. അതോടൊപ്പം ട്രെയിൻ വൈകുകയും ചെയ്താൽ പറയേണ്ട അല്ലേ? അതുപോലെ, ദീപാവലി ആഘോഷങ്ങൾക്കായി കുടുംബത്തോടൊപ്പം നടത്തിയ ട്രെയിൻ യാത്ര എട്ടു മണിക്കൂറോളം വൈകിയതിനെ തുടർന്ന് ഒരു സി.ഇ.ഒ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഡോറിൽ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്ത അനുഭവമാണ് വൈഭവ് ജെയിൻ എന്ന യുവാവ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തത്.
ഫെസ്റ്റിവൽ സീസണിൽ വിമാനത്തിന്റെ നിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്നാണ് വൈഭവ് ജെയിനും കുടുംബവും ഇൻഡോർ - ലഖ്നൗ മഹാകാൽ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. കാറില്‍ വരാനുള്ള ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ രണ്ടു വയസ്സുള്ള മകൾക്ക് ട്രെയിൻ യാത്ര ഒരു നല്ല അനുഭവമായിരിക്കുമെന്നും ഇവർ കരുതി. അങ്ങനെയാണ് ട്രെയിനിന് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ, ഏകദേശം 14 മണിക്കൂർ കൊണ്ട് പൂർത്തിയാകേണ്ട യാത്ര 7.5 മണിക്കൂറിലധികം വൈകിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
വിമാനയാത്രയ്ക്ക് പകരം ട്രെയിനുകളിലേക്ക് ആളുകളെ ആകർഷിക്കാൻ പിന്നെങ്ങനെ റെയിൽവേയ്ക്ക് കഴിയുമെന്നും യുവാവ് ചോദിക്കുന്നു.
വൈഭവിന്റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ അതിന് കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. മഹാകാൽ എക്സ്പ്രസ് യാത്ര ആരംഭിച്ചപ്പോൾ തന്നെ 6 മണിക്കൂറോളം വൈകിയിരുന്നതായും, സർവീസ് തുടങ്ങിയ ശേഷം 2.5 മണിക്കൂർ മാത്രമാണ് വൈകിയതെന്നും ചിലർ കമന്റ് ചെയ്തു. ദുരന്തോ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ ഇതിലും 10 മണിക്കൂറിലധികം വൈകാറുണ്ടെന്നായിരുന്നു മറ്റ് ചിലർ പരിഹാസത്തോടെ കുറിച്ചത്.















