'ഇനി യുഎസിലേക്കൊരു തിരിച്ച് വരവില്ല'; മോഷണത്തിനിടെ പിടിക്കപ്പെട്ട ഗുജറാത്തി യുവതിയോട് യുഎസ് പോലീസ്, വീഡിയോ

Published : Sep 08, 2025, 05:54 PM IST
Gujarati woman caught during the theft in us targetshopping

Synopsis

യുഎസ് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി വിറച്ച് കൊണ്ട് ഉത്തരം പറയാന്‍ പോലും ബുദ്ധിമുട്ടുന്നു. കൈകൂപ്പി കരഞ്ഞ് കൊണ്ട് ഒരു മൂലയില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. 

 

യുഎസിലെ ഒരു ടാർഗറ്റ് സ്റ്റോറില്‍ നിന്നും സാധനങ്ങളുമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി സംസാരിക്കുന്ന സ്ത്രീ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും സാധനങ്ങൾ മോഷ്ടിക്കാന്‍ ശ്രമിച്ചത് മറിച്ച് വില്‍ക്കാനാണെന്നും പോലീസിനോട് സമ്മതിച്ചു. ഇവരെ ചോദ്യം ചെയ്യുന്ന ബോഡിക്യാം ദൃശ്യങ്ങൾ പോലീസ് തന്നെയാണ് പുറത്ത് വിട്ടത്. രണ്ട് മാസം മുമ്പും സമാനമായൊരു കേസ് യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും മോഷണം നടത്തിയതിന് ഒരു ഇന്ത്യക്കാരിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവം.

യുഎസ് പോലീസിന്‍റെ ബോഡിക്യാം ദൃശ്യങ്ങളില്‍ പോലീസ് ചോദ്യം ചെയ്യുമ്പോൾ യുവതി കരയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും കാണാം. ഇവര്‍ പോലീസിനോട് കൈകൂപ്പി കരഞ്ഞ് കൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുമ്പോൾ ഗുജറാത്തില്‍ നിന്നാണെന്നും അതെവിടെയാണെന്ന് ചോദിക്കുമ്പോൾ ഇന്ത്യയിലാണെന്നും ഇവര്‍ വിക്കിവിക്കി ഉത്തരം പറയുന്നു.

ജനുവരി 15 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സെപ്തംബര്‍ നാലിനാണ് പോലീസ് യൂട്യൂബിലൂടെ പുറത്ത് വിടുന്നത്. യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ഇവര്‍ ടാർഗറ്റ് സ്റ്റോറിൽ നിന്നും ഒരു ട്രോളി നിറച്ചും സാധനങ്ങളുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതും ഇതിനിടെ ഇവരോട് നില്‍ക്കാന്‍ പറയുന്നതും കേൾക്കാം. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍, വിറച്ച് കൊണ്ട് പാതി മുറിഞ്ഞ വാക്കുകളിലൂടെയാണ് അവര്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അവരുടെ വാക്കുകൾ പുറത്ത് വരുന്നില്ല. പോലീസ് യുവതിയോട് ദീർഘ ശ്വാസമെടുക്കാനും ശാന്തയാകാനും ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം.

ഇംഗ്ലീഷ് സംസാരിക്കുമോ എന്ന ചോദ്യത്തിന്, "അത്ര നല്ലതല്ല" എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് പോലീസ് അവരുടെ മാതൃഭാഷയെ കുറിച്ച് ചോദിച്ചു, അത് ഗുജറാത്തിയാണെന്ന് അവർ പറയുന്നു. അതെവിടെ എന്ന് ചോദിക്കുമ്പോഴാണ് ഇന്ത്യയെന്ന് യുവതി പ്രതികരിച്ചത്. തുടർന്ന് അവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് പോലീസ് ചോദിക്കുന്നു. മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുമ്പോഴും കരച്ചിൽ മാത്രമായിരുന്നു പ്രതികരണം. പിന്നീട് ചില സാധനങ്ങൾ മറിച്ച് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ വിവരങ്ങൾ നല്‍കിയാൽ ജയിലില്‍ കൊണ്ട് പോകില്ലെന്നും എന്നാല്‍ കോടതിയില്‍ പോകേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ കടയിലെ ഒരു സ്ഥിരം ഉപഭോക്താവാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങൾ ചെയ്തവരെ നാടുകടത്തുമെന്നും പിന്നീടൊരിക്കലും യുഎസിലേക്ക് തിരിച്ച് വരാന്‍ പറ്റില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. പിന്നാലെ അവരോട് പോയിക്കോളാന്‍ പോലീസ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ ഇത്തരത്തിലുള്ള ഒന്നോ രണ്ടോ പേരാണ് ഇന്ത്യക്കാരെ മൊത്തം ചീത്ത കേൾപ്പിക്കുന്നതെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നത് ഇത്തരം കാര്യങ്ങൾ കൊണ്ടാണെന്നും നിരവധി പേരാണ് എഴുതിയത്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി