
പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് ഇനിയും ഇന്ത്യക്കാർ പഠിച്ചിട്ടില്ലെന്നാണ് സഞ്ചാരികളായി എത്തുന്ന വിദേശികളും സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്. അതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങളുമുണ്ട്. അത്തരമൊരു കാരണം ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശിനി എഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. സഹയാത്രക്കാരുടെ പെരുമാറ്റം പലപ്പോഴും അസഹനീയമാണെന്നായിരുന്നു യുവതിയുടെ കുറിപ്പ്. തനിക്ക് ദില്ലി മെട്രോ യാത്രയിൽ നേരിടേണ്ടിവന്ന ഒരു അനുഭവത്തെ കുറിച്ചായിരുന്നു യുവതി എഴുതിയത്.
തിരക്കേറിയ മെട്രോ ട്രെയിനുകളിൽ ചിലരുടെ പെരുമാറ്റം തീർത്തും അസ്വസ്ഥതയുണ്ടാക്കുന്നതും അരോചകവുമാണെന്നും യുവതി കുറിച്ചു. മറ്റ് യാത്രക്കാർക്ക് ഒരു ബഹുമാനവും നൽകാതെ തിരക്കേറിയ തികച്ചും അസ്വസ്ഥമായ ഒരു അന്തരീക്ഷത്തിൽ ഉച്ചത്തിൽ റീലുകൾ കാണുന്ന യാത്രക്കാരെ കുറിച്ചായിരുന്നു അനന്യ ഗുപ്ത എന്ന ബെംഗളൂരു സ്വദേശി കുറിച്ചത്. താൻ ദില്ലി മെട്രോയിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് ഇരുന്ന ഒരാൾ വലിയ ശബ്ദത്തിൽ റീൽസ് കാണാൻ ആരംഭിച്ചു. ഇത് പൊതു ഇടമാണെന്നും അല്പം ശബ്ദം കുറയ്ക്കാനും താൻ അയാളോട് ആവശ്യപ്പെട്ടു. അയാൾ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്‍റെ ശബ്ദം കുറച്ചു. എന്നാൽ. തൊട്ട് അടുത്ത സ്റ്റേഷനിൽ നിന്നും മറ്റൊരാൾ കയറി തന്‍റെ തൊട്ട് അടുത്തിരുന്നു. പിന്നാലെ അയാളും അത് തന്നെ ചെയ്തു. താന്‍ ഒന്നും പറയാൻ പോയില്ലെന്നു അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിരവധി പേരാണ് അനന്യയുടെ കുറിപ്പിന് മറുകുറിപ്പുമായെത്തിയത്. നിരവധി പേർ തങ്ങളുടെ യാത്രകളിലുണ്ടായ സമാനമായ അനുഭവങ്ങളുമായെത്തി. ഒരിക്കൽ ജപ്പാനിലെ ഒരു മെട്രോ യാത്രയ്ക്കിടെ തന്‍റെ ഫോണ്‍ റിംഗ് ചെയ്തപ്പോൾ മറ്റ് യാത്രക്കാർ തന്നെ ഒരു കൊലപാതകിയെ പോലെയോ അതിലും മോശമായോ തുറിച്ച് നോക്കിയെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. ആളുകൾക്ക് അവരുടെ സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് ബോധമില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ ചോദ്യം.