കടുത്ത ചൂടിലും വീട്ടുപടിക്കൽ ആവശ്യപ്പെട്ട ഭക്ഷണവുമായെത്തുന്ന ഡെലിവറി തൊഴിലാളികൾക്കായി യുവാവിന്‍റെ കരുതൽ, കുറിപ്പ് വൈറൽ

Published : Dec 24, 2025, 02:23 PM IST
Food Delivery workers

Synopsis

കനത്ത ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികൾക്കായി വിനീത് എന്ന യുവാവ് തന്‍റെ വീടിന് മുന്നിൽ കുടിവെള്ളം കരുതിവെക്കുന്നു. 2022-ൽ തുടങ്ങിയ ഈ ചെറിയ സഹായം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും നിരവധി പേർക്ക് പ്രചോദനമാവുകയും ചെയ്തു. 

ഹോം ഡെലിവറിയുടെ കാലമാണ്. ഭക്ഷണമോ വസ്ത്രമോ എന്തുമാകട്ടെ നമുക്ക് ആവശ്യമുള്ളതെല്ലാം ഓർഡർ ചെയ്ത് വീട്ടിലേക്ക് എത്തിക്കുന്നു. എന്നാൽ, കനത്ത വേനൽ ചൂടിലും പെരുമഴയെത്തും എല്ലാം സാധനങ്ങളുമായി നമ്മുടെ വീട്ടുപടിക്കലെത്തുന്ന ഡെലിവറി തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് നമ്മളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ അങ്ങനെയൊരു ചിന്തയെ തുടർന്ന് കഠിനമായ ചൂടിലും ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളെ സഹായിക്കാൻ ഒരു യുവാവ് നടത്തുന്ന കൊച്ചു ശ്രമം സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടി നേടി.

ഒരു കുപ്പി വെള്ളം, വലിയൊരു കരുതൽ

വിനീത് കെ എന്ന യുവാവാണ് 2022 മുതൽ താൻ പിന്തുടരുന്ന ഈ ശീലം തുറന്നു പറഞ്ഞത്. തന്‍റെ വീടിന് മുന്നിലൂടെ പോകുന്ന ഡെലിവറി പങ്കാളികൾക്കും മറ്റ് തൊഴിലാളികൾക്കും ആരോടും ചോദിക്കാതെ തന്നെ ദാഹമകറ്റാനായി കുടിവെള്ള കുപ്പികൾ കരുതിവെക്കുകയാണ് ഇദ്ദേഹം. ഓരോ വർഷവും ഏകദേശം 1,500 രൂപ ചെലവഴിച്ച് 300-ഓളം കുപ്പി വെള്ളമാണ് വിനീത് ഇത്തരത്തിൽ വാങ്ങുന്നത്. ഇതൊരു ചെറിയ കാര്യമായിരിക്കാം പക്ഷേ, തങ്ങളെ പരിഗണിക്കാൻ ഒരാളുണ്ടെന്നത് വലിയ കാര്യമാണെന്ന് പല ഡെലിവറി തൊഴിലാളികളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിനീത് സമൂഹ മാധ്യമത്തിൽ കുറിച്ചു.

 

 

അഭിനന്ദിച്ച് നെറ്റിസെൻസ്

വിനീത് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരോട് അദ്ദേഹം കാണിച്ച കരുതലിനെ പലരും അഭിനന്ദിച്ചു. മൺപാത്രങ്ങളിൽ വെള്ളം വെക്കുന്നവരും മോരും വെള്ളം നൽകുന്നവരും തങ്ങളുടെ അനുഭവങ്ങൾ കമന്‍റുകളിലൂടെ എഴുതി. വിനീതിന്‍റെ നല്ല മാതൃക പിന്തുടർന്ന് തങ്ങളും തൊഴിലാളികൾക്ക് വെള്ളം നൽകാൻ തീരുമാനിച്ചതായി ചിലർ വെളിപ്പെടുത്തി. പോസ്റ്റ് പങ്കുവെച്ച് വെറും ഒരു ദിവസം പിന്നിട്ടപ്പോൾ നാല് ലക്ഷത്തിന് മേലെ ആളുകൾ കുറിപ്പ് വായിച്ചു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ചു. സാധാരണക്കാരായ തൊഴിലാളികളോട് സമൂഹത്തിന് എങ്ങനെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കാം എന്നതിന് ഒരു ഉദാഹരണമായി ഈ സംഭവം.

 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്മസ് പ്ലാനൊക്കെ റെഡിയല്ലേ? ഈ ക്രിസ്മസ് ആഘോഷങ്ങളിൽ തിളങ്ങാൻ ഇതാ 4 കിടിലൻ മേക്കപ്പ് ലുക്കുകൾ!
ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ജെന്നി; സിയോളിലെ പുരസ്കാര വേദിയിൽ തിളങ്ങിയ 'ഹോബെയ്ക' ഗൗണിന്റെ വിശേഷങ്ങൾ