
വിശാഖപട്ടണത്ത് കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റന്‍ പെരുമ്പാമ്പ്. അരിലോവ ക്രാന്തി നഗറിൽ അടുത്തിടെയുണ്ടായ സംഭവം പ്രദേശവാസികളില്‍ ഭയം ജനിപ്പിച്ചു. ആദ്യമായാണ് പ്രദേശത്ത് ഇത്രയും വലിയൊരു പാമ്പിനെ കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് വീട്ടുകാരും ഭയന്നു. ഉടനെ പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയും അവര്‍ നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പെരുമ്പാമ്പുകളെ ജനവാസ മേഖലയില്‍ സാധാരണ കാണാറില്ലാത്തതാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കുത്തിയൊഴുകിയ മഴ വെള്ളത്തില്‍ ഒലിച്ച് വന്നതാകാം പെരുമ്പാമ്പെന്ന് കരുതുന്നു. പാമ്പിന്‍റെ വലിപ്പം നാട്ടുകാരെയും ആശങ്കയിലാക്കി. ഓടയിലൂടെ ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ വഴിയാത്രക്കാരനാണ് കണ്ടത്. പിന്നാലെ പാമ്പ് പിടിത്തക്കാരുടെ സഹായത്തോടെ അവനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
എന്നാല്‍ ഓടയിലൂടെ മുന്നോട്ട് നീങ്ങിയ പാമ്പിനെ പുറത്തേക്ക് വലിച്ചിടുക അത്ര എളുപ്പമായിരുന്നില്ല. ഇതോടെ നിരവധി പേര്‍ ചേര്‍ന്ന് പാമ്പിന്‍റെ വാലില്‍ പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകൾ വടികളും വലിയ പ്ലാസ്റ്റിക് കവറുകളുമായി നില്‍ക്കുന്നതും കാണാം. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ ഓടയില്‍ നിന്നും പുറത്തെടുത്തു. പിന്നീട് ഇതിനെ സുരക്ഷിതമായി കാട്ടിലേക്ക് തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
മഴക്കാലത്ത് ഗ്രാമ - നഗരങ്ങളിലെ താമസക്കാര്‍ ഒരു പോലെ ജാഗ്രത പാലിക്കണമെന്നും, പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാന്‍ അടുത്തേക്ക് പോകരുതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിർദ്ദേശിച്ചു. സ്വന്തം നിലയില്‍ പാമ്പുകളെ പിടികൂടരുതെന്നും പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.